Kerala
യുദ്ധ വ്യാപനത്തിനെതിരെ മാനവസമൂഹം ഒന്നിക്കണം : കാന്തപുരം
പശ്ചിമേഷ്യയില്‍ യുദ്ധം സങ്കീര്‍ണമായാല്‍ ലോകമെങ്ങുമുള്ള ജനങ്ങളെ അത് ബാധിക്കും

കോഴിക്കോട് | പശ്ചിമേഷ്യയില്‍ അശാന്തി വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈല്‍ നടപടികള്‍ മനുഷ്യത്വ വിരുദ്ധമാണെന്നും യുദ്ധ വ്യാപനത്തിനെതിരെ ഭരണാധികാരികളും മാനവസമൂഹവും ഒന്നിക്കമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
മര്‍കസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയില്‍ യുദ്ധം സങ്കീര്‍ണമായാല്‍ ലോകമെങ്ങുമുള്ള ജനങ്ങളെ അത് ബാധിക്കും. അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും മാനവികതക്കും വിലകല്‍പ്പിക്കാത്ത ഇസ്‌റാഈല്‍ ഭരണകൂടം ആധുനിക ലോകത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുള്‍പ്പെടെ ആയിരത്തിലധികം പേര്‍ സംബന്ധിച്ച സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ഥന സദസ്സിന് നേതൃത്വം നല്‍കി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, സി പി ഉബൈദുല്ല സഖാഫി, സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര, ബശീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, നൗഷാദ് സഖാഫി കൂരാറ, അബ്ദുസത്താര്‍ കാമില്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, സൈദാലികുട്ടി ഹാജി കഞ്ഞിപ്പുര തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: മര്‍കസ് അഹ്ദലിയ്യ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു.