Connect with us

Articles

റോഹിംഗ്യ ; ഇന്ത്യക്കിത് നാണക്കേടാണ്

റോഹിംഗ്യൻ അഭയാർഥികളോട് യാതൊരു കാരണ്യവും സാധ്യമല്ലെന്നാണ് യൂനിയൻ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം. ആർട്ടിക്കിൾ 14ഉം 21ഉം അനുസരിച്ചുള്ള പരിരക്ഷ അവർക്ക് നൽകാനാകില്ല. അവർ അനധികൃത കുടിയേറ്റക്കാരാണ്, അഭയാർഥികളല്ല എന്നതാണ് വിചിത്ര വാദം.

Published

|

Last Updated

എന്താണ് ദേശ രാഷ്ട്രം? അതിർത്തി നിർണയിച്ച ഭൂപ്രദേശം, പരമാധികാരം, ജനങ്ങൾ, സർക്കാർ, ഭരണസംവിധാനം തുടങ്ങിയവ ചേരുന്നതാണ് രാഷ്ട്രമെന്ന് പരീക്ഷയിൽ ശരിയുത്തരമെഴുതാവുന്നതാണ്. മാർക്ക് കുറയാതെ കിട്ടുകയും ചെയ്‌തേക്കാം. എന്നാൽ ഇവയോടൊപ്പം ആ ജനപഥം രൂപപ്പെട്ടുവന്ന മൂല്യങ്ങൾ കൂടി ചേരുമ്പോഴാണ് ജീവസ്സുറ്റ സംവിധാനമായി അത് മാറുന്നത്. ഭരണാധികാരികൾ രാഷ്ട്രത്തിന്റെ അപ്പപ്പോഴുള്ള കാര്യങ്ങൾ നിർണയിക്കാനായി ഏൽപ്പിക്കപ്പെട്ടവർ മാത്രമാണ്. അവർ രാഷ്ട്രമല്ല. ഐ ആം ദി സ്റ്റേറ്റ് എന്നത് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട വാചകമാണ്.

മഹത്തായ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ അതിന്റെ പാരമ്പര്യങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും ചരിത്രപരമായ യാഥാർഥ്യങ്ങളിൽ നിന്നും അതിവേഗം ഓടിയകലുകയും മതരാഷ്ട്രത്തിലേക്ക് അതിവേഗം അടുക്കുകയും ചെയ്യുകയാണ്. ഇതൊരു കക്ഷി രാഷ്ട്രീയ വ്യാകുലതയല്ല. അടിയന്തരാവസ്ഥ കാലത്ത് ഇതേ ഉത്കണ്ഠകൾ രാജ്യം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭരിക്കുന്നവർ കൈക്കൊണ്ട നിരവധിയായ നയനിലപാടുകളിലൂടെയാണ് ഇന്ത്യയെ എല്ലാ അർഥത്തിലും മറ്റൊരു രാജ്യമായി മാറ്റിയിരിക്കുന്നത്. അക്കൂട്ടത്തിൽ അത്രയൊന്നും മാധ്യമ ശ്രദ്ധ കിട്ടാതെ പോയ, എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ കടന്നാക്രമിക്കുന്ന നയപ്രഖ്യാപനമാണ് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ മോദി സർക്കാർ നടത്തിയത്. റോഹിംഗ്യൻ അഭയാർഥികളോട് യാതൊരു കാരണ്യവും സാധ്യമല്ലെന്നാണ് യൂനിയൻ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം. 2017ൽ നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയാണിത്. അഭയാർഥിത്വത്തിൽ മതം കാണുകയാണ് സർക്കാർ ചെയ്യുന്നത്. രാഷ്ട്രത്തിന് ഒരു മതവിഭാഗത്തോട് മമതയോ വിദ്വേഷമോ പാടില്ലെന്ന മതേതര മൂല്യത്തെ ഈ സത്യവാങ്മൂലം വെല്ലുവിളിക്കുന്നു.

കോടതിയിൽ

ഇന്ത്യയിൽ അനധികൃതമായാണ് റോഹിംഗ്യൻ മുസ്‌ലിംകൾ എത്തുന്നതെന്നും അവർക്ക് അഭയാർഥി പദവി നൽകാൻ നിഷ്‌കർഷിക്കരുതെന്നും യൂനിയൻ സർക്കാർ ആവശ്യപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റോഹിംഗ്യൻ മുസ്‌ലിംകളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താത്പര്യ ഹരജിയിൽ നൽകിയ സത്യവങ്മൂലത്തിലാണ് അഭയാർഥി വിഷയത്തിലെ ഇരട്ടത്താപ്പ് വെളിവായത്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനം ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ഇടുങ്ങിയ ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്. ആർട്ടിക്കിൾ 14, 21 എന്നിവ മാത്രമെടുത്താൽ ഇത് മനസ്സിലാകും. ആർട്ടിക്കിൾ 14 നിയമത്തിന് മുന്നിലെ സമത്വം ഉറപ്പ് നൽകുന്നു. ഈ ഉറപ്പ് ഇന്ത്യൻ ഭൂവിഭാഗത്തിൽ താമസിക്കുന്ന സർവ മനുഷ്യർക്കും, വിദേശ പൗരന് പോലും അനുവദിച്ചു കൊടുക്കുന്നുണ്ട്. വൈദേശിക ആധിപത്യത്തിന്റെ വേദനയും അപമാനവും വിവേചനവും അനുഭവിച്ച ഒരു രാജ്യം സ്വതന്ത്രമാകുമ്പോൾ കൈക്കൊള്ളേണ്ട മഹത്തായ മൂല്യമാണ് ആർട്ടിക്കിൾ 14 ഉയർത്തിപ്പിടിക്കുന്നത്. സമാനമാണ് ആർട്ടിക്കിൾ 21ന്റെയും താത്പര്യം. വിദേശത്തുനിന്ന് എത്തുന്നവർക്കും ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ട്. ആർട്ടിക്കിൾ 14ഉം 21ഉം അനുസരിച്ചുള്ള പരിരക്ഷ റോഹിംഗ്യൻ അഭയാർഥികൾക്ക് നൽകാനാകില്ലെന്ന നിലപാടാണ് യൂനിയൻ സർക്കാർ കോടതിയിൽ സ്വീകരിച്ചത്. അവർ അനധികൃത കുടിയേറ്റക്കാരാണ്, അഭയാർഥികളല്ല എന്നതാണ് വിചിത്ര വാദം. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷനിൽ (യു എൻ എച്ച് സി ആർ) നിന്ന് റോഹിംഗ്യൻ മുസ്‌ലിംകൾ കരസ്ഥമാക്കിയ അഭയാർഥി കാർഡ് ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

റോഹിംഗ്യകളെ കുറിച്ച് ക്രൂരമായ നുണപ്രചാരണമാണ് സർക്കാർ നടത്തുന്നത്. അവരുടെ ഇന്ത്യയിലേക്കുള്ള വരവ് നിയമവിരുദ്ധം മാത്രമല്ല ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ അടങ്ങിയതാണത്രേ. റോഹിംഗ്യകൾ വൻ തോതിൽ കള്ള രേഖകൾ ചമയ്ക്കുന്നുവെന്നും മനുഷ്യക്കടത്ത്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുകയാണെന്നും സത്യവാങ്മൂലം അധിക്ഷേപം ചൊരിയുന്നു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുന്നവർക്കെതിരെ ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായി ഇടപെടുമെന്ന് സർക്കാർ ആവർത്തിക്കുന്നു. 1951ലെ യു എൻ അഭയാർഥി കൺവെൻഷനിലും തുടർന്നുള്ള പ്രോട്ടോകോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്ന ന്യായവും കേന്ദ്ര സർക്കാർ ഉന്നയിക്കുന്നു.

