Kerala
പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന; മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
മണി ശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിലില്ലെന്നും പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ വാക്കുകള്‍ക്ക് മറുപടി പറയാനില്ലെന്നും പ്രതികരണം
തിരുവനന്തപുരം | പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. വിഷന്‍ 2031 അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടന വേളയിലാണ് മുന്‍ കേന്ദ്രമന്ത്രി മണി ശങ്കര്‍ അയ്യര്‍ പിണറായി വിജയന്‍ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത്. പിണറായി വേദിയിലിരിക്കെ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് അയ്യര്‍ പറഞ്ഞില്ലല്ലോയെന്നും ചെന്നിത്തല പരിഹസിച്ചു. മണി ശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിലില്ലെന്നും പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ വാക്കുകള്‍ക്ക് മറുപടി പറയാനില്ലെന്നും അയ്യരുടെ വാക്കുകള്‍ പരിപാടിക്ക് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളം വീണ്ടും പിണറായി ഭരിക്കുമെന്ന പ്രസ്താവന മണിശങ്കര്‍ അയ്യര്‍ തിരുത്തിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരസ്പരം കണ്ടുകൂടെന്നും തന്റെ പ്രസ്താവനയെ വിമര്‍ശിച്ച പവന്‍ ഖേര രാഹുല്‍ഗാന്ധിയുടെ പാവയാണെന്നും മണിശങ്കര്‍ അയ്യര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഗാന്ധിജി സ്വപ്‌നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.




