Connect with us

Kerala

വിദ്യാഭ്യാസവും തൊഴിലും നല്‍കുകയെന്നത് മഹത്തായ കര്‍മം: മന്ത്രി സജി ചെറിയാന്‍

പ്രൗഢമായി മര്‍കസ് സ്‌കില്‍സ്പിറേഷന്‍

Published

|

Last Updated

കോഴിക്കോട് | യുവസമൂഹത്തിന് ആവശ്യമായ വിദ്യാഭ്യാസവും തൊഴിലും നല്‍കാന്‍ സാധിക്കുകയെന്നത് മഹത്തായ കര്‍മമാണെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാന്‍. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐയില്‍ നടന്ന ‘സ്‌കില്‍സ്പിറേഷന്‍’ യുവജന നൈപുണി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയവും വെറുപ്പും പ്രചരിപ്പിക്കാന്‍ യുവാക്കളെ ലക്ഷ്യമിട്ട് സമൂഹത്തിന്റെ പലകോണുകളില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ വിജ്ഞാനവും തൊഴിലും നല്‍കി സമൂഹത്തിന് ഉപകാരപ്പെടും വിധം പരിവര്‍ത്തിപ്പിക്കുകയെന്ന ദൗത്യമാണ് മര്‍കസ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയായി. ഈ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോബ് ഓഫര്‍ ലെറ്റര്‍ കൈമാറി. 13 ട്രേഡുകളിലെ 206 വിദ്യാര്‍ഥികള്‍ക്കാണ് 30 കമ്പനികളിലായി പ്ലേസ്‌മെന്റ് ലഭിച്ചത്. ഐ ടി ഐയുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴില്‍ ദാതാക്കളെയും ആദരിച്ചു.

യുവാക്കള്‍ക്കിടയില്‍ സംരംഭകത്വവും ശുഭ ചിന്തകളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി നടന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എം പി ഡോ. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ഐ ടി ഐ പൂര്‍വ വിദ്യാര്‍ഥികളായ 27 യുവസംരംഭകരെ ചടങ്ങില്‍ ആദരിച്ചു.

ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കെ പി സി സി സെക്രട്ടറി കെ പി നൗഷാദ് അലി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ധനീഷ് ലാല്‍, പി കെ ബാപ്പു ഹാജി, ആര്‍ ജെ ഡി ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സെക്രട്ടറി കലാം മാവൂര്‍, വ്യാപാര- തൊഴില്‍- സംരംഭകത്വ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ സംബന്ധിച്ചു.