Connect with us

prathivaram book review

ഇതിഹാസങ്ങളുടെ മറുവായനകൾ

പ്രാചീന മധ്യകാല മലയാളസാഹിത്യം മിക്കവാറും ഇതിഹാസോപജീവ്യങ്ങൾ തന്നെയാണെന്നു കാണാം, കണ്ണശക്കവികൾ, ചെറുശ്ശേരി, പുനംനമ്പൂതിരി, ഏഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ, രാമപുരത്തുവാര്യർ തുടങ്ങി അക്കാലത്തെ ഏതു കവികളെ എടുത്താലും അവരുടെ രചനകളെല്ലാം പ്രമേയപരമായും ആഖ്യാനപരമായും ഇതിഹാസകാവ്യങ്ങളോട് കടപ്പെട്ടുനിൽക്കുന്നു.

Published

|

Last Updated

ഹത്തായ ആഖ്യാനങ്ങളുടെ (Ground Narration) സർഗഭൂമിയാണ് ഭാരതം. ദേശവാചിയായും ഇതിഹാസവാചിയായും ഭാരതശബ്ദം ആവുന്ന സങ്കേതങ്ങളുടെ ബഹുസ്വരതയെ ഉൾക്കൊള്ളുന്നുണ്ട്. ക്ലാസ്സിക്കലും നാടോടിയുമായ കഥനരൂപങ്ങൾ ഇന്ത്യൻ സാഹിത്യത്തിന്റെ വൈവിധ്യവും വൈചിത്ര്യവുമാർന്ന ധാരകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവയിൽ ഇതിഹാസ കൃതികളെന്നു പ്രഖ്യാതമായ രാമായണ, മഹാഭാരത രചനകളാകട്ടെ ആഖ്യാനാസക്തങ്ങളുടെ സങ്കീർണ ഘടനകളെയെല്ലാം ഇഴചേർത്തുകൊണ്ടുള്ള ബൃഹദാഖ്യാന സങ്കൽപ്പത്തിന്റെ വിശ്വോത്തര മാതൃകകളുമാകുന്നു. പല പ്രാദേശിക ഭാഷകളിൽ എഴുതപ്പെടുന്ന ഇന്ത്യൻ സാഹിത്യം പല പ്രകാരേണ ഈ ഇതിഹാസ കൃതികളോട് ഏതെങ്കിലുമൊക്കെ തരത്തിൽ കടപ്പെട്ടു നിൽക്കുന്നു.

രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ഉപകഥകളും കാലാനുസൃതമായി പരിഷ്‌കരിച്ചും പുനഃസൃഷ്ടിച്ചും, പുതിയ ജീവിതസമസ്യകളെ വ്യാഖാനിക്കാൻ പാകത്തിൽ, വ്യതിരിക്ത ആഖ്യാന രൂപങ്ങളായി ഇന്ത്യൻ സാഹിത്യത്തിൽ എക്കാലത്തും അവതരിച്ചു കൊണ്ടിരിക്കുന്നു. മലയാളസാഹിത്യത്തിൽ മാത്രം ഒന്നു കണ്ണോടിച്ചാൽ മതിയാകും ഇക്കാര്യം ആർക്കും ബോധ്യമാകും. പ്രാചീന മധ്യകാല മലയാളസാഹിത്യം മിക്കവാറും ഇതിഹാസോപജീവ്യങ്ങൾ തന്നെയാണെന്നു കാണാം, കണ്ണശക്കവികൾ, ചെറുശ്ശേരി, പുനംനമ്പൂതിരി, ഏഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ, രാമപുരത്തുവാര്യർ തുടങ്ങി അക്കാലത്തെ ഏതു കവികളെ എടുത്താലും അവരുടെ രചനകളെല്ലാം പ്രമേയപരമായും ആഖ്യാനപരമായും ഇതിഹാസകാവ്യങ്ങളോടു കടപ്പെട്ടുനിൽക്കുന്നു.

