local body election 2025
തലസ്ഥാനം പിടിക്കാന്‍ പ്രമുഖര്‍; പോരാട്ടം തീപാറും
ഇക്കുറി പ്രമുഖ വ്യക്തികളെയാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. മുന്‍നിര നേതാക്കളെ രംഗത്തിറക്കിയും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയും പോരാട്ടം തീപാറുമ്പോള്‍ 101 വാര്‍ഡുകളില്‍ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.
തിരുവനന്തപുരം | തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ ശ്രദ്ധാകേന്ദ്രമായി തിരുവനന്തപുരം കോര്‍പറേഷന്‍. തലസ്ഥാനം പിടിച്ചാല്‍ നിയമസഭ പിടിക്കാമെന്നാണ് പ്രതീക്ഷ. ഇക്കുറി പ്രമുഖ വ്യക്തികളെയാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. മുന്‍നിര നേതാക്കളെ രംഗത്തിറക്കിയും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയും പോരാട്ടം തീപാറുമ്പോള്‍ 101 വാര്‍ഡുകളില്‍ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.
യുവത്വത്തിനും പരിചയ സമ്പന്നതക്കും പ്രാധാന്യം നല്‍കിയാണ് മുന്നണികളുടെ സ്ഥാനാര്‍ഥിപ്പട്ടിക. മാത്രമല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാണ് നടക്കുന്നത്. നാല് നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണമായി തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഈ മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ 30 വര്‍ഷത്തോളമായി ഭരണം കൈയാളുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ നിലനിര്‍ത്തുകയാണ് എല്‍ ഡി എഫ് ലക്ഷ്യം.
51 വാര്‍ഡെന്ന കൃത്യമായ ഭൂരിപക്ഷം നോക്കിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. മത്സരരംഗത്ത് നാല് ജില്ലാ കമ്മിറ്റിയംഗങ്ങളും മൂന്ന് ഏരിയാ സെക്രട്ടറിമാരുമുണ്ട് എന്നതും ശ്രദ്ധേയമാണ്. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇക്കുറി മത്സരത്തിനില്ല. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിന്റെ മകള്‍ തൃപ്തി രാജു അദ്ദേഹത്തിന്റെ വാര്‍ഡില്‍ പിന്‍ഗാമിയാകും. 30 വയസ്സില്‍ താഴെയുള്ള 13 പേർ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ചലച്ചിത്ര നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ കേരള കോണ്‍ഗ്രസ്സ് ബിയുടെ സീറ്റില്‍ ജഗതിയിലിറങ്ങും. കോണ്‍ഗ്രസ്സിന്റെ തുറുപ്പുചീട്ട് കെ എസ് ശബരീനാഥനെതിരെ കവടിയാറില്‍ ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍ മത്സരിക്കും. ബി ജെ പി സ്ഥാനാര്‍ഥിയായ മുന്‍ ഡി ജി പി ശ്രീലേഖക്കെതിരെ 26കാരിയായ ഐ ടി ഉദ്യോഗസ്ഥ അമൃതയെയാണ് എല്‍ ഡി എഫ് ഇറക്കിയിരിക്കുന്നത്. അലത്തറ വാര്‍ഡിലെ 21കാരി ബി മാഗ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. വളരെ നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച യു ഡി എഫ് കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയം മറികടക്കാനാണ് ശ്രമിക്കുന്നത്.
കെ മുരളീധരനാണ് തിരഞ്ഞെടുപ്പ് ചുമതല. മുന്‍ എം എല്‍ എ. കെ എസ് ശബരീനാഥനാണ് മേയര്‍ സ്ഥാനാര്‍ഥി. യുവ നേതാക്കളെയും വനിതകളെയും കൂടുതലായി രംഗത്തിറക്കിയുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് കോണ്‍ഗ്രസ്സിന്റേത്. മുതിര്‍ന്ന നേതാവ് ജോണ്‍സണ്‍ ജോസഫ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ എന്നിവരും മത്സരരംഗത്തുണ്ട്. 2010ല്‍ യു ഡി എഫ് ഇവിടെ 40 സീറ്റ് നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അത് പത്തായി ചുരുങ്ങി. ഇതില്‍ നിന്ന് സീറ്റുകള്‍ 50ലെത്തിച്ച് ഭരണം പിടിക്കാനാണ് നിലവിലെ ശ്രമം. എന്നാല്‍ തീരദേശ വാര്‍ഡുകളിലെ ഇടതുപക്ഷത്തിന്റെ കടന്നുകയറ്റവും നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വാര്‍ഡുകൾ ബി ജെ പി ശക്തികേന്ദ്രങ്ങളായതുമാണ് യു ഡി എഫിന്റെ പ്രധാന വെല്ലുവിളി. ഇതില്‍ ഭൂരിഭാഗവും യു ഡി എഫ് വാര്‍ഡുകളായിരുന്നു. ഇവ തിരിച്ച് പിടിക്കുന്നതിനനുസരിച്ചായിരിക്കും ഭരണസാധ്യതകള്‍ തെളിയുക.
ഭരണം പിടിക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ ഒരുക്കങ്ങളും തന്ത്രങ്ങളുമാണ് എന്‍ ഡി എ നടത്തുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് മേയര്‍ സ്ഥാനാര്‍ഥി. മുന്‍ ഡി ജി പി. ആര്‍ ശ്രീലേഖ, മുന്‍ കായികതാരം പത്മിനി തോമസ് തുടങ്ങിയ പ്രമുഖരും മത്സരരംഗത്തുണ്ട്. 35 വാര്‍ഡുകളാണ് ഇവിടെ കഴിഞ്ഞ രണ്ട് തവണയും ബി ജെ പിക്ക് ലഭിച്ചത്.
ഇത്തവണ ഭരണം പിടിക്കുക എന്നതിൽ കുറഞ്ഞൊന്നും ബി ജെ പി ലക്ഷ്യമിടുന്നില്ല. കേന്ദ്ര നേതൃത്വത്തിന്റെ കൂടി ആവശ്യമാണിത്.
കഴിഞ്ഞ തവണ കൈവിട്ടുപോയ നേമം നിയമസഭാ മണ്ഡലം കൂടാതെ ബി ജെ പി അടുത്ത തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലും വിജയപ്രതീക്ഷ വെക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഈ മണ്ഡലങ്ങളിലെ പരമാവധി വാര്‍ഡുകള്‍ നേടുക എന്നതാണ് ലക്ഷ്യം. 2015ല്‍ ലഭിച്ച 11 വാര്‍ഡുകള്‍ 2020ല്‍ ബി ജെ പിക്ക് കൈവിട്ട് പോയിരുന്നു. പകരം 11 വാര്‍ഡുകളിലാണ് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡുകളില്‍ ഒരു വോട്ടിന് വരെ തോറ്റവരുമുണ്ട്. കോര്‍പറേഷനില്‍ 70ഓളം വാര്‍ഡുകളിലാണ് ബി ജെ പിക്ക് ശക്തമായ സ്വാധീനമുള്ളത്. ഈ വാര്‍ഡുകളില്‍ നിന്നാണ് 51 എന്ന ഭൂരിപക്ഷത്തിലേക്ക് എത്തേണ്ടത്.




