Kerala
'ജനകീയ പ്രതിരോധ ജാഥക്ക് പണം നല്‍കിയില്ലെങ്കില്‍ പോലീസിനെ കൊണ്ട് പിടിപ്പിക്കും'; മണല്‍ കടത്തുകാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി
പമ്പാനദിയില്‍ നിന്ന് മണല്‍ കള്ളക്കടത്ത് നടത്തുന്ന ആളോടാണ് ബ്രാഞ്ച് സെക്രട്ടറി പണം ചോദിച്ചത്.

പത്തനംതിട്ട | സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്കായി മണല്‍ കടത്തുകാരനോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറി ഫോണ്‍ സംഭാഷണം പുറത്ത്. കോഴഞ്ചേരി, കുറിയന്നൂര്‍ പള്ളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണാണ് മണല്‍ കടത്തുകാരനോട് പതിനയ്യായിരം രൂപ ആവശ്യപ്പെടുന്നത്. പണം നല്‍കിയില്ലെങ്കില്‍ പോലീസിനെക്കൊണ്ട് മണല്‍ കടത്ത് പിടിപ്പിക്കുമെന്നും അരുണ്‍ ഫോണില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
പമ്പാനദിയില്‍ നിന്ന് മണല്‍ കള്ളക്കടത്ത് നടത്തുന്ന ആളോടാണ് ബ്രാഞ്ച് സെക്രട്ടറി പണം ചോദിച്ചത്. പതിനയ്യായിരം രൂപ തന്നില്ല എങ്കില്‍ മണല്‍കടത്ത് പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും പണം നല്‍കിയാല്‍ എത്ര മണല്‍ വേണമെങ്കിലും വാരി കൊള്ളാനും കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറിയായ അരുണ്‍ മണല്‍ കടത്തുകാരനോട് പറയുന്നു. മൂവായിരം രൂപ നല്‍കാമെന്ന് മണല്‍ കടത്തുകാരന്‍ പറയുമ്പോള്‍ അത് പോരാ എന്നും പതിനയ്യായിരം രൂപ നല്‍കണമെന്നും വീണ്ടും ഭീഷണിപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയെ സഹായിച്ചാല്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുമെന്നും അരുണ്‍ പറയുന്നു.
മണല്‍ കടത്തുകാരനുമായുള്ള സംഭാഷണം പുറത്തുവന്നതോടെ ഫോണ്‍ സംഭാഷണത്തിലുള്ളത് തന്റെ ശബ്ദമാണെന്നും എഡിറ്റിംഗ് നടന്നിട്ടുണ്ടാകാം എന്ന വാദവുമായി അരുണ്‍ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ജില്ലാ നേതൃത്വം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല