Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 18 ന്; എന്‍ ഡി എക്ക് ഒരു സീറ്റ് കുറഞ്ഞേക്കും

നിയമസഭകളിലെ അംഗസംഖ്യ വച്ച് കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടാനും സാധ്യതയുണ്ട്

Published

|

Last Updated

ന്യുഡല്‍ഹി | ഒഴിവ് വരുന്ന 26 രാജ്യ സഭാ സീറ്റുകളിലേക്ക് ജൂണ്‍ 18 നു തെരഞ്ഞെടുപ്പു നടക്കും. ജൂണ്‍ 21 നും ജൂലൈ 19 നും കാലാവധി കഴിയുന്ന അംഗങ്ങളുടെ സീറ്റുകളിലേക്കാണ് മത്സരം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്, കേന്ദ്രമന്ത്രിമാരായ രണ്‍വീത് സിംഗ്, ജോര്‍ജ് കുര്യന്‍ എന്നിവരാണ് കാലാവധി പൂര്‍ത്തായാക്കുന്ന പ്രമുഖര്‍. ആദ്യമായി വിജയ് നേതൃത്വം നല്‍കുന്ന ടി വി കെ പ്രതിനിധി രാജ്യസഭയില്‍ എത്തിയേക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

തെരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എക്ക് ഒരു സീറ്റ് കുറഞ്ഞേക്കും. നിയമസഭകളിലെ അംഗസംഖ്യ വച്ച് കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടാനും സാധ്യതയുണ്ട്. നിലവില്‍ 244 അംഗങ്ങളുള്ള രാജ്യസഭയില്‍ എന്‍ ഡി എയ്ക്ക് 149 എംപിമാരുണ്ട്. പ്രതിപക്ഷത്തിന് 78 അംഗങ്ങളും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് 17 സീറ്റുകളുമുണ്ട്.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നാല് സീറ്റുകള്‍ വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവും ജാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഇതിന് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും.

തെരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റുകളില്‍ 18 എണ്ണം എന്‍ ഡി എയുടെയും നാലെണ്ണം കോണ്‍ഗ്രസിന്റെയും കൈവശമാണ്. വൈ എസ് ആര്‍ കോണ്‍ഗ്രസിന് മൂന്നും ജെ എം എമ്മിന് ഒരു സീറ്റുമുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം എന്‍ ഡി എയുടെ സീറ്റ് 17 ആയി കുറഞ്ഞേക്കും. കോണ്‍ഗ്രസ് തങ്ങളുടെ സീറ്റ് നില 5 ആയി ഉയര്‍ത്തിയേക്കാം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രണ്ട് സീറ്റുകള്‍ നേടിയേക്കും.

എ ഐ എ ഡി എം കെ നേതാവ് സി വി ഷണ്‍മുഖന്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ വോട്ട് കണക്കുകള്‍ പ്രകാരം ഈ സീറ്റ് വിജയിയുടെ ടി വി കെ നേടാനാണ് സാധ്യത.

കര്‍ണാടകയില്‍ നാല് സീറ്റുകളില്‍ മൂന്നെണ്ണം ഭരണകക്ഷിയായ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പിക്ക് ഒരു സീറ്റ് ലഭിച്ചേക്കും. ആന്ധ്രയിലെ നാല് സീറ്റുകളും തെലുഗുദേശം പാര്‍ട്ടി ജയിച്ചേക്കും ഗുജറാത്തിലെ നാല് സീറ്റുകളിലും ബി ജെ പി വിജയം ഉറപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി രണ്ട് സീറ്റുകള്‍ വീതവും കോണ്‍ഗ്രസ് ഓരോ സീറ്റുകള്‍ വീതവും നേടിയേക്കും. എന്‍ സി പി നേതാവ് സുനേത്ര പവാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവെച്ച സീറ്റിലേക്കാണ് മഹാരാഷ്ട്രയില്‍ ഉപതെരഞ്ഞെടുപ്പ്. ഈ സീറ്റ് എന്‍ ഡി എ നിലനിര്‍ത്താനാണ് സാധ്യത. ജെ എം എം-കോണ്‍ഗ്രസ് സഖ്യം രണ്ട് സീറ്റുകളിലും വിജയിക്കാന്‍ സാധ്യതയുണ്ടെങ്കിലും, ക്രോസ് വോട്ടിംഗിലൂടെ ഒരു സീറ്റ് പിടിച്ചെടുക്കാന്‍ ബി ജെ പിയും ശ്രമം നടത്തുന്നുണ്ട്.

 

Latest