Connect with us

gulam nabi azad

ചോദ്യങ്ങൾക്ക് ഉത്തരം വേണം

അധികാരം ലക്ഷ്യമിട്ട്, വരും ദിനങ്ങളിൽ ഗുലാം നബി ആസാദും തീവ്രഹിന്ദുത്വവുമായി സന്ധിചെയ്യാൻ മെയ്‌വഴക്കം കാണിച്ചേക്കാം. എങ്കിലും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം കാണേണ്ട ബാധ്യതയുണ്ട് കോൺഗ്രസ്സ് പാർട്ടിക്കും വിമർശന വിധേയനായ രാഹുൽ ഗാന്ധിക്കും. ആ ഉത്തരങ്ങൾ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി മാത്രമുള്ളതല്ല, മതനിരപേക്ഷ ജനാധിപത്യമായി രാജ്യം തുടരുന്നതിന് കൂടിയുള്ളതാണെന്ന് തിരിച്ചറിയുക എന്നത് പ്രധാനമാണ്.

Published

|

Last Updated

രാജി അറിയിച്ച് ഗുലാം നബി ആസാദ് കോൺഗ്രസ്സിന്റെ താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലെ ആക്ഷേപങ്ങളും ആരോപണങ്ങളും ഏതുകാലത്തും ആ പാർട്ടിക്കെതിരെ ഉയർന്നു കേട്ടവ തന്നെയാണ്. പാർട്ടിയുടെ നേതൃത്വം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് ഹൈക്കമാൻഡ് എന്നറിയപ്പെടുന്ന ദേശീയ നേതൃത്വത്തിനെതിരെയും വിവിധ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെയും പലകാലങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ കാര്യത്തിൽ അതേറ്റം ശക്തമായത് അടിയന്തരാവസ്ഥയിലും അതിനുശേഷം കോൺഗ്രസ്സിനുണ്ടായ വലിയ പരാജയ കാലത്തുമായിരുന്നു. കോൺഗ്രസ്സിൽ ഔ
ദ്യോഗിക സ്ഥാനമോ പാർലിമെന്റിൽ അംഗത്വമോ ഇല്ലാതിരുന്ന സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ബൻസി ലാൽ, ഓം മേത്ത, ആർ കെ ധവാൻ, വിദ്യാചരൺ ശുക്ല, അംബികാ സോണി, ജഗ്‌മോഹൻ, ധിരേന്ദ്ര ബ്രഹ്മചാരി എന്നിങ്ങനെ പലപേരുകൾ ചേർന്നതായിരുന്നു ഉപജാപക സംഘം. കിച്ചൻ ക്യാബിനറ്റ് എന്ന് കൂടി അറിയപ്പെട്ട ഉപജാപക സംഘത്തിന്റെ ഉപദേശങ്ങൾക്കനുസരിച്ച് ഇന്ദിരാ ഗാന്ധി പ്രവർത്തിച്ചതാണ് അടിയന്തരാവസ്ഥയിലെ കൊടിയ ക്രൂരതകൾക്കും കോൺഗ്രസ്സിന്റെ വലിയ തോൽവിക്കും കാരണമായതെന്ന് പാർട്ടിയിലെ നേതാക്കൾ തന്നെ അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. ഇതേ സഞ്ജയ് ഗാന്ധി, നേതൃതലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നയാളാണ് താനെന്ന് സാഭിമാനം പറഞ്ഞുകൊണ്ടാണ് ഇളമുറക്കാരനായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശങ്ങൾ ഗുലാം നബി ചൊരിയുന്നത്.
സഞ്ജയിലൂടെ ഇന്ദിരയുമായും പിന്നീട് രാജീവ്, സോണിയ ഗാന്ധിമാരുമായും അടുത്ത ബന്ധം നിലനിർത്തുകയും ആ ബന്ധത്തിന്റെ ബലത്തിൽ ഉപജാപക സംഘാംഗമെന്ന് ഇതര നേതാക്കളാൽ കുറ്റപ്പെടുത്തപ്പെടുകയും ചെയ്ത വ്യക്തിയുമാണ് ഗുലാം നബി ആസാദ്. രാജിക്ക് ശേഷം അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാനായി കോൺഗ്രസ്സിലെ ശേഷിക്കുന്ന നേതാക്കൾ നിരത്തുന്ന സ്ഥാനങ്ങളുടെ പട്ടിക അദ്ദേഹത്തിന് ലഭിച്ചതിന് ഒരു കാരണം കോൺഗ്രസ്സ് ഭരിച്ച നെഹ്‌റു കുടുംബാംഗങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം തന്നെയാണ് താനും. കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുക, പാർട്ടി പദവികൾ ഇഷ്ടക്കാർക്ക് വീതിച്ച് നൽകുക, ആഭ്യന്തര ജനാധിപത്യം തീരെ ഇല്ലാതിരിക്കുക, സംഘടനാ തിരഞ്ഞെടുപ്പിന് ശ്രമം തുടങ്ങിയാൽ അതിനെ ആസൂത്രിതമായി അട്ടിമറിക്കുക, ഹൈക്കമാൻഡിന്റെ അനിഷ്ടത്തിന് പാത്രീഭവിക്കുന്ന നേതാക്കളെ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്യുക എന്നതെല്ലാം ഹൈക്കമാൻഡിൽ ഗുലാം നബി ആസാദിന് സ്വാധീനമുണ്ടായിരുന്ന കാലത്തെ പതിവുകളുമാണ്.