കുടിയേറ്റം, അഭയാർഥിത്വം

റോഹിംഗ്യൻ മുസ്‌ലിംകൾ കുടിയേറ്റക്കാരാണോ? അതോ അഭയാർഥികളോ? കുടിയേറ്റമാണെങ്കിൽ തന്നെ അത് തെറ്റാണോ? ഏത് കുടിയേറ്റത്തിലും പുഷ് ഫാക്ടറും പുൾ ഫാക്ടറും ഉണ്ടാകും. ഒരു ജനതയെ പരമ്പരാഗതമായി ജീവിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് പുഷ് ഫാക്ടർ. അത് ദാരിദ്ര്യമാകാം. യുദ്ധമാകാം. പകർച്ച വ്യാധിയാകം. മതപരമായ അടിച്ചമർത്തലുകളാകാം. ആഭ്യന്തര സംഘർഷമാകാം. ഇക്കാരണങ്ങൾ കൊണ്ട് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി മനുഷ്യർ പുറപ്പാടിനിറങ്ങുന്നു.
ചെന്നെത്തുന്ന ഇടങ്ങളുടെ ആകർഷണീയതകളാണ് പുൾ ഫാക്ടറുകൾ. കുടിയേറ്റക്കാരെ പിടിച്ചു വലിക്കുന്ന ഘടകങ്ങളാണവ. ജോലി സാധ്യത, നല്ല കൂലി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തുടങ്ങിയവ ഉദാഹരണം. മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിന്റെ കാര്യത്തിൽ ഇതാണ് പ്രവർത്തിച്ചത്. കുടിയേറ്റത്തിന് വിധേയമാകാത്ത ഒരു രാജ്യവും ഭൂമുഖത്തില്ല. അമേരിക്ക പോലുള്ള താരതമ്യേന പുതിയ വൻകരകളെ ജനപഥങ്ങളാക്കി മാറ്റിയത് തന്നെ കുടിയേറ്റമാണ്. ഓരോ പ്രദേശത്തും ആദിമനിവാസികൾ ഉണ്ടാകുമ്പോൾ പല കാലങ്ങളായി വന്നു ചേർന്നവരുണ്ടാകും. വംശ വ്യാപനത്തിന്റെ ജീവശാസ്ത്ര പ്രക്രിയയിൽ പിന്നെയുണ്ടാകുന്നത് സ്വാഭാവികമായ കലർപ്പായിരിക്കും. വന്നവരും നിന്നവരും ഇല്ലാതെ ഒറ്റ ജനതയായി അവർ മാറുന്നു. എക്കാലവും മനുഷ്യപ്രവാഹം സംഭവിച്ചു കൊണ്ടേയിരിക്കുന്നു. അതിർത്തികൾ കീറിമുറിച്ചുള്ള ഈ സഞ്ചാരം തടഞ്ഞു നിർത്താൻ ആര് ശ്രമിച്ചാലും പരാജയപ്പെടുകയേ ഉള്ളൂ. ഇന്ത്യയിലെ ഭരണാധികാരികൾ അത്തരമൊരു അടച്ചിടലിനും ഇറക്കിവിടലിനും മുതിർന്നുവെന്നിരിക്കിട്ടെ. ഇന്ത്യക്കാരുള്ള പുറം ഇടങ്ങളിൽ നിന്ന് സമാനമായ എതിർ പ്രവാഹങ്ങൾ ഉണ്ടാകും. അത് താങ്ങാൻ ഇന്ത്യക്ക് സാധിച്ചെന്ന് വരില്ല.
കുടിയേറ്റത്തിന്റെ ഏറ്റവും വേദനാജനകമായ അവസ്ഥയാണ് അഭയാർഥി പ്രവാഹം. ആ പുറപ്പെട്ട് പോകൽ നിൽക്കക്കള്ളിയില്ലാതെയാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയുള്ള ഭാഗ്യാന്വേഷണമല്ല അത്. മരിക്കാതിരിക്കാനുള്ള അവസാന ശ്രമമാണത്. ജീവൻ മാറോട് ചേർത്തുള്ള പുറപ്പാട്. അതാണ് റോഹിംഗ്യൻ മുസ്‌ലിംകൾ നടത്തുന്ന തോണിയാത്ര. കടൽ അവർക്ക് ശവപ്പറമ്പാകും. തീരങ്ങൾ തിരസ്‌കാരത്തിന്റെ തോക്കിൻമുനകളും.

തോണി മനുഷ്യർ

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ പ്രവിശ്യയായ രാഖിനയിൽ പരമ്പരാഗതമായി വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകൾ. ഇവർക്ക് മ്യാൻമർ ഭരണകൂടം പൗരത്വം വകവെച്ച് കൊടുക്കുന്നില്ല. സമാധാന നൊബേൽ സമ്മാനം സിദ്ധിച്ച സാക്ഷാൽ ആംഗ് സാൻ സൂക്കി മ്യാൻമർ ഭരിച്ചപ്പോൾ പോലും അവർക്ക് നീതി ലഭിച്ചിട്ടില്ല. ഇപ്പോൾ സൂകി ജയിലിലാണ്, ഭരിക്കുന്നത് പട്ടാളം. റോഹിംഗ്യൻ മുസ്‌ലിംകളെ അക്ഷരാർഥത്തിൽ രാഷ്ട്രരഹിതരാക്കിയ 1982ലെ പൗരത്വ നിയമം അതേപടി നിൽക്കുകയാണ്. ഈ നിയമം മാറ്റിയെഴുതാൻ യു എന്നും അന്താരാഷ്ട്ര സമൂഹം ഒന്നാകെയും സമ്മർദം ചെലുത്തിയിട്ടും ബുദ്ധ ഭൂരിപക്ഷത്തിന്റെ ചൊൽപ്പടിക്കു നിന്ന സൂകിയോ ഇപ്പോഴത്തെ ജുണ്ട ഭരണകൂടമോ തയ്യാറായില്ല.
പൗരത്വം (സിറ്റിസൻഷിപ്പ്), കൂട്ടുപൗരത്വം (അസ്സോസിയേറ്റ് സിറ്റിസൻഷിപ്പ്), സ്വാഭാവികപൗരത്വം (നാച്വറലൈസ്ഡ് സിറ്റിസൻഷിപ്പ്) എന്നിങ്ങനെ മ്യാൻമറിൽ മൂന്ന് തരം പൗരത്വമാണുള്ളത്. 1823ൽ രാഖിനയിൽ ബ്രിട്ടീഷ് അധിനിവേശം തുടങ്ങും മുമ്പ് പാർത്തിരുന്ന വംശങ്ങളുടെ പിന്തുടർച്ചക്കാരാണ് പൗരത്വമുള്ളവർ. പരമ്പരാഗതമായി ഇവിടെ താമസിച്ചവരെന്ന് തെളിവു നൽകാൻ കഴിയാത്തവരും എന്നാൽ, 1948ലെ പൗരത്വനിയമത്തിന്റെ പരിധിയിൽ വരുന്നവരും കൂട്ടുപൗരത്വത്തിലുൾപ്പെടും. രണ്ടിലുംപെടാത്ത എന്നാൽ, ദേശീയ ഭാഷകളിൽ ഏതെങ്കിലുമൊന്ന് സംസാരിക്കാൻ കഴിയുന്ന ഭരണകൂടം മുന്നോട്ട് വെക്കുന്ന “ചില പ്രത്യേക ഗുണഗണ’ ങ്ങളുള്ള പതിനെട്ട് കഴിഞ്ഞവർക്ക് സ്വാഭാവിക പൗരത്വവും കിട്ടും. റോഹിംഗ്യൻ മുസ്‌ലിംകളെ പുറന്തള്ളാവുന്ന നിലയിലാണ് ചട്ടങ്ങൾ രൂപവത്കരിച്ചത്.

ക്രൂരമായ ആക്രമണങ്ങളാണ് ബുദ്ധ തീവ്രവാദികൾ മുസ്‌ലിംകൾക്ക് മേൽ നടത്തുന്നത്. അക്ഷരാർഥത്തിൽ വംശഹത്യ തന്നെ. അഷിൻ വിരാതുവെന്ന ബുദ്ധ ഭിക്ഷുവാണ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുക്കുന്നത്. ആക്രമണവും ഒറ്റപ്പെടുത്തലും ദാരിദ്ര്യവും അസഹ്യമാകുമ്പോൾ റോഹിംഗ്യൻ മുസ്‌ലിംകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ജനിച്ച മണ്ണ് ഉപേക്ഷിച്ച് കടലിലേക്ക് ഇറങ്ങുന്ന ഈ മനുഷ്യർ ലോകത്തെ ഏറ്റവും അപകടകരമായ പലായനത്തിലേക്കാണ് എടുത്തു ചാടുന്നത്. യന്ത്രരഹിത ബോട്ടിൽ തുടങ്ങുന്ന ദുരിത യാത്ര പലപ്പോഴും കടലിൽ ഒടുങ്ങുകയാണ് പതിവ്. ഭൂമുഖത്ത് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹം എന്നാണ് ഐക്യരാഷ്ട്ര സഭ ഇവരെ വിശേഷിപ്പിച്ചത്. 20 ലക്ഷത്തോളം വരുന്ന ആ ജനതയിൽ പകുതിയിലേറെപ്പേരും ഇതിനകം അഭയാർഥികളായി കഴിഞ്ഞു. സഊദി അറേബ്യ, പാകിസ്താൻ, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാൻഡ്, ഇന്ത്യ എന്നിവിടങ്ങളിലായി ഇവർ കഴിയുന്നു. റോഹിംഗ്യകളെ സ്വീകരിക്കുന്നതിന് യു എൻ അഭയാർഥി ഏജൻസി ഈ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്.

ഇന്ത്യയിൽ 40,000ത്തോളം റോഹിംഗ്യൻ മുസ്‌ലിംകൾ ഉണ്ടെന്നാണ് കണക്ക്. ജമ്മു- കശ്മീർ, ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി ഇവർ കഴിയുന്നു. ഇതിൽ 16,000 പേർക്ക് യു എൻ അഭയാർഥി ഏജൻസിയുടെ രജിസ്‌ട്രേഷൻ ഉണ്ട്. ഇവരല്ലാത്തവരെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കാനാണ് 2017ൽ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നത്. അതിനായി അതത് സംസ്ഥാനങ്ങളിൽ പ്രത്യേകം കർമ സമിതി രൂപവത്കരിക്കണമെന്നും നിഷ്‌കർഷിച്ചു. പിന്നീട് നയം കടുപ്പിച്ചു. മുഴുവൻ പേരെയും ആട്ടിയോടിക്കുമെന്നായി ഉത്തരവ്. യു എൻ അഭയാർഥി കൺവെൻഷനിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നാണ് ഇതിന് പറയുന്ന ഒരു കാരണം. അതെങ്ങനെ ഒരു ന്യായമാകും? ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാഷ്ട്രവും യു എൻ സ്ഥിരാംഗത്വത്തിനായി വിയർത്ത് ശ്രമിക്കുകയും ചെയ്യുന്ന രാജ്യം അഭയാർഥി കരാറിൽ പങ്കാളിയല്ലെന്നത് അങ്ങേയറ്റത്തെ നാണക്കേടല്ലേ. അഭയാർഥി കൺവെൻഷനിൽ ഒപ്പുവെക്കാത്ത രാജ്യങ്ങളും പാലിക്കേണ്ട ഒരു പ്രധാന വ്യവസ്ഥയുണ്ട്. അഭയാർഥികൾ തിരിച്ചയക്കപ്പെടുന്നത് അത്യന്തം അപകടകരമായ സാഹചര്യത്തിലേക്കാണെങ്കിൽ തിരിച്ചയക്കുന്ന രാജ്യം കുറ്റക്കാരാകും എന്നാണ് ചട്ടം. ചക്മ- ഹജോംഗ് അഭയാർഥികളുടെ കാര്യത്തിൽ ബി ജെ പി സർക്കാറിന് ഈ ആശയക്കുഴപ്പമൊന്നുമില്ലെന്നോർക്കണം. കാരണം, ചക്മകൾ ബൗദ്ധരാണ്. ഹജോംഗുകൾ ഹൈന്ദവരാണ്.

രാഷ്ട്രീയമുണ്ട്

റോഹിംഗ്യകളോടുള്ള ശത്രുതയിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. മുസ്‌ലിംകളെ ആട്ടിയോടിക്കാൻ മ്യാൻമറിൽ നേതൃത്വം നൽകുന്ന ബുദ്ധ തീവ്രവാദി അഷിൻ വിരാതുവിന് ഇന്ത്യയിലെ സംഘ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. വിചിത്രമായ ഒരു കൂട്ടുകെട്ടാണ് ഇത്. ബുദ്ധമതത്തെ നിഷ്‌കാസനം ചെയ്യാൻ ചോരപ്പുഴ ഒഴുക്കിയ ബ്രാഹ്മണ്യ വൈദിക പ്രത്യയ ശാസ്ത്രവുമായാണ് കാഷായ വേഷധാരികളായ ഈ “ബുദ്ധഭിക്ഷു’-ക്കൾ കൈകോർക്കുന്നത്. മുസ്‌ലിം വിരുദ്ധതയെന്ന പൊതു അജൻഡയിലാണ് ഇത് സാധ്യമാകുന്നത്. ഉൾക്കൊള്ളലിന്റെയും ആശ്രയമാകലിന്റെയും ബഹുസ്വരതയുടെയും ദേശീയ പാരമ്പര്യത്തോട് പേരിനെങ്കിലും ബഹുമാനമുണ്ടെങ്കിൽ രണ്ട് സാധ്യതകൾ കേന്ദ്ര സർക്കാറിന് മുന്നിലുണ്ട്. ഈ മനുഷ്യർക്ക് സമാധാനപൂർണമായ ജീവിതത്തിനും പൗരത്വത്തിനും അവസരമൊരുക്കാൻ മ്യാൻമർ സർക്കാറിന് മേൽ സമ്മർദം ചെലുത്തുക. ഇന്ത്യ കൈക്കൊള്ളേണ്ട നേതൃപരമായ നിലപാടാണ് അത്. അതിന് സാധിക്കില്ലെങ്കിൽ, പോകാനൊരിടമില്ലാത്ത ഈ മനുഷ്യർക്ക് അഭയമാകുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest