Connect with us

National

മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപ പിഴ:എന്‍.എം.സി

പോരായ്മകള്‍ പരിഹരിക്കാന്‍ ന്യായമായ അവസരം നല്‍കിയ ശേഷം നടപടി ആരംഭിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ റെഗുലേറ്റര്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ ഉയര്‍ന്ന നിലവാരത്തെക്കുറിച്ച് സംസാരിക്കുന്ന ‘മെയിന്റനന്‍സ് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ റെഗുലേഷന്‍സ് 2023’ എന്ന വിജ്ഞാപനത്തിലാണ് എന്‍.എം.സി ഇക്കാര്യം അറിയിച്ചത്.

മെഡിക്കല്‍ കോളജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് നല്‍കാനും മെഡിക്കല്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നും വിവരങ്ങള്‍ നല്‍കേണ്ടത് മെഡിക്കല്‍ കോളേജിന്റെ ചുമതലയായിരിക്കുമെന്നും എന്‍.എം.സി അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തപക്ഷം മെഡിക്കല്‍ കോളജിനോ മെഡിക്കല്‍ സ്ഥാപനത്തിനോ പിഴ ചുമത്തുമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്, ഡീന്‍, ഡയറക്ടര്‍, ഡോക്ടര്‍ എന്നിവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഈടാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പോരായ്മകള്‍ പരിഹരിക്കാന്‍ ന്യായമായ അവസരം നല്‍കിയ ശേഷം നടപടി ആരംഭിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

മെഡിക്കല്‍ കോളജുകളുടെ അക്രഡിറ്റേഷന്‍ തടഞ്ഞുവെക്കുക, അഞ്ച് വര്‍ഷം വരെ അക്രഡിറ്റേഷന്‍ പിന്‍വലിക്കുക, ഒന്നോ അതിലധികമോ കോഴ്സുകളിലേക്കുള്ള പ്രവേശനം നിര്‍ത്തുക എന്നീ കര്‍ശന നടപടികളും സ്വീകരിക്കുന്നതായിരിക്കും. തെറ്റായ വിവരങ്ങളോ രേഖകളോ നല്‍കിയാല്‍ അത്തരം കോളജുകള്‍ ക്രിമിനല്‍ നടപടികളും നേരിടേണ്ടി വന്നേക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതാദ്യമായാണ് എന്‍.എം.സി ഇത്രയും കടുത്ത സാമ്പത്തിക പിഴ ചുമത്തുന്നത്.  കുറച്ച് വര്‍ഷങ്ങളായി ചില സര്‍ക്കാര്‍ കോളജുകള്‍  മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.