രാജിക്കത്തിൽ ആസാദ് പറയുന്ന കോൺഗ്രസ്സിന്റെ തകർച്ച, അതും അദ്ദേഹം പറയുന്നത് പോലെ രാഹുൽ ഗാന്ധി ഉപാധ്യക്ഷപദമേറ്റ 2013ൽ ആരംഭിച്ചതല്ല. സ്വന്തം രാഷ്ട്രീയമെന്തെന്ന് നിശ്ചയമില്ലാതെ, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പ്രസ്ഥാനത്തിന്റെ തുടർച്ചയെന്ന ബലത്തിൽ തുടർന്ന പ്രസ്ഥാനത്തിന് കാലാന്തരത്തിൽ സംഭവിച്ച തകർച്ചയുടെ ബാക്കിയാണ് 2013ന് ശേഷം സംഭവിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ജഹവർ ലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച ചേരിചേരാ നയം (അന്താരാഷ്ട്ര തലത്തിൽ മാത്രമല്ല, ആഭ്യന്തര സമ്പദ് വ്യവസ്ഥയിലും) തികഞ്ഞ സോഷ്യലിസമെന്നതിലേക്ക് മാറ്റുമ്പോൾ ഇന്ദിരാഗാന്ധിക്ക് പാർട്ടിയിലെയും അതുവഴി രാജ്യത്തെയും അധികാരമുറപ്പിക്കൽ മാത്രമായിരുന്നു ലക്ഷ്യം. ഇന്ദിരയുടെ കാലത്തുതന്നെ കമ്പോള സമ്പദ് വ്യവസ്ഥയിലേക്ക് മാറിത്തുടങ്ങിയ രാഷ്ട്രീയം രാജീവ് ഗാന്ധിയുടെയും പിന്നീട് നരസിംഹറാവുവിന്റെയും കാലത്ത് അതിൽ മുങ്ങിത്താണു. ഇതേ സ്ഥിരതയില്ലായ്മ, മതനിരപേക്ഷ ജനാധിപത്യമെന്ന സങ്കൽപ്പത്തിന്റെ കാര്യത്തിലും ആ പാർട്ടി കാണിച്ചു. അതൊരുപക്ഷേ സ്വാതന്ത്ര്യത്തിന് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് മാത്രം. പാർട്ടിക്കുള്ളിലെ തീവ്ര- മൃദു ഹിന്ദുത്വ നിലപാടുകാരെ ഉറപ്പിച്ചു നിർത്താനും പിന്നീട് സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വ രാഷ്ട്രീയം വേരുപിടിക്കുന്നത് തടയാനും കോൺഗ്രസ്സ് സ്വീകരിച്ചത് മൃദുഹിന്ദുത്വ നയം സ്വീകരിക്കുക എന്ന തന്ത്രമായിരുന്നു. എല്ലാ തലങ്ങളിലും സ്ഥിരതയുള്ള രാഷ്ട്രീയ നിലപാടില്ലാതിരുന്ന പ്രസ്ഥാനത്തിന് സ്വാഭാവികമായി സംഭവിക്കാവുന്ന തകർച്ച തുടങ്ങുന്നത്, ആദ്യം പറഞ്ഞ അടിയന്തരാവസ്ഥയിലെ ഉപജാപക സംഘത്തിന്റെ കാലത്തുതന്നെ. ആ തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവിന് ജനതാപരിവാറിന്റെ ആഭ്യന്തര വൈരുധ്യങ്ങളും ഇന്ദിരാഗാന്ധിയുടെ വധവും സഹായകമായെങ്കിലും മണ്ഡൽ രാഷ്ട്രീയവും 1992ലെ ബാബരി മസ്ജിദിന്റെ തകർച്ചയും ആ പാർട്ടിയെ പിന്തുണച്ചിരുന്ന വിഭാഗങ്ങളെ പൂർണമായി അകറ്റി.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത, അപ്പോഴും ചെറിയ അളവിലാണെങ്കിലും ഇപ്പോഴും രാജ്യത്തെല്ലായിടത്തും വേരുകളുള്ള പ്രസ്ഥാനത്തിന് ജനപിന്തുണ തിരിച്ചുപിടിക്കണമായിരുന്നുവെങ്കിൽ ശ്രമിക്കേണ്ടിയിരുന്നത് 1990കളിലായിരുന്നു. അപ്പോൾ അതിന് ശ്രമിക്കാതിരുന്ന നേതൃത്വത്തിന്റെ ഭാഗമായിരുന്നു ഗുലാം നബി ആസാദ്. അതുണ്ടാകാതിരിക്കെ, തീവ്ര ഹിന്ദുത്വ അജൻഡകളിലൂടെ ഇടംപിടിച്ച ബി ജെ പിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ- സോഷ്യലിസ്റ്റ് ചേരികൾ കൈകോർത്തപ്പോഴാണ് കോൺഗ്രസ്സിന് അനക്കമുണ്ടായത്. അപ്പോഴും പാരമ്പര്യത്തിന്റെ വലുപ്പവും അത് സമ്മാനിച്ചിട്ടുണ്ടെന്ന് അവരിപ്പോഴും കരുതുന്ന ബലവും തുടർന്നങ്ങോട്ടും സഹായിക്കുമെന്ന മിഥ്യാധാരണയിൽ മുഴുകിയിരുന്നു ആ പാർട്ടിയുടെ നേതൃത്വം. അപ്പോഴും നേതൃനിരയിലുണ്ടായിരുന്നു ഗുലാം നബി ആസാദ്.

ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുന്ന 2013 വരെ ഇതൊക്കെത്തന്നെയായിരുന്നു സാഹചര്യമെങ്കിലും അതുവരെ അധികാരമോ അധികാരത്തിലെത്താൻ സാധ്യതയോ ഉള്ള സംസ്ഥാനങ്ങൾക്ക് കുറവില്ലായിരുന്നു കോൺഗ്രസ്സിന്. 2013 മുതലിങ്ങോട്ടുള്ള കാലം അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നത് പോലെ തുടർച്ചയായ പരാജയങ്ങളുടേതാണ്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി മാത്രമല്ല, വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളിലുണ്ടായ തോൽവികളുമുണ്ട്. ആ തോൽവികളോടെ സംഘടനാ സംവിധാനമെന്നത് പേരിന് പോലും ഇല്ലാതായ അവസ്ഥയുണ്ട്. നാമനിർദേശപത്രിക സമർപ്പിച്ച് മടങ്ങിയാൽ ജയിക്കുന്ന അമേഠിയിൽ, കോൺഗ്രസ്സ് അധ്യക്ഷൻ പരാജയപ്പെടുംവിധത്തിലേക്ക് വളർന്ന ശോഷണമുണ്ട്. ജയിച്ചുകയറിയെങ്കിലും നേതൃത്വത്തിൽ വിശ്വാസമില്ലാത്തതുകൊണ്ട് നേതാക്കൾ മറുകണ്ടം ചാടിയ സംസ്ഥാനങ്ങളുണ്ട്. ദിനേനെയെന്നോണം ബി ജെ പി പാളയത്തിലേക്ക് ചേക്കേറുന്ന നേതാക്കളുടെ നിരയുമുണ്ട്. സ്ഥിതി അതായിരിക്കെ, പഴയ ഉപജാപക സംഘാംഗമോ, കോൺഗ്രസ്സിന് ശക്തിയുള്ള കാലത്ത് അധികാരസ്ഥാനങ്ങളൊക്കെ ആസ്വദിച്ച നേതാവോ, ഇനിയങ്ങോട്ട് സ്ഥാനമാനങ്ങളില്ലാത്തതിനാൽ പാർട്ടിയുപേക്ഷിക്കുന്ന ഒറ്റുകാരനോ എന്തുമാകട്ടെ, ഗുലാം നബി കത്തിലുന്നയിച്ച കാര്യങ്ങൾ കോൺഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും ഗൗരവത്തിലെടുക്കേണ്ടതാണ്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം കൊണ്ട് നിലനിർത്തപ്പെടുന്ന തുടിപ്പ് നഷ്ടപ്പെടാതിരിക്കാനും അതിൽ നിന്ന് നിവർന്നുനിൽക്കാനുള്ള കരുത്തിലേക്ക് വളരാനും.

ജനങ്ങൾക്ക് ദൃശ്യമാകുന്ന നേതൃത്വമുണ്ടോ എന്ന് ഗുലാം നബി ഉൾപ്പെടെ 23 നേതാക്കൾ നേരത്തേ ചോദിച്ച ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. അങ്ങനെയൊരു നേതാവും സംഘടനയെ ശക്തിപ്പെടുത്താനുള്ള യുക്തിസഹമായ തീരുമാനങ്ങളുമില്ലെങ്കിൽ തിരിച്ചുവരവ് അസാധ്യമാണ്. അതുതന്നെയാണ് ഗുലാം നബി ആസാദ് രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നത്. രണ്ട് സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുള്ള പാർട്ടിയായി ചുരുങ്ങിയ ശേഷവും ഉപജാപക സംഘത്തിന്റെ പിടിയിൽ നേതൃത്വം അമരുന്ന സ്ഥിതിയാണെങ്കിൽ, ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കി വർഗീയ അജൻഡ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തോട് എതിരിടാൻ പാകത്തിലുള്ള നേതൃത്വം ഇല്ലാതിരിക്കുകയാണെങ്കിൽ പിന്നെ ഈ പാർട്ടിയിൽ തുടരുന്നതുകൊണ്ട് എന്തർഥമെന്നാണ് ഗുലാം നബി ആസാദ് ചോദിക്കുന്നത്. നേരത്തേ പുറത്തുപോയ കപിൽ സിബലും ഇനിയും പുറത്തേക്ക് പോകാൻ ആലോചിക്കുന്നവരും ചോദിക്കുന്നത്. അധികാരസ്ഥാനങ്ങൾ തേടി മുമ്പ് പുറത്തേക്ക് പോയ നിരവധി പേരുമായി ഇതിനെയും താരതമ്യം ചെയ്യാം. അധികാരം ലക്ഷ്യമിട്ട്, വരും ദിനങ്ങളിൽ ഗുലാം നബി ആസാദും തീവ്രഹിന്ദുത്വവുമായി സന്ധിചെയ്യാൻ മെയ്‌വഴക്കം കാണിച്ചേക്കാം. എങ്കിലും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം കാണേണ്ട ബാധ്യതയുണ്ട് കോൺഗ്രസ്സ് പാർട്ടിക്കും വിമർശന വിധേയനായ രാഹുൽ ഗാന്ധിക്കും. ആ ഉത്തരങ്ങൾ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി മാത്രമുള്ളതല്ല, മതനിരപേക്ഷ ജനാധിപത്യമായി രാജ്യം തുടരുന്നതിന് കൂടിയുള്ളതാണെന്ന് തിരിച്ചറിയുക എന്നത് പ്രധാനമാണ്.

2013 വരെയുണ്ടായ തളർച്ചയോ തകർച്ചയോ അല്ല ഇപ്പോൾ നേരിടേണ്ടിവരുന്നത്. അന്ന് തളർത്തുകയോ തകർക്കുകയോ ചെയ്ത ശക്തികളെയല്ല നേരിട്ടുകൊണ്ടിരിക്കുന്നത്. അതറിഞ്ഞിട്ടും അറിവില്ലായ്മ നടിച്ച്, നരേന്ദ്ര മോദിയുടെ പ്രേരണയാലെഴുതിയ കത്തെന്ന് ഗുലാം നബിയുടെ വാക്കുകളെ തള്ളിപ്പറയുമ്പോൾ ഇനിയങ്ങോട്ട് പൊരുതാൻ ശേഷിയില്ലാത്ത പ്രസ്ഥാനമാണ് തങ്ങളുടേത് എന്ന് പറയാതെ പറയുകയാണ് അവർ ചെയ്യുന്നത്. അപ്പോൾ ജയിക്കുന്നത് ഗുലാം നബിയല്ല, ജ്യോതിരാദിത്യസിന്ധ്യമാരും ജിതിൻപ്രസാദമാരും ഹിമന്ദബിശ്വ ശർമമാരുമാണ്. തോൽക്കുന്നത് ഇന്ത്യൻ യൂനിയനും അതിനെ നിർണയിച്ച ഭരണഘടനയും.

---- facebook comment plugin here -----

Latest