Uae
റമസാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി അബൂദബി
പള്ളികൾ സജ്ജം,നഗരവീഥികളിൽ ദീപാലങ്കാരങ്ങൾ
അബൂദബി| വിശുദ്ധ റമസാൻ മാസത്തെ വരവേൽക്കാൻ തലസ്ഥാന നഗരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിശ്വാസികൾക്കും സന്ദർശകർക്കും സമാധാനപരവും ആത്മീയവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് എമിറേറ്റിലുടനീളം ഒരുക്കിയിരിക്കുന്നത്. സാമൂഹിക ഐക്യവും കാരുണ്യവും പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികളും ക്യാമ്പയിനുകളും ഇതിന്റെ ഭാഗമായി നടക്കും. ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളുന്നതിനായി പള്ളിയുടെ എല്ലാ കവാടങ്ങളും തുറന്നുകൊടുക്കും. തിരക്ക് നിയന്ത്രിക്കാനും സുഗമമായ പ്രവേശനം ഉറപ്പാക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജനറൽ അതോറിറ്റി ഓഫ് ഇസ്്ലാമിക അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് (ഔഖാഫ്) കീഴിലുള്ള പള്ളികളിൽ കാർപ്പറ്റുകൾ മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
റമസാൻ പാരമ്പര്യം വിളിച്ചോതുന്ന 5,147 ഡിസൈനുകളിലുള്ള ദീപാലങ്കാരങ്ങളാണ് അബൂദബിയിലെ പ്രധാന വീഥികളിൽ സ്ഥാപിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഈ അലങ്കാരങ്ങൾ ഒരുക്കിയത്. നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളും കടകളും റമസാൻ ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചു കഴിഞ്ഞു. ഭരണകൂടത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളും സന്നദ്ധ സംഘടനകളും കൈകോർത്താണ് ഇത്തവണത്തെ റമസാൻ ആഘോഷങ്ങൾ ഗംഭീരമാക്കുന്നത്. പൊതു പാർക്കുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും കുടുംബങ്ങൾക്കും കുട്ടികൾക്കുമായി റമസാൻ പ്രമേയത്തിലുള്ള സാംസ്‌കാരിക സാമൂഹിക പരിപാടികൾ സംഘടിപ്പിക്കും.





