Connect with us

Uae

നല്ല പെരുമാറ്റത്തിന് അംഗീകാരം; ദുബൈയില്‍ 'ഐഡിയല്‍ ഫേസ് 2' ആരംഭിച്ചു

'ഇതാണ് നമ്മള്‍ ആഗ്രഹിക്കുന്ന ദുബൈ' എന്നതാണ് ഈ വര്‍ഷത്തെ പദ്ധതിയുടെ പ്രധാന മുദ്രാവാക്യം.

Published

|

Last Updated

ദുബൈ | നല്ല പെരുമാറ്റവും മനുഷ്യത്വപരമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) ‘ഐഡിയല്‍ ഫേസ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടു. ‘ഇതാണ് നമ്മള്‍ ആഗ്രഹിക്കുന്ന ദുബൈ’ എന്നതാണ് ഈ വര്‍ഷത്തെ പദ്ധതിയുടെ പ്രധാന മുദ്രാവാക്യം.

ദുബൈയിലെ ഓരോ പൗരനും താമസക്കാരനും സന്ദര്‍ശകനും ഈ നഗരത്തിന്റെ യഥാര്‍ഥ മുഖം ലോകത്തിന് കാണിച്ചുകൊടുക്കണമെന്നാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ചെറുപുഞ്ചിരി പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അഭിപ്രായപ്പെട്ടു. ദയ, പരസ്പര ബഹുമാനം, മറ്റുള്ളവരോടുള്ള പരിഗണന എന്നിവ വളര്‍ത്താന്‍ ജി ഡി ആര്‍ എഫ് എ ജീവനക്കാര്‍, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍, യാത്രക്കാര്‍, ദുബൈയിലെ എല്ലാ താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഒരു ഇന്ററാക്ടീവ് ബൂത്ത് സ്ഥാപിക്കും. ഇവിടെ സ്മാര്‍ട്ട് സ്‌ക്രീനും കാമറയും ഉണ്ടായിരിക്കും. ജൂലൈ ഒന്ന് മുതല്‍ 13 വരെ നിങ്ങളുടെ നല്ല പെരുമാറ്റങ്ങളും മറ്റുള്ളവരുമായുള്ള സ്നേഹബന്ധങ്ങളും ഇവിടെ രേഖപ്പെടുത്താം. ഒരു നന്ദി കാര്‍ഡ് സമ്മാനമായി ലഭിക്കും. പ്രചോദനം നല്‍കുന്ന കഥകള്‍ പങ്കുവെയ്ക്കാനും ഓണ്‍ലൈന്‍ പ്രതിജ്ഞകള്‍ എടുക്കാനും ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു. 10,000-ല്‍ അധികം ആളുകള്‍ പ്രതിജ്ഞയെടുക്കുകയും 30,000 നല്ല പെരുമാറ്റങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഈ സന്ദേശം 61 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തുകയും 2,43,000 ഡിജിറ്റല്‍ ഇടപെടലുകള്‍ നടക്കുകയും ചെയ്തു.

 

Latest