Connect with us

Kerala

ദേശീയ തലത്തില്‍ മുസ്‍ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും: കാന്തപുരം

ഇസ്‍ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച സലഫി-ജമാഅത്തെ ഇസ്‍ലാമി പ്രസ്ഥാനങ്ങളെ മുന്‍കാലത്തെന്ന പോലെ ഇനിയും ശക്തമായിത്തന്നെ പ്രതിരോധിക്കുമെന്നും കാന്തപുരം

Published

|

Last Updated

കാസര്‍കോട് | മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തില്‍ ഇന്ത്യയിലെ മുസ്‍ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി ചേര്‍ന്നുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയും ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയും തുടക്കം കുറിച്ചിട്ടുണ്ട്. സമസ്ത നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.

കശ്മീരില്‍ സുന്നി സംഘടനകള്‍ നടത്തികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അതിന്റെ മികച്ച ഉദാഹരണമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന വിദ്യാഭ്യാസ- വികസന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രസ്ഥാനത്തിന്റെ അടുത്ത മൂന്ന് വര്‍ഷത്തെ പ്രധാന ശ്രദ്ധ. വിവിധ സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികളുമായി ഇക്കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും.

ഇസ്‍ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച സലഫി-ജമാഅത്തെ ഇസ്‍ലാമി പ്രസ്ഥാനങ്ങളെ മുന്‍കാലത്തെന്ന പോലെ ഇനിയും ശക്തമായിത്തന്നെ പ്രതിരോധിക്കും. മുന്‍ കാലത്ത് പലിശ ഹലാലാക്കാനുള്ള ശ്രമങ്ങള്‍ വരെ പുത്തന്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

ഒരേ വിശ്വാസപാതയിലുള്ളവര്‍ പരസ്പരം അനാവശ്യ വിമര്‍ശനങ്ങളും വാഗ്വാദങ്ങളും നടത്തുന്നത് ഉചിതമാണോ എന്ന് എല്ലാവരും ആലോചിക്കണം. ഞങ്ങള്‍ എന്നും സുന്നികളുടെ ഐക്യത്തിന് ആഗ്രഹിക്കുന്നവരാണ്. സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്നുകൊണ്ട് അതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കാന്തപുരം പറഞ്ഞു.

Latest