Connect with us

Editorial

ഋഷി സുനക് സർക്കാറിൻ്റെ കുടിയേറ്റ നയം

ഇന്ത്യയിൽ നിന്നടക്കമുള്ള സാധാരണ തൊഴിലന്വേഷകർക്ക് മുമ്പിൽ വാതിൽ കൊട്ടിയടക്കരുത്. പരസ്പരാശ്രിത ലോകമാണ് യാഥാർഥ്യം. അതിർത്തിയടച്ച് കുറ്റിയിടുന്നത് ഒരു രാജ്യത്തെയും സാമ്പത്തികമായി വളർത്തില്ല.

Published

|

Last Updated

ഇന്ത്യയിൽ വേരുകളുള്ള ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനെ ഇവിടെ ആഘോഷപൂർവം വരവേറ്റപ്പോൾ ചില വിദഗ്ധർ ചൂണ്ടിക്കാണിച്ചത് അദ്ദേഹത്തിൻ്റെ കുടിയേറ്റവിരുദ്ധ നിലപാടുകളായിരുന്നു. ഋഷി സർക്കാർ ഇന്ത്യയെയടക്കം ബാധിക്കാൻ പോകുന്ന വിസാ നയങ്ങളും തൊഴിൽ നിയന്ത്രണങ്ങളും സ്വീകരിക്കാനിടയുണ്ടെന്നും അനധികൃത കുടിയേറ്റം നിയന്ത്രിക്കാനെന്ന പേരിൽ ഈ നയം നടപ്പാക്കുമെന്നും അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആ ആശങ്ക അസ്ഥാനത്തല്ലെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് ബ്രിട്ടനിൽ നിന്ന് വരുന്നത്. കുടിയേറ്റ നിയന്ത്രണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷ് സർക്കാർ. പ്രതിപക്ഷ ലേബർ പാർട്ടിയിൽ നിന്നും സ്വന്തം പാർട്ടിയായ കൺസർവേറ്റീവുകളിൽ തന്നെയും രൂക്ഷമായ എതിർപ്പുയരുന്നുണ്ട്. അതിർത്തി കൊട്ടിയടക്കുകയും ജോലി തേടിവരുന്നവരെ പോലും അനധികൃത കുടിയേറ്റക്കാരായി കാണുകയും ചെയ്യുന്നത് ബ്രിട്ടൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും സാമ്പത്തികമായി തെറ്റായ തീരുമാനമാണതെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഭാഗത്ത് കുടിയേറ്റത്തിന് പോയിൻ്റ് സമ്പ്രദായം കൊണ്ടുവരുന്നു. മറുഭാഗത്ത് എല്ലാ കുടിയേറ്റങ്ങളെയും അനധികൃതമെന്ന് മുദ്രവെക്കാൻ ശ്രമിക്കുന്നു.

ഏതെങ്കിലും മേഖലയിൽ തൊഴിൽ വൈദഗ്ധ്യം നേടിയവർക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മാത്രമേ ബ്രിട്ടനിലേക്ക് ജോലിക്കായി കുടിയേറാനാകൂവെന്നാണ് പുതുതായി കൊണ്ടുവരുന്ന നിയമം അനുശാസിക്കുന്നത്. 70 പോയിൻ്റാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ഓഫർ ലെറ്ററിനാണ് 20 പോയിൻ്റ്. തൊഴിൽ യോഗ്യതക്ക് 20 പോയിൻ്റ്. ഇംഗ്ലീഷ് പരിജ്ഞാനത്തിനാണ് 10 പോയിൻ്റ്. ഉന്നത വിദ്യാഭ്യാസ യോഗ്യതക്കാണ് ബാക്കിയുള്ള 20 പോയിൻ്റ്. ഏറ്റവും കുറഞ്ഞത് പ്രതിവർഷം 25,600 പൗണ്ടെങ്കിലും ശമ്പളം ലഭിക്കുന്ന ജോലിക്കായി മാത്രമേ തൊഴിൽ ദാതാക്കൾക്ക് വിദേശത്തുനിന്നും ആളുകളെ സ്‌പോൺസർ ചെയ്ത് കൊണ്ടുവരാനാകൂ. തൊഴിലാളികളുടെ കടന്നുവരവിന് തടസ്സമാകുന്ന നയമാണ് സർക്കാർ കൊണ്ടുവരുന്നതെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടുന്നു. സാമൂഹിക പരിരക്ഷാ മേഖലകളിൽ പുതിയ നയം വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അഭയാർഥികളായി എത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഋഷി സുനക് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ തുടരുന്ന നയം അയവേറിയതാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. പ്രധാനമന്ത്രി പദത്തിൽ എത്തുന്നതിന് മുമ്പേ തന്നെ അദ്ദേഹം ഈ നയം മുന്നോട്ട് വെച്ചിരുന്നു. കർക്കശ നടപടികളിലേക്ക് നീങ്ങുന്നതിൻ്റെ ഭാഗമായി ഋഷി സർക്കാർ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്നാണ് സൺഡേ ടൈംസ് റിപോർട്ട് ചെയ്തത്. യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സി (ഇ സി എച്ച് ആർ) ൽ നിന്നാകും ബ്രിട്ടൻ പിൻവാങ്ങുക. ഈ വർഷം 65,000 അനധികൃത കുടിയേറ്റക്കാർ രാജ്യത്തേക്ക് വരുമെന്നാണ് ബ്രിട്ടീഷ് ഏജൻസികൾ കണക്കുകൂട്ടുന്നത്. ഋഷി സുനക്കും ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രേവർമാനും ഇതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും ആഴ്ചകൾക്കകം നിയമം പ്രാബല്യത്തിലാകുമെന്നും വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. അന്താരാഷ്ട്ര കരാറിൽ ഒപ്പുവെച്ച യൂറോപ്യൻ രാജ്യമെന്ന നിലക്ക് നിർദിഷ്ട നിയമവുമായി മുന്നോട്ട് പോയാൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഋഷി സുനക് സർക്കാർ കണക്കു കൂട്ടുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇ സി എച്ച് ആറിൽ നിന്ന് പുറത്ത് കടക്കാൻ ആലോചിക്കുന്നത് ഇതുകൊണ്ടാണ്.

