Connect with us

National

ഒഡീഷയിലെ കട്ടക്കില്‍ എസ് സി ബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം; പത്ത് രോഗികള്‍ മരിച്ചു

ആശുപത്രി ജീവനക്കാരായ 11 പേര്‍ക്ക് പൊള്ളലേറ്റു. മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം വീതം നഷ്ടപരിഹാരം. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി.

Published

|

Last Updated

ന്യൂഡല്‍ഹി | ഒഡീഷയിലെ കട്ടക്കില്‍ എസ് സി ബി മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 10 രോഗികള്‍ക്ക് ദാരുണാന്ത്യം. ആശുപത്രി ജീവനക്കാരായ 11 പേര്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയിലെ ട്രോമ കെയര്‍ ഐ സി യുവിലാണ് തീപിടിത്തമുണ്ടായത്.

രോഗികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ജീവനക്കാര്‍ക്ക് പരുക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 2.30നും മൂന്നിനും ഇടയിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്ന വിഭാഗത്തില്‍ തീപടര്‍ന്നത്. ഒന്നിലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും ആരോഗ്യ മന്ത്രി മുകേഷ് മഹലിംഗും ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. ‘ആശുപത്രിയിലെ 23 രോഗികളെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ഐ സി യുവിലേക്കും വാര്‍ഡുകളിലേക്കും മാറ്റുന്നതിനിടയിലാണ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് രോഗികള്‍ മരിച്ചത്. മൂന്ന് രോഗികള്‍ പിന്നീടും മരണപ്പെട്ടു. പൊള്ളലേറ്റവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.;-മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം വീതം നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Latest