Business
റിപ്പോ നിരക്ക് മാറ്റമില്ല, 5.5 ശതമാനത്തില്‍ തുടരും; ആര്‍ബിഐ ഗവര്‍ണര്‍
ആര്‍ബിഐ റിപ്പോ നിരക്ക് ഈ വര്‍ഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു.

ന്യൂഡല്‍ഹി|റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി. റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി എംപിസി യോഗത്തിനുശേഷം റിസര്‍ ബേങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. കൂടാതെ ന്യൂട്രല്‍ നിലപാട് നിലനിര്‍ത്തി. ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയില്‍, ആര്‍ബിഐ റിപ്പോ നിരക്ക് ഈ വര്‍ഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികള്‍ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം.
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 700.2 ബില്യണ്‍ ഡോളറിലെത്തി, ഇത് 11 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 2.6 ശതമാനം ആയി പ്രതീക്ഷിക്കുന്നു. ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തില്‍ നാല് ശതമാനമായിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. സെപ്തംബര്‍ 29ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി അവലോകനത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്.