IPL 2023
ആവേശപ്പോരില്‍ രാജസ്ഥാനെതിരെ ആര്‍ സി ബിക്ക് ജയം
രാജസ്ഥാന് വേണ്ടി ദേവ് ദത്ത് പടിക്കല്‍ നേടിയ അര്‍ധ സെഞ്ചുറി (34 ബോളില്‍ 52) പാഴായി.

ബെംഗളൂരു | അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് റണ്‍സിന്റെ വിജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സിലൊതുങ്ങി. രാജസ്ഥാന് വേണ്ടി ദേവ് ദത്ത് പടിക്കല്‍ നേടിയ അര്‍ധ സെഞ്ചുറി (34 ബോളില്‍ 52) പാഴായി.
ക്യാപ്റ്റന്‍ വിരാട് കോലി സംപൂജ്യനായി മടങ്ങിയെങ്കിലും ഫാഫ് ഡുപ്ലിസിസും ഗ്ലെന്‍ മാക്‌സ് വെല്ലും നടത്തിയ വെടിക്കെട്ടില്‍ ആര്‍ സി ബി മികച്ച സ്‌കോര്‍ നേടുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ഡുപ്ലിസിസ് 39 ബോളിൽ 62ഉം മാക്‌സ് വെല്‍ 44 ബോളില്‍ 77ഉം റണ്‍സ് നേടി. മറ്റ് ബാറ്റ്മാന്മാരില്‍ ദിനേശ് കാര്‍ത്തിക് മാത്രമാണ് രണ്ടക്കം കടന്നത്.
രാജസ്ഥാന് വേണ്ടി ട്രെന്റ് ബൗള്‍ട്ടും സന്ദീപ് ശര്‍മയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. രാജസ്ഥാന്റെ ഓപണര്‍ ജോസ് ബട്ട്‌ലര്‍ സംപൂജ്യനായി മടങ്ങിയത് തിരിച്ചടിയായിരുന്നു. പിന്നീട് യശസ്വി ജെയ്‌സ്വാളും ദേവ് ദത്ത് പടിക്കലും ചേര്‍ന്നാണ് ആശ്വാസം പകര്‍ന്നത്. ജെയ്‌സ്വാള്‍ 47 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 22 റണ്‍സ് മാത്രമാണെടുത്തത്. മധ്യനിരയിലെ ധ്രുവ ജൂറല്‍ 16 ബോളില്‍ 34 റണ്‍സെടുത്തതാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ആര്‍ സി ബി ബാറ്റിംഗ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു.