Connect with us

Kerala

കഞ്ചാവ് വാങ്ങാന്‍ കവര്‍ച്ച; രണ്ടുയുവാക്കള്‍ പിടിയില്‍

കുമ്പഴ തുണ്ടമണ്‍കരയില്‍ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയില്‍ കിഴക്കതില്‍ വിമല്‍ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനില്‍ മൗണ്ട് സിയോണ്‍ സ്‌കൂളിന് സമീപം അരുവിക്കല്‍ ഹൗസില്‍ സൂരജ് എം നായര്‍(21) എന്നിവരാണ് അറസ്റ്റിലായത്

Published

|

Last Updated

പത്തനംതിട്ട  | ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നി പോലീസിന്റെ പിടിയില്‍. കഞ്ചാവ് വാങ്ങുന്നതിന് വേണ്ടിയാണ് പിടിച്ചുപറി നടത്തുന്നതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു.

ഇപ്പോള്‍ കുമ്പഴ തുണ്ടമണ്‍കരയില്‍ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയില്‍ കിഴക്കതില്‍ വിമല്‍ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനില്‍ മൗണ്ട് സിയോണ്‍ സ്‌കൂളിന് സമീപം അരുവിക്കല്‍ ഹൗസില്‍ സൂരജ് എം നായര്‍(21) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 20 ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഈ മാസം 11 ന് ഇവര്‍ കേരള എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചത് പ്രകാരം ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോള്‍ നിരവധി പിടിച്ചുപറി കേസുകളുടെ ചുരുളഴിഞ്ഞു.

പ്രതികളുടെ ദേഹ പരിശോധന നടത്തിയപ്പോള്‍ ഉണങ്ങിയതും പച്ചയുമായ കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വില്‍പ്പനക്കായി ഇവ സൂക്ഷിച്ചതിനും കേസെടുത്തു. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് മാല പറിക്കാന്‍ തുടങ്ങിയതെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.