National
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നോര്‍വേയിലെത്തി
സന്ദര്‍ശനത്തിനിടെ നിര്‍മല സീതാരാമന്‍ നോര്‍വേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും.
ഓസ്ലോ|രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നോര്‍വേയിലെത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ഉന്നത നോര്‍വീജിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, നോര്‍വേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍. ഓസ്ലോ വിമാനത്താവളത്തില്‍ എത്തിയ നിര്‍മല സീതാരാമനെ നോര്‍വേയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗ്ലോറിയ ഗാങ്തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്‌സില്‍ കുറിച്ചു.
സന്ദര്‍ശനത്തിനിടെ നിര്‍മല സീതാരാമന്‍ നോര്‍വേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. നോര്‍വീജിയന്‍ ധനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്, വ്യാപാര-വ്യവസായ മന്ത്രി സിസിലി മിര്‍സെത്ത് എന്നിവരുമായും നിര്‍മല സീതാരാമന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയും നോര്‍വേയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം.
ഓസ്ലോ സയന്‍സ് പാര്‍ക്ക് സന്ദര്‍ശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നോര്‍വീജിയന്‍ സിഇഒമാരുമായും നിക്ഷേപകരുമായും ഒരു വട്ടമേശ ചര്‍ച്ചയും നടത്തും. സന്ദര്‍ശനത്തിനിടെ ഓസ്ലോയിലെ ഇന്ത്യന്‍ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നോര്‍വേ സന്ദര്‍ശനത്തിന് മുന്‍പ് നിര്‍മല സീതാരാമന്‍ ജര്‍മ്മനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2026-ല്‍ പങ്കെടുത്തിരുന്നു.



