Connect with us

Editorial

ആര്‍ എസ് എസും ഭരണഘടനാ അസ്പൃശ്യതയും

അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസ്സംബ്ലി 1949 നവംബര്‍ 26ന് ഭരണഘടനയുടെ കരട് സമര്‍പ്പിച്ച അന്ന് മുതല്‍ തുടങ്ങിയതാണ് ഭരണഘടനക്കെതിരായ ആര്‍ എസ് എസിന്റെ നീക്കങ്ങള്‍.

Published

|

Last Updated

ഭരണഘടനയില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന ആര്‍ എസ് എസ് നേതാവിന്റെ പ്രസ്താവനയില്‍ പുതുമയില്ല. ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയെന്ന നിലയില്‍ ഭരണഘടനയില്‍ നിന്ന് ഈ രണ്ട് അടിസ്ഥാന തത്ത്വങ്ങളെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ മുമ്പ് പലപ്പോഴും അവര്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പ്രധാന തടസ്സങ്ങളിലൊന്ന് ഭരണഘടനയിലെ ഈ വ്യവസ്ഥകളാണ്. നീതി, സമത്വം, പൗരസ്വാതന്ത്ര്യം തുടങ്ങി ജനാധിപത്യ വ്യവസ്ഥയിലെ പല നിലപാടുകളെയും വെറുക്കുന്ന ആര്‍ എസ് എസ് രാജ്യത്ത് തീര്‍ത്തും ബ്രാഹ്മണ്യ സ്വേഛാധിപത്യ ഭരണം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്. മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദുത്വ ഭരണമാണ് അവര്‍ വിഭാവനം ചെയ്യുന്നത്. ആര്‍ എസ് എസ് നേതാക്കളും അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളും ഇക്കാര്യം അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയതാണ്.

അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസ്സംബ്ലി 1949 നവംബര്‍ 26ന് ഭരണഘടനയുടെ കരട് സമര്‍പ്പിച്ച അന്ന് മുതല്‍ തുടങ്ങിയതാണ് ഭരണഘടനക്കെതിരായ ആര്‍ എസ് എസിന്റെ നീക്കങ്ങള്‍. കരട് സമര്‍പ്പിച്ച ഉടനെ 1949 നവംബര്‍ 30ന് ആര്‍ എസ് എസ് മുഖവാരികയായ ഓര്‍ഗനൈസറിന്റെ മുഖപ്രസംഗത്തിലെ വരികള്‍ ഇങ്ങനെ; “പ്രാചീന ഇന്ത്യയിലെ അതുല്യമായ ഭരണഘടനയെക്കുറിച്ച് ഇപ്പോള്‍ നിലവില്‍വന്ന ഭരണഘടനയില്‍ യാതൊരു പരാമര്‍ശവുമില്ല. വിധേയത്വവും അനുസരണയും ദൃഢതയും പ്രചോദിപ്പിക്കുന്ന മനുസ്മൃതിയെ ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഭരണഘടനാ നിര്‍മാതാക്കള്‍ ഇതിനൊരു വിലയും കല്‍പ്പിച്ചില്ല’. മനുസ്മൃതിയാകണം ഇന്ത്യന്‍ ഭരണഘടനയെന്ന തുറന്നു പറച്ചിലാണ് ഓര്‍ഗനൈസര്‍ നടത്തിയത്.
ഇതര മതങ്ങളെയും സംസ്‌കാരങ്ങളെയും അംഗീകരിക്കാത്ത ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയാണ് ആര്‍ എസ് എസ് സ്ഥാപക നേതാവായ കേശവ് ഹെഡ്‌ഗേവാര്‍ സ്വപ്‌നം കണ്ടതും സ്ഥാപിക്കാന്‍ ശ്രമിച്ചതും. 1947 ആഗസ്റ്റ് 14ലെ മുഖപ്രസംഗത്തില്‍ ഓര്‍ഗനൈസറും ഇത് തുറന്നെഴുതി, “ദേശരാഷ്ട്രത്തിന്റെ തെറ്റായ നിര്‍വചനങ്ങള്‍ക്ക് നാം വഴിപ്പെടരുത്. ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമായുള്ള ഹിന്ദുസ്ഥാനാണ് നമ്മുടെ ലക്ഷ്യം. ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കളാണ് രാഷ്ട്രം രൂപവത്കരിക്കേണ്ടത്. കരുത്തുറ്റതും സുരക്ഷിതവുമായ അടിത്തറക്കു മേലാകണം ദേശീയ ഘടന പടുത്തുയര്‍ത്തേണ്ടത് എന്ന വസ്തുത അംഗീകരിക്കാന്‍ തയ്യാറാകുന്നതിലൂടെ മാത്രമേ ഇപ്പോഴത്തെ മാനസിക വിഭ്രാന്തി മാറാനും വര്‍ത്തമാനത്തിലും ഭാവിയിലും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാനുമാകുകയുള്ളൂ. ഹിന്ദുക്കള്‍, ഹിന്ദുപാരമ്പര്യം, ഹിന്ദു സംസ്‌കാരം, ആശയങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയുടെ അടിത്തറയിലായിരിക്കണം രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത്’.
“ഒരു പ്രത്യേക കാഴ്ചപ്പാടോടെ എഴുതപ്പെട്ട ഭരണഘടന ഇന്ത്യയുടെ സ്വത്വം പ്രതിഫലിപ്പിക്കുന്നില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947 ആഗസ്റ്റ് പതിനഞ്ചിനല്ല. 2024 ജനുവരി 22ന് നടന്ന രാംലല്ല പ്രതിഷ്ഠയോടെയാണെ’ന്ന നിലവിലെ സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുടെ ധ്വനിയും മറ്റൊന്നല്ല. “കോട്ടിട്ട സായിപ്പന്മാര്‍ എഴുതിയ ഈ “പണ്ടാരം’ നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇത് കത്തിക്കേണ്ട കാലം അതിക്രമിച്ചു. അങ്ങനെയൊരു കാലം താമസിയാതെ സംജാതമാകു’മെന്നാണ് ഭരണഘടനയെ അപഹസിച്ച് ബി ജെ പി നേതാവ് അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്‍ പ്രസംഗിച്ചത്. ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പത്തനംതിട്ടയിലെ കുമ്പഴില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉണ്ണിത്താന്റെ പരാമര്‍ശം. തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി ജെ പി നേതാവും എം പിയുമായിരുന്ന അനന്ത്കുമാര്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്നാണ്, ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ ആര്‍ എസ് എസ് ജന. സെക്രട്ടറി ദത്തോത്രേയ ഹൊസബൊളെ ആവശ്യപ്പെട്ടത്. അംബേദ്കര്‍ കൊണ്ടു വന്ന ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസവും മതേതരത്വവും ഇല്ലായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ഇത് എഴുതിച്ചേര്‍ത്തതെന്നാണ് തന്റെ നിലപാടിന് ന്യായീകരണമായി ഹൊസബൊളെ പറയുന്നത്. ഈ രണ്ട് പദങ്ങളോട് മാത്രമല്ല, ഭരണഘടനയിലെ പല ആശയങ്ങളോടും കടുത്ത എതിര്‍പ്പുണ്ട് ആര്‍ എസ് എസിന്. ഭരണഘടനയില്‍ ഹിന്ദുവേതര മത, സാംസ്‌കാരിക, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയാസ്തിത്വവും സ്വത്വപ്രാതിനിധ്യവും അംഗീകരിച്ചതില്‍ ആര്‍ എസ് എസ് നേതൃത്വം കടുത്ത അസംതൃപ്തരാണ്. ഹിന്ദുത്വ രാഷ്ട്രമെന്ന അവരുടെ സങ്കല്‍പ്പമാണ് ഇതോടെ തകര്‍ന്നത്.
എന്താണ് ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന രാഷ്ട്രമെന്ന് സംഘടനയുടെ പ്രമുഖ നേതാവ് ഗോള്‍വാള്‍ക്കര്‍ “നാം, നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും തങ്ങളുടെ ആഭ്യന്തര ശത്രുക്കളാണ്. അവരില്ലാത്ത ഒരു രാജ്യമാണ് ആര്‍ എസ് എസിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനക്ക് പകരം മനുസ്മൃതി അടിസ്ഥാനമാക്കി രാജ്യത്ത് ഭരണം സ്ഥാപിതമായാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് സിദ്ധിനാഥാനന്ദ സ്വാമിയുടെ മനുസ്മൃതി വ്യാഖ്യാനത്തിന് ഡോ. എന്‍ വി കൃഷ്ണവാരിയര്‍ എഴുതിയ അവതാരികയില്‍ നിന്ന് വ്യക്തമാണ്. “ബ്രാഹ്മണനെ അങ്ങേയറ്റം പുകഴ്ത്തുന്നു. ശൂദ്രന് എന്തെങ്കിലും അവകാശം ഉള്ളതായി കരുതുന്നില്ല. വര്‍ണ ബാഹ്യരുടെ കാര്യം പറയേണ്ടതുമില്ല. സ്ത്രീകളെ പലയിടത്തും വാഴ്ത്തുന്നുണ്ടെങ്കിലും പുരുഷാധീശത്വത്തെയാണ് മനു സര്‍വാത്മനാ അംഗീകരിക്കുന്നത്. മനുസ്മൃതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ സങ്കല്‍പ്പിക്കുക പോലും പ്രയാസമാണ്.’

---- facebook comment plugin here -----

Latest