INDIAN RAILWAY
മേലുദ്യോഗസ്ഥനോട് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ റെയില്‍ സിഗ്നല്‍ വയറുകള്‍ അറുത്തിട്ടു; രണ്ട് പേരെ പിരിച്ചുവിട്ടു
കോഴിക്കോട് റെയില്‍വേ സിഗ്നല്‍ സീനിയര്‍ എഞ്ചിനിയറോടുള്ള വിരോധം തീര്‍ക്കാനാണ് സിഗ്നല്‍ താറുമാറാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു

കോഴിക്കോട് | മേലുദ്യോഗസ്ഥനോട് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തീവണ്ടി ഗതാഗതം താറുമാറാക്കിയ രണ്ട് തൊഴിലാളികളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ മാര്‍ച്ചിലാണ് കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനിലെ ജീവനക്കാരായ പ്രവീണ്‍ രാജ്, ജിനേഷ് എന്നിവര്‍ റെയില്‍ ഗതാഗതം താറുമാറാക്കിയത്. ഫറോക്കിനും വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അഞ്ചിടത്ത് സിഗ്നല്‍ വയറുകള്‍ അറുത്ത് മാറ്റുകയായിരുന്നു. സിഗ്നല്‍ വയറുകള്‍ പര്‌സപരം മാറ്റി നല്‍കുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് റെയില്‍വേ സിഗ്നല്‍ ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം സീനിയര്‍ ഡിവിഷണല്‍ ഓഫീസര്‍ അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ സിഗ്നല്‍ സീനിയര്‍ എഞ്ചിനിയറോടുള്ള വിരോധം തീര്‍ക്കാനാണ് സിഗ്നല്‍ താറുമാറാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
വിദഗ്ദ പരിശീലനം കിട്ടിയ തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ആര്‍ പി എഫ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ സി ജെ എം കോടതിയുടെ പരിഗണനയിലാണ്.