Connect with us

Kerala

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി; ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് 19 എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇവരെ എ ആര്‍ ക്യാമ്പിലേക്കു മാറ്റി. നാളെ കോടതിയില്‍ ഹാജരാക്കും.

സംഭവവുമായി ബന്ധപ്പെട്ട് 19 എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം പാളയത്ത് പ്രതിഷേധിച്ച ഏഴ് പേരെയും ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്നിടങ്ങളിലായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. സര്‍വകലാശാലാ സെനറ്റിലേക്ക് ബി ജെ പി ബന്ധമുള്ളവരെ ഗവര്‍ണര്‍ തിരുകിക്കയറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ‘ആര്‍ എസ് എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ബേക്കറി ജംഗ്ഷന് സമീപം വാഹനവ്യൂഹം എത്തിയപ്പോഴാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വന്നത്. ഇതോടെ രോഷാകുലനായ ഗവര്‍ണര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി ഉദ്യോഗസ്ഥരെ ശകാരിച്ചു.

തന്റെ വാഹനത്തില്‍ പ്രതിഷേധക്കാര്‍ അടിച്ചുവെന്നും സുരക്ഷാ വീഴ്ച ഉണ്ടായെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുകയാണെന്നും മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ പറഞ്ഞുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നഗരം ഗുണ്ടകളാണ് ഭരിക്കുന്നത്. താന്‍ പുറത്തിറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ഓടിയത് എന്തിനാണെന്നും തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണോ എന്നും ഗവര്‍ണര്‍ ക്ഷുഭിതനായി ചോദിച്ചു.

സര്‍വകലാശാല കാവിവത്ക്കരിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രതിഷേധിച്ചിരുന്നു.

 

 

Latest