Kasargod
നാട്ടുവിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി പ്രൊഫ്സമ്മിറ്റ് ഊട്ടുപുര
പുണാർപുളി, കട്ലാച്ചി, കൽത്തപ്പം, ഹോളിഗെ, തേൻ ചക്ലി, പാൽ പായസം തുടങ്ങിയ കാസർകോടൻ രുചിവൈവിധ്യം വിളമ്പിയാണ് മൂന്ന് ദിവസവും അതിഥികളെ സത്കരിച്ചത്

കാസർകോട് | മൂന്ന് ദിവസങ്ങളിലായി മുഹിമ്മാത്ത് കാമ്പസിൽ നടന്ന പ്രൊഫ്സമ്മിറ്റിനെത്തിയ പ്രൊഫഷണൽ വിദ്യാർഥികളുടെ മനസും വയറും നിറച്ച് നാട്ടുവിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കിയ ഊട്ടുപുര. കൽത്തപ്പം, ഹോളിഗെ, തേൻ ചക്ലി, പാൽ പായസം തുടങ്ങിയ രുചിവൈവിധ്യം വിളമ്പിയാണ് മൂന്ന് ദിവസവും അതിഥികളെ സൽകരിച്ചത്.
പൊണ്ടം എന്നാണ് ഇളനീരിന്റെ കാസർകോടൻ ഭാഷ. അതിഥികളെ പൊണ്ടം നൽകി സ്വീകരിച്ചത് മാലിക്ദീനാർ (റ)നെ തദ്ദേശീയർ വരവേറ്റതിന്റെ ഓർമകളുണർത്തുന്നതായിരുന്നു. പുണാർപുളി മറ്റൊരു ഉഗ്രൻ പാനീയമാണ് റൂഹഫ്സയുടെ നിറവും രുചിയും ജനിപ്പിക്കുന്ന പാനീയം അതിഥികൾക്ക് കൗതുകമായി.
വിവിധ പേരിലുള്ള എണ്ണപ്പൊരികൾ പേരിലും രുചിയിലും വ്യത്യസ്തമായിരുന്നു. കട്ലാച്ചി (കടലവട), ബയക്കാച്ചി (പഴംപൊരി), വാട്ടത്തൽ, പൊരിയുണ്ട, ഹോളിഗെ എന്നിത്യാദി പൊരികൾ ചായ സത്കാരത്തെ കൂടുതൽ മധുരമുള്ളതാക്കി. പ്രഭാത ഭക്ഷണത്തിന് വേണ്ടി ഒരുക്കിയ കൽത്തപ്പമടങ്ങിയ വിഭവങ്ങൾ കാസർകോടൻ വിഭവ വൈവിധ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. മുഹിമ്മാത്ത് പരിസരത്തുള്ള വീടുകളിൽ