യൂറോപ്യൻ യൂനിയനിൽ നിന്ന് ബ്രിട്ടൻ പുറത്ത് കടക്കണമെന്ന് വാദിച്ച കൺസർവേറ്റുകളെ നയിച്ച പ്രധാന വികാരം കുടിയേറ്റ വിരുദ്ധതയായിരുന്നുവെന്ന് കൂടി ഇതിനോട് ചേർത്ത് വായിക്കണം. യൂറോപ്യൻ യൂനിയനിൽ അംഗമായത് കൊണ്ടാണ് കുടിയേറ്റ പ്രവാഹം നടക്കുന്നതെന്നും ഇങ്ങനെ വരുന്നവർ തങ്ങളുടെ സമ്പത്തിൻ്റെ നല്ല പങ്ക് ഒരു സംഭാവനയും തിരിച്ച് നൽകാതെ അടിച്ചു മാറ്റുകയാണെന്നുമുള്ള തീവ്രവലതുപക്ഷ പ്രചാരണമാണ് ബ്രക്‌സിറ്റ് ഹിതപരിശോധനയിൽ കണ്ടത്. യൂറോപ്യൻ യൂനിയനിൽ തുടർന്നാൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കേണ്ടി വരുമെന്നും ഇത് രാജ്യത്ത് തീവ്രവാദ പ്രവണത വർധിക്കുന്നതിന് കാരണമാകുമെന്നും ലീവ് (യൂറോപ്യൻ യൂനിയൻ വിടണമെന്ന് വാദിക്കുന്ന) പക്ഷം വാദിച്ചു. ഏതെങ്കിലും ഒരു ഇ യു അംഗരാജ്യത്ത് കര പറ്റുന്ന അഭയാർഥികൾക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകാമെന്ന സാധ്യതയാണ് യൂനിയൻ മുന്നോട്ട് വെച്ചിരുന്നത്. ബ്രിട്ടൻ യൂനിയനിൽ നിന്ന് പുറത്ത് പോകുന്നതോടെ അവിടേക്കുള്ള ഈ സാധ്യത നിലക്കുന്നു. ബ്രക്‌സിറ്റിൻ്റെ വിശദംശങ്ങളിൽ അന്തിമ തീരുമാനമെടുക്കാനാകാതെ തൻ്റെ മുൻഗാമികളായ തെരേസ മെയും ബോറിസ് ജോൺസണും ലിസ് ട്രസ്സും കസേര വിട്ടിറങ്ങിയിട്ടും അതേ നയവുമായി ഋഷി സുനക് മുന്നോട്ടു പോകുകയാണ്.

ബ്രിട്ടൻ്റെ ആഭ്യന്തര നയം തീരുമാനിക്കാനുള്ള പരമാധികാരം അവിടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറിനുണ്ട്. എന്നാൽ ചരിത്രപരമായി ആ രാജ്യത്തിനുള്ള ബാധ്യത മറക്കാൻ പാടില്ലാത്തതാണ്. ഏറ്റവും വിശാലമായ സാമ്രാജ്യത്വ ശക്തിയെന്ന നിലയിൽ ബ്രിട്ടൻ, കോളനിയാക്കി വെച്ച പ്രദേശങ്ങളിൽ നിന്നെല്ലാം ആർജിച്ച സമ്പത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായത്. അതുകൊണ്ട് തന്നെ ആ രാജ്യത്തിൻ്റെ അതിരുകൾക്കകത്തേക്ക് മനുഷ്യർ വന്നു കൊണ്ടിരിക്കുന്നത് ചരിത്രത്തിൻ്റെ പങ്കു ചോദിക്കലാണ്. നിയമവിരുദ്ധമായ അഭയാർഥി എന്നൊന്ന് ലോകത്തില്ലെന്നാണ് ഇതുസംബന്ധിച്ച യു എൻ കൺവെൻഷൻ പറയുന്നത്. അഭയാർഥിയെ സൃഷ്ടിക്കുന്നത് ശാക്തിക ബലാബലത്തിൽ മേൽക്കൈ നേടിയവരാണ്. അതുകൊണ്ട് മനുഷ്യത്വപരമായ സമീപനത്തിലേക്ക് ബ്രിട്ടൻ തിരിച്ചുവരണം. അഭയാർഥികളെ സ്വീകരിക്കാമെന്ന് സമ്മതിക്കുന്ന കരാറുകളിൽ നിന്ന് പിൻവാങ്ങരുത്. ഇന്ത്യയിൽ നിന്നടക്കമുള്ള സാധാരണ തൊഴിലന്വേഷകർക്ക് മുമ്പിൽ വാതിൽ കൊട്ടിയടക്കരുത്. പരസ്പരാശ്രിത ലോകമാണ് യാഥാർഥ്യം. അതിർത്തിയടച്ച് കുറ്റിയിടുന്നത് ഒരു രാജ്യത്തെയും സാമ്പത്തികമായി വളർത്തില്ല.

---- facebook comment plugin here -----

Latest