ആധുനിക കാലഘട്ടത്തിൽ, പാരിണാമികമായ ജീവിതാവസ്ഥകളെയും കാലസന്ധികളെയും വ്യാഖാനിക്കുന്നതിനുള്ള ആദിപ്രരൂപ മാതൃകകളെന്ന (Archtyypal Forms) നിലയിൽ ഇതിഹാസ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സ്വീകരിക്കപ്പെടുന്നു. കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീത’, “ഉള്ളൂരിന്റെ കർണഭൂഷണം’, “വള്ളത്തോളിന്റെ ശിഷ്യനും മകനും’, “അച്ഛനും മകളും’ , “ബന്ധനസ്ഥനായ അനിരുദ്ധൻ’, “കുട്ടികൃഷ്ണമാരാരുടെ “ഭാരതപര്യടനം’, സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയം (സാങ്കേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത). പി കെ ബാലകൃഷ്ണന്റെ “ഇനി ഞാനുറങ്ങട്ടെ’, എം ടി വാസുദേവൻ നായരുടെ “രണ്ടാമൂഴം’ എന്നിങ്ങനെ വ്യത്യസ്ത രചനാരൂപങ്ങളിലായി എത്രയെത്ര കൃതികൾ ആധുനിക കാലഘട്ടത്തിൽ പിറവികൊണ്ടു. അക്കൂട്ടത്തിലേക്ക് ചേർത്തു വെക്കാവുന്ന ചില നോവലുകൾ സംഭാവന ചെയ്ത ഭാവനാസമ്പന്നനായ എഴുത്തുകാരനാണ് സുരേന്ദ്രൻ മങ്ങാട്ട്. കർമക്രിയ, കാലത്തിന്റെ തലേവരകൾ, സർവ്വംകാലകൃതം, കാളമന ചെപ്പേടുകൾ, ബലരാമൻ തുടങ്ങിയ നോവലുകളും “അണികളിലൊരാൾ’, “മണൽവീടുകൾ’, “മണ്ണും മരങ്ങളും പറഞ്ഞത്’ എന്നീ കഥാസമാഹാരങ്ങളും മതി സുരേന്ദ്രൻ മങ്ങാട്ട് എന്ന എഴുത്തുകാരനിലെ മഹത്തായ ആഖ്യാതാവിനെ (Grant Narrator) മനസ്സിലാക്കാൻ.

സുരേന്ദ്രൻ മങ്ങാട്ടിന്റെ “സർവ്വംകാലകൃതം’ (2015) എന്ന നോവൽ, ഭീഷ്മപിതാമഹനെ കേന്ദ്ര കഥാപാത്രമായി മഹാഭാരത കഥാസന്ദർഭങ്ങൾ പുനരാഖ്യാനം ചെയ്യുന്ന അതിവിശിഷ്ട രചനയാണ്. വ്യാസന്റെ കഥാപാത്രസൃഷ്ടിയുടെ ഗിരിപ്രഭാവമാതൃകകളിലൊന്നായ ഭീഷ്മരെ നായകനാക്കി ഒരു ബൃഹദ്‌നോവൽ രചിക്കുക എന്നത് നിസ്സാരകാര്യമല്ല. കാലത്തിന്റെ സാക്ഷിയോ കാലം തന്നെയോ ആയി മാറുന്ന കഥാപാത്ര പ്രതിനിധാനമാണ് “സർവ്വംകാലകൃത’ ത്തിൽ ഭീഷ്മാചാര്യന് നോവലിസ്റ്റ് ചാർത്തിക്കൊടുക്കുന്നത്. കാലത്തെയും ലോകത്തേയും മനുഷ്യമനസ്സിനേയും ദാർശനിക മാനങ്ങളിലേക്കുയർത്തി വ്യാഖ്യാനിക്കുന്ന സങ്കീർണ ഘടനയിലുള്ള നോവലാണ് “സർവ്വംകാലകൃതം’ പി കെ ബാലകൃഷ്ണനും എം ടി വാസുദേവൻ നായർക്കും ശേഷം സമകാലിക മലയാളത്തിനു ലഭിക്കുന്ന ഒരുത്തമമായ ഇതിഹാസ പുനർവായനയാണ് “സർവ്വംകാലകൃതം’ എന്ന് ഈ കൃതിയെ ആലങ്കോട് ലീലാകൃഷ്ണൻ വിശേഷിപ്പിച്ചിട്ടുണ്ട്.

