Kerala
ആദിത്യയുടെ മരണം; മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ്,സുഹൃത്തുക്കളുടെ മൊഴി എടുത്തു
കുട്ടിയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്
കൊച്ചി| ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ്. കുട്ടിയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ബ്ലാക്ക് വെനം എന്ന പേജ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നുവോ എന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടി കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു. ആത്മഹത്യ കുറിപ്പിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്തു. കൊറിയന്‍ സുഹൃത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മൊഴി ലഭിച്ചിട്ടില്ല. മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഫോണിലെ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു.
കൊറിയന്‍ ഭാഷ പഠിക്കാന്‍ ആദിത്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. കൊറിയന്‍ സംഗീത പരിപാടി കാണാനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പഠിച്ച് കൊറിയയില്‍ പോയി ജോലി ചെയ്യുമെന്ന് പറഞ്ഞിരുന്നു. അത് അറിയുന്ന ആരോ മകളെ കബളിപ്പിച്ചതാകാം. പറ്റിക്കപ്പെട്ടു എന്ന് തോന്നിയപ്പോഴാകാം അവള്‍ ജീവനൊടുക്കിയത്. വഞ്ചന അവള്‍ സഹിക്കില്ലെന്നും പിതാവ് പറഞ്ഞു.
ജനുവരി 27നായിരുന്നു ചോറ്റാനിക്കര സ്വദേശിയായ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറമടയില്‍ മുങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കരയില്‍ വെച്ചിരുന്ന സ്‌കൂള്‍ ബാഗില്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരണപ്പെട്ടതിന്റെ വിഷമം സഹിക്കാനാകാതെയാണ് താന്‍ ജീവന്‍ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്.





