Connect with us

Kerala

മെഡിക്കൽ കോളജുകളിൽ ഗവേഷണം നടക്കുന്നില്ല

റഫറൽ ആശുപത്രി പ്രഖ്യാപനത്തിൽ മാത്രം

Published

|

Last Updated

കോഴിക്കോട് | ഗവേഷണങ്ങൾക്ക് വേണ്ടത്ര പ്രാധാന്യമില്ലാതെ സംസ്ഥാനത്തെ മെഡിക്കൽകോളജുകൾ. തലച്ചോറിനെയും മറ്റും ബാധിക്കുന്ന നിപ്പായടക്കമുള്ള സാംക്രമിക രോഗങ്ങൾ അടിക്കടി വർധിക്കുമ്പോഴും ചികിത്സയുടെ പ്രാധാന്യത്തിൽ മാത്രം ഒതുങ്ങുകയാണ് മെഡിക്കൽ കോളജുകൾ.

മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങൾ ഈയടുത്തായി സംസ്ഥാനത്ത് നിരവധിയെണ്ണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവയുടെ കാരണങ്ങൾ തേടി ആഴത്തിലുള്ള പഠനങ്ങൾ നടന്നിട്ടില്ല. മെഡിക്കൽ കോളജുകളിൽ ഇപ്പോഴും നിലവിലുള്ളത് വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേണാണ്. ഇതിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളുടെ എണ്ണവും സ്‌പെഷ്യാലിറ്റി സംവിധാനങ്ങളും ഏറെ വർധിച്ചിട്ടുണ്ട്. എന്നാൽ, ഇതിനനുസരിച്ച് ഡോക്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. നേരത്തേ നിയോഗിക്കപ്പെട്ട ഡോ. ബി ഇഖ്ബാൽ കമ്മിറ്റി ഇതു സംബന്ധിച്ച് സർക്കാറിന് ശിപാർശ നൽകിയെങ്കിലും നടപ്പായില്ല.

അസാധാരണ രോഗം ബാധിച്ച് രോഗി മരിച്ചാൽ അത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തണമെങ്കിൽ ധാരാളം സമയവും ഗവേഷണത്തിൽ താത്പര്യമുള്ള ഡോക്ടർമാരും വേണം. എന്നാൽ, ചികിത്സക്കു തന്നെ ഡോക്ടർമാരെ തികയാത്ത അവസ്ഥയിൽ ഈ തരത്തിലുള്ള ക്രമീകരണങ്ങൾ നടക്കാത്ത സാഹചര്യമാണ്.

മെഡിക്കൽ കോളജുകളെ റഫറൽ ആശുപത്രികളായി മാറ്റുമെന്ന് പറയുന്നത് പലപ്പോഴും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. ഇതും മെഡിക്കൽ കോളജുകളിൽ രോഗികളുടെ തിരക്ക് കൂടാൻ കാരണമാകുന്നു. മെഡിക്കൽ കോളജുകളിലെ സ്റ്റാഫ് പാറ്റേൺ തീരുമാനിക്കപ്പെടുന്നത് മെഡിക്കൽ കൗൺസിലിന്റെ നിബന്ധനകൾക്കു വിധേയമായി മാത്രമാണ്. എം ബി ബി എസ് സീറ്റുകളെയാണ് ഇതിന് ആധാരമാക്കുന്നത്. എന്നാൽ, രോഗികൾക്കനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല.

ഗവേഷണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർച്ച് പബ്ലിക്കേഷൻ ഈയിടെയായി നിർബന്ധമാക്കിയിട്ടുണ്ട്. ലബോറട്ടറി, എത്തിക്കൽ കമ്മിറ്റി, സയന്റിഫിക് കമ്മിറ്റി എന്നിങ്ങനെയുള്ള കാര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗവേഷണങ്ങൾ നാമമാത്രമാണ്. ഫണ്ടിന്റെ ലഭ്യതക്കുറവും ഗവേഷണ സാധ്യതകളെ ബാധിക്കുന്നുണ്ട്.

Latest