Pathanamthitta
മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ ഒരു മരണം; 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു
കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

പത്തനംതിട്ട | കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. റാന്നി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നി 17, കോന്നി 16, മല്ലപ്പള്ളി 12, തിരുവല്ലയില്‍ 10, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി എട്ടു വീതവും വീടുകളാണ് തകര്‍ന്നത്.
കാറ്റില്‍ മരം വീണ് മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ മേതലപ്പടി വെള്ളിക്കര വീട്ടില്‍ ബേബി ജോസഫ് (62) മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റില്‍ വീടിന് പുറകു വശത്തുള്ള മരങ്ങള്‍ കടപുഴകി വീടിനു സമീപത്തെ ഷെഡിന് മുകളില്‍ വീഴുകയായിരുന്നു. ഈ സമയം ഷെഡില്‍ ഉണ്ടായിരുന്ന ബേബി അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ബേബി ഒറ്റക്കായിരുന്നു വീട്ടില്‍. അപകടത്തില്‍ കാലിന് പരിക്കേറ്റ് മണിമലയുള്ള സഹോദരിയുടെ വീട്ടിലായിരുന്നു ബേബിയുടെ ഭാര്യ ജ്യോതി.
ഏറനേരം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെതുടര്‍ന്ന് അയല്‍വാസികളെ ജ്യോതി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരം വീണ് തകര്‍ന്ന ഷെഡില്‍ നിന്നും രാത്രിയില്‍ മൃതദേഹം കണ്ടെത്തിയത്. മണിമല സ്റ്റാന്റിലെ ടാക്സി ഡ്രൈവറാണ്.
തിരുവല്ല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 473 കര്‍ഷകര്‍ക്ക് 25.82 ഹെക്ടര്‍ സ്ഥലത്ത് 99.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. റബര്‍,വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്. കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.