Kerala
വയനാടന്‍ സ്‌നേഹത്തിലേക്ക് പറന്നിറങ്ങി രാഹുലും പ്രിയങ്കയും
രാഹുലിനൊപ്പം പ്രിയങ്കയും; മൂവർണക്കൊടിയുമായി ആയിരങ്ങൾ

കല്‍പ്പറ്റ | പാര്‍ലിമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം തന്റെ പാര്‍ലിമെന്റ് മണ്ഡലമായിരുന്ന വയനാട്ടിലെത്തി രാഹുല്‍ ഗാന്ധി. പൂര്‍വോപരി ആവേശഭരിതമായ സ്വീകരണമാണ് കോണ്‍ഗ്രസ്സിന്റെയും യു ഡി എഫിന്റെയും പ്രവര്‍ത്തകര്‍ രാഹുലിന് വയനാട്ടില്‍ ഒരുക്കിയത്.
വി ആര്‍ വിത്ത് രാഹുല്‍, മൈ ഹൗസ് ഫോര്‍ യു എന്നീ പ്ലക്കാര്‍ഡുകളുമായാണ് ആയിരങ്ങള്‍ കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്ത് സംഗമിച്ചത്. അതോടൊപ്പം, പാർട്ടകളുടെ പതാകകൾക്കു പകരം ദേശീയ പതാകയുമായാണ് ആയിരക്കണക്കിന് വയനാട്ടുകാര്‍ കല്‍പ്പറ്റയിലെത്തിയത്.
രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പറന്നിറങ്ങിയതോടെ ആവേശം കൊടുമുടി കയറി. രോമാഞ്ചം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ രാഹുലിനെയും പ്രിയങ്കയെയും വരവേറ്റത്.
തുടര്‍ന്ന്, ഇരുവരും സത്യമേവ ജയതേ എന്ന് ആലേഖനം ചെയ്ത തുറന്ന ട്രക്കിലേറി റോഡ് ഷോ നടത്തി. ഈ സമയത്തെല്ലാം ‘ജീവന്‍വേണേല്‍ ജീവന്‍ നല്‍കാം’ എന്നും മോദിക്കെതിരെയും ആവേശം തിളക്കുന്ന മുദ്രാവാക്യങ്ങളുയര്‍ന്നു.
കെ സി വേണുഗോപാല്‍ എം പി, കെ സുധാകരന്‍, പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യു ഡി എഫ് നേതാക്കൾ തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ അണിനിരന്നു.