Kerala
അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി പി എമ്മിലെ ദിവ്യ റെജി മുഹമ്മദ് രാജിവച്ചു
നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് പ്രസാദിനാണ് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് രാജി എന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

അടൂര്‍ | നഗരസഭ ചെയര്‍പേഴ്‌സണ്‍ സി പി എമ്മിലെ ദിവ്യ റെജി മുഹമ്മദ് തത്സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സിലിനു ശേഷമാണ് നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് പ്രസാദിന് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് രാജി എന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
സി പി ഐയിലെ ഡി സജി എല്‍ ഡി എഫ് ധാരണ പ്രകാരമുള്ള കാലയളവായ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെയാണ് 2023 ഫെബ്രുവരി 16ന് ദിവ്യ റെജി മുഹമ്മദ് ചുമതലയേറ്റത്. തുടര്‍ന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേവേയാണ് ഇവര്‍ രാജിവച്ചൊഴിയുന്നത്. സി പി എം പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ ചില വിവാദങ്ങളാണ് ചെയര്‍പേഴസ്ന്റെ രാജിയില്‍ കലാശിച്ചത്. ദിവ്യ റെജി മുഹമ്മദിനെതിരേ ഒരു സി പി എം കൗണ്‍സിലര്‍ പരസ്യമായി ആരോപണം ഉന്നയിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കൗണ്‍സിലര്‍ക്കെതിരേ നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കാന്‍ ദിവ്യ സന്നദ്ധയായി. തുടര്‍ന്ന് പാര്‍ട്ടിക്ക് കൗണ്‍സിലര്‍ വിശദീകരണം നല്‍കുകയും ചെയ്തു.
ഡി സജി രാജിവച്ചപ്പോള്‍ സി പി എമ്മില്‍ നിന്നും ആരാകും ചെയര്‍മാനാകുക എന്നതു സംബന്ധിച്ച് നീണ്ട ചര്‍ച്ചകളും പിന്നീട് ചില തര്‍ക്കങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ നഗരസഭാ ഭരണസമതിയിലെ വൈസ് ചെയര്‍പേഴ്‌സണായിരുന്ന ദിവ്യ റെജി മുഹമ്മദിനു നറുക്കു വീഴുകയായിരുന്നു. ഇത് പാര്‍ലിമെന്ററി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചു. ആരോപണ വിധേയരെ ഒഴിവാക്കി ദിവ്യ റെജി മുഹമ്മദിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിച്ച അതേ നിലപാടാകും അടുത്ത ഏതാനും മാസത്തേക്കുള്ള അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലും പാര്‍ട്ടി സ്വീകരിക്കുക. കെ മഹേഷ് കുമാറിന്റെ പേരാണ് സി പി എം പരിഗണിക്കുന്നതെന്നാണ് സൂചന.