theft
നക്ഷത്ര ഹോട്ടലുകളോടുള്ള പ്രതികാരം; രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ 65കാരൻ പിടിയിൽ
കമ്മീഷന്‍ നല്‍കാതെ ഹോട്ടലുകള്‍ പറ്റിച്ചതാണ് പ്രതികാരത്തിനുള്ള കാരണം.

തിരുവനന്തപുരം | രാജ്യത്ത് വിവിധയിടങ്ങളിലായി നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചും മുന്തിയ ഭക്ഷണം കഴിച്ചും പണം നല്‍കാതെ മോഷണം നടത്തി മുങ്ങുന്ന 65കാരന്‍ കൊല്ലത്ത് പിടിയിലായി. നക്ഷത്ര ഹോട്ടലുകള്‍ മാത്രം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന തമിഴ്‌നാട്, തൂത്തുക്കുടി, നടരാജപുരം സ്ട്രീറ്റില്‍ പ്രകാശ് ഇല്ലം വീട്ടില്‍ വിന്‍സെന്റ് ജോൺ ആണ് പിടിയിലായത്. നക്ഷത്ര ഹോട്ടലുകളോടുള്ള പ്രതികാരമാണ് മോഷണങ്ങളെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ് 23ന് തിരുവനന്തപുരം നഗരത്തിലെ സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിായത്. സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് കൊല്ലം പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണത്തിനും ഭക്ഷണത്തിന് പണം നല്‍കാതെ മുങ്ങുന്നതിനും പിന്നില്‍ തീര്‍ത്തും വിചിത്രമായ ഒരു പ്രതികാര കഥയാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തേ ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചിരുന്നയാളാണ് വിന്‍സന്റ് ജോൺ. കമ്മീഷന്‍ നല്‍കാതെ ഹോട്ടലുകള്‍ പറ്റിച്ചതാണ് പ്രതികാരത്തിനുള്ള കാരണം. കേരളത്തിലും പുറത്തുമായി ഇയാള്‍ക്കെതിരെ 22 കേസുകളാണുള്ളത്. എല്ലാം ഹോട്ടലുകളിലെ ലാപ് ടോപ് മോഷണകേസുകളുമാണ്. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പ് പോലീസ് കണ്ടെത്തി. കൊല്ലത്ത് ഈ ലാപ്‌ടോപ് 15,000 രൂപക്ക് വിറ്റിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച മദ്യം 1,500 രൂപക്കും വിറ്റു. ഇയാളെ കന്റോണ്‍മെന്റ് പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.
ഇയാള്‍ക്കെതിരെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. നന്നായി ഇംഗ്ലീഷ് ഭാഷ വശമുമുള്ള ഇയാള്‍ പല പേരുകളിലാണ് തട്ടിപ്പ് നടത്തുന്നത്. വ്യവസായി ആണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരുമായി ചങ്ങാത്തത്തിലാവും. ഒന്നാംതരം സൗകര്യങ്ങളോടു കൂടിയ റൂം എടുത്ത് താമസം ആരംഭിച്ചാണ് തട്ടിപ്പ് നടത്തുക. വാക്ചാതുരിയിലൂടെ ജീവനക്കാരെ കൈയിലെടുക്കുന്ന ഇയാള്‍, മുറിയുടെ വാടകയും ഭക്ഷണത്തിന്റെ ബില്ലുമെല്ലാം മുറി ഒഴിവാകുന്ന ദിവസം അടയ്ക്കാമെന്ന് പറയും. തുടര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള മുറിയില്‍ താമസിച്ചു വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും. പിന്നീട് ഇതേ ഹോട്ടലില്‍വെച്ച് താന്‍ ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ടെന്നും അതിനായി കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെടും.
ഇതിനിടെ തന്റെ ലാപ് ടോപ്പ് തകരാറിലായെന്നും പകരം വേറൊന്നു സംഘടിപ്പിച്ചു തരണമെന്നും ജീവനക്കാരോട് ആവശ്യപ്പെടും. പിന്നീട് ഈ ലാപ്പ്‌ടോപ്പുമായി തന്ത്രപരമായി കടന്നു കളയുന്നതാണ് രീതി. ഹോട്ടലില്‍ മുറിയെടുക്കാനായി വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇയാള്‍ നല്‍കാറുള്ളത്. രാജീവ് ദേശായ്, നിര്‍മല്‍ ആന്‍ഡ്രൂ, എസ് പി കുമാര്‍, സജ്ജയ് മച്ചാഡോ, സഞ്ജയ് റാണെ, രവി ആനന്ദ്, തെരിനാഥന്‍, വിജയ്കരന്‍, മൈക്കല്‍ ജോസഫ്, ദിലീപ് സ്റ്റീഫന്‍, മൈക്കല്‍ ഫെര്‍ണാണ്ടോ തുടങ്ങി നിരവധി പേരുകളിലാണ് ഇയാള്‍ ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത്.