Connect with us

National

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി; ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് ഈ വര്‍ഷമുണ്ടാകില്ല

സെപ്തംബര്‍ 15ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് കമ്മീഷന്റെ പ്രഖ്യാപനം. നവംബര്‍ 10 ഓടെ പരാതികളെല്ലാം പരിഹരിച്ച് 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. 

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 25ലേക്ക് നീട്ടി. ഒക്ടോബര്‍ 31ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. തീയതി നീട്ടിയ സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാന്‍ സാധ്യത കുറവാണ്. ഈ വര്‍ഷാവസാനം നിശ്ചയിച്ചിട്ടുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പം ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതക്കാണ് മങ്ങലേറ്റത്.

സെപ്തംബര്‍ 15ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് കമ്മീഷന്റെ പ്രഖ്യാപനം. അന്ന് മുതല്‍ ഒക്ടോബര്‍ 15 വരെ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകും. നവംബര്‍ 10 ഓടെ പരാതികളെല്ലാം പരിഹരിച്ച് 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാലുടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചിരുന്നു. കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാനാണ് തീയതി നീട്ടിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ ഒന്നിനോ അതിന് മുമ്പായോ പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest