Connect with us

National

അഗ്നിപഥിനെതിരായ പ്രതിഷേധം; യു പിയില്‍ വ്യാപക അറസ്റ്റ്; അക്രമസംഭവങ്ങളുടെ സൂത്രധാരന്‍ പിടിയിലെന്ന് പോലീസ്

ഉദ്യോഗാര്‍ഥികളെന്ന വ്യാജേന സമരം നടത്തിയവരാണ് അറസ്റ്റിലായതെന്നും ഇവര്‍ക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും പൊലീസ്

Published

|

Last Updated

സെക്കന്തരാബാദ് | ഉത്തര്‍പ്രദേശി അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ ആവുല സുബ്ബ റാവു ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അക്രമത്തിന് പിന്നിലെ സൂത്രധാരന്‍ സുബ്ബ റാവു ആണെന്ന് പോലീസ് പറയുന്നു.

സെക്കന്തരാബാദില്‍ നിരവധി ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തെ കൂട്ടാന്‍ ആവുല സുബ്ബ റാവു വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും സെക്കന്തരാബാദിലെ തീവെപ്പിലും നശീകരണത്തിലും നിര്‍ണായക പങ്കുവഹിച്ചുവെന്നും പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള റാവു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈനിക ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരു പരിശീലന അക്കാദമി നടത്തിവരികയാണ്. ഇതിന് ഹൈദരാബാദിലെ നരസരോപേട്ടിലും മറ്റ് ഏഴ് സ്ഥലങ്ങളിലും ശാഖകളുണ്ട്. ശനിയാഴ്ചയാണ് റാവുവിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വാറങ്കല്‍ സ്വദേശി രാജേഷ് എന്ന 19കാരനാണ് പ്രകടനത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതേസമയം ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനിടയില്‍ ജനക്കൂട്ടം ട്രെയിന്‍ കോച്ചുകള്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികളെന്ന വ്യാജേന സമരം നടത്തിയവരാണ് അറസ്റ്റിലായതെന്നും ഇവര്‍ക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഒരാളായ പരാഗ് പന്‍വാര്‍ എന്‍.എസ്.യു.ഐ നേതാവാണെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും യു.പി പൊലീസ് വ്യക്തമാക്കി.

കര, നാവിക, വ്യോമ സേനകളില്‍ നാല് വര്‍ഷത്തേക്ക് ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ‘അഗ്‌നിപഥ്’ പദ്ധതി സര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തിറക്കിയതിന് പിന്നാലെയാണ് നിരവധി സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

---- facebook comment plugin here -----

Latest