“സർവ്വം കാലകൃത’ ത്തിന്റെ കർത്താവിൽ നിന്നും മലയാള നോവൽ സാഹിത്യത്തിനു ലഭിക്കുന്ന പുതിയ രചനാരൂപമാണ് “ബലരാമൻ’. മഹാഭാരതത്തിലെ മർമപ്രധാനമായ കുരുക്ഷേത്ര യുദ്ധ സന്ദർഭത്തിൽ നിന്നുമാണ് ബലരാമൻ എന്ന നോവൽ പിറവികൊള്ളുന്നത്. വൃഷ്ണിവംശത്തിൽ അഥവാ യാദവകുലത്തിൽ പിറന്ന വീരസഹോദരന്മാർ എന്ന നിലയിൽ ശ്രീകൃഷ്ണനും ബലരാമനും പ്രഖ്യാത കഥാപാത്രങ്ങളാണ്. ഇതിൽ ശ്രീകൃഷ്ണ കഥാപാത്രത്താൽ പ്രചോദിരാകാത്ത എഴുത്തുകാർ ഇന്ത്യൻ സാഹിത്യത്തിൽ ഇല്ലെന്നുതന്നെ പറയാം. ക്ലാസ്സിക്കൽ നാടോടി സാഹിത്യത്തിൽ, പല രൂപഭാവങ്ങളിൽ, നിത്യഹരിതനായകത്വം നേടിയ കഥാപാത്രമാണ് കൃഷ്ണൻ. കൃഷ്ണകഥാ സാഹിത്യരൂപങ്ങളിലെല്ലാം കൃഷ്ണന്റെ നിഴൽപറ്റി നിൽക്കുന്ന കഥാപാത്രമായാണ് ബലരാമൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ബലരാമന്റെ കാഴ്ചപ്പാടുകൾക്കോ ലൗകിക വീക്ഷണങ്ങൾക്കോ പൂർവകൃതികളിൽ മതിയായ സ്ഥാനം കിട്ടാതെപോയി. കൃഷ്ണന്റെ നിഴൽപ്പുറത്തുമാത്രം നിലകൊണ്ടിരുന്ന ബലരാമനെ സ്വന്തം വ്യക്തിത്വത്തിന്റെ പ്രകാശഭൂമിയിൽ വീണ്ടെടുത്തവതരിപ്പിക്കുകയാണ് സുരേന്ദ്രൻ മങ്ങാട്ട് ഈ നോവലിൽ.

ബലരാമൻ എന്ന പേരു തന്നെ നോവൽ ശീർഷകമാക്കിയിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
പതിനാറ്‌ അധ്യായങ്ങളിൽ, നൂറിൽ താഴെ പുറങ്ങളിൽ മഹാഭാരത കഥയുടെ ആന്തരസത്ത സുരേന്ദ്രൻ മങ്ങാട്ട് ഈ നോവലിൽ ഉൾച്ചേർത്തിരിക്കുന്നു. യുദ്ധജയങ്ങളെല്ലാം ആത്യന്തികമായി ദുഃഖപര്യവസായിയായി പരിണമിക്കുന്നു എന്ന ദർശനത്തിൽ നിന്നാണ് ബലരാമൻ നോവൽ രൂപപ്പെടുന്നത്. മഹാഭാരതരചനക്ക് “ജയം’ എന്ന പേരാണ് വ്യാസകവി ആദ്യം കൽപ്പിച്ചിരുന്നതെന്ന കാര്യവും ഇവിടെ ഓർക്കുക. യുദ്ധത്തിൽ ജയം എന്നത് ആപേക്ഷികമായ ഒരു സങ്കൽപ്പം മാത്രമാണെന്നും ആത്യന്തികമായി അത് മനുഷ്യന്റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും വ്യാസപ്രതിഭ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്.

മഹാബലവാനും ബുദ്ധിമാനും യുദ്ധതന്ത്രജ്ഞനും അജയ്യനുമായ ബലരാമൻ, യുദ്ധത്തിന്റെ നിരർഥകത തിരിച്ചറിഞ്ഞ്, അതൊഴിവാക്കാനും സന്ധിയിലൂടെ സമാധാനം പുനഃസ്ഥാപിക്കാനും ശ്രമിച്ച യാദവരാജാവുകൂടിയായിരുന്നു. ഈ നിലയിൽ ബലരാമകഥാപാത്രത്തിലൂടെ മഹാഭാരതകഥയിൽ ഒരു പുനർവായന സാധ്യമാക്കുകയാണ് സുരേന്ദ്രൻ മങ്ങാട്ടിന്റെ “ബലരാമൻ’ എന്ന നോവൽ. പുലിറ്റ്്സർ ബുക്്സാണ് പ്രസാധകർ.

Latest