Connect with us

First Gear

റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷം നാല് ബൈക്കുകള്‍ പുറത്തിറക്കും

ഹിമാലയന്‍ 450 മുതല്‍ പുതിയ 650 സിസി ഡ്യുവല്‍ സിലിണ്ടര്‍ ബൈക്ക് പല സെഗ്മെന്റിലായിട്ടാണ് കമ്പനി വികസിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. നാല് ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷം പുറത്തിറക്കുക. ഹിമാലയന്‍ 450 മുതല്‍ പുതിയ 650 സിസി ഡ്യുവല്‍ സിലിണ്ടര്‍ ബൈക്ക് പല സെഗ്മെന്റിലായിട്ടാണ് കമ്പനി വികസിപ്പിക്കുന്നത്. കമ്പനി പുതിയ തലമുറ ഹിമാലയന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 450 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 35 ബിഎച്ച്പി പവറും 40 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

പുതിയ തലമുറ ബുള്ളറ്റ് 350 റോയല്‍ എന്‍ഫീല്‍ഡ് ഓഗസ്റ്റ് 30ന് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ക്ലാസിക് 350, ഹണ്ടര്‍ 350, മെറ്റിയര്‍ 350 എന്നിവയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ ജെ-പ്ലാറ്റ്ഫോം 350 സിസി എഞ്ചിനുമായിട്ടായിരിക്കും ബുള്ളറ്റിന്റെ പുതിയ തലമുറ മോഡല്‍ എത്തുക.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 അടിസ്ഥാനമാക്കി നിര്‍മ്മിച്ച പുതിയൊരു ബൈക്ക് അടുത്തിടെ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഇത് വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ 350 എന്ന മോഡല്‍ ആയിരിക്കുമെന്നാണ് സൂചനകള്‍. ഡ്യുവല്‍ സ്പ്ലിറ്റ് ഫ്‌ലോട്ടിങ് സീറ്റുമായി വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ 350 മോട്ടോര്‍സൈക്കിളില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ടയര്‍ ഹഗ്ഗര്‍, ഫ്രണ്ട് സെറ്റ് ഫൂട്ട് പെഗുകള്‍ എന്നിവ ഉണ്ടായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ ബൈക്ക് ഇന്ത്യന്‍ നിരത്തുകളിലെത്തും.

റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷം പുതിയൊരു 650 സിസി ബൈക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സ്‌ക്രാംബ്ലര്‍ 650 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ന്റെ തുടക്കത്തിലായിരിക്കും ഈ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയില്‍ ഉപയോഗിക്കുന്ന എഞ്ചിന്‍ തന്നെയായിരിക്കും സ്‌ക്രാംബ്ലര്‍ 650യിലും ഉണ്ടാവുക. ഇത് 648 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ്. 47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് സാധിക്കും.