Connect with us

Uae

അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന് റെക്കോർഡ് എൻട്രികൾ

105 രാജ്യങ്ങളിൽ നിന്ന് 5,618 അപേക്ഷകൾ

Published

|

Last Updated

ദുബൈ| ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് 28-ാമത് പതിപ്പിന് റെക്കോർഡ് അപേക്ഷകർ. 105 രാജ്യങ്ങളിൽ നിന്നായി 5,618 ഖുർആൻ ഹാഫിളുമാർ അവാർഡ് മത്സരത്തിനായി അപേക്ഷിച്ചു. ഇതിൽ 30 ശതമാനത്തിലധികം വനിതകളാണ്. “ലോകത്തിലെ ഏറ്റവും മനോഹരമായ ഖുർആൻ ശബ്ദത്തിനായി ഞങ്ങൾ തിരയുന്നു’ എന്ന പ്രമേയത്തോടെയാണ് ഈ വർഷത്തെ അവാർഡ് പരിപാടികൾ.
വനിതകൾക്കായി ആദ്യമായി പ്രത്യേക വിഭാഗം ഉൾപ്പെടുത്തിയതും വ്യക്തിഗത നാമനിർദേശത്തിന് നേരിട്ടുള്ള അപേക്ഷാ അവസരം നൽകിയതും സമ്മാനത്തുക 12 ദശലക്ഷം ദിർഹമായി വർധിപ്പിച്ചതുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ദുബൈ ഇസ് ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ്ഡയറക്ടർ ജനറലും ഹോളി ഖുർആൻ അവാർഡിന്റെ ബോർഡ് ചെയർമാനുമായ അഹ്്മദ് ദർവീശ് അൽ മുഹൈരി പറഞ്ഞു.
ഈജിപ്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ- 1,410. പാകിസ്ഥാൻ 571 അപേക്ഷകളുമായി രണ്ടാം സ്ഥാനത്താണ്. ഇന്തോനേഷ്യ 505, ഇന്ത്യ 391, മൊറോക്കോ 248 എന്നിങ്ങനെ തുടർന്ന് വരുന്നു.
മെയ് 21 മുതൽ ജൂലൈ 20 വരെയായിരുന്നു രജിസ്‌ട്രേഷൻ കാലാവധി. അപേക്ഷകരുടെ പ്രാഥമിക വിലയിരുത്തൽ ജൂലൈയിൽ ആരംഭിച്ചു. യോഗ്യത നേടുന്നവർ സെപ്തംബറിൽ നടക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കും. അന്തിമ ഘട്ടം റമസാനിലെ രണ്ടാം ആഴ്ചയിൽ ദുബൈയിൽ നടക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ദശലക്ഷം ഡോളർ വീതം സമ്മാനം ലഭിക്കും.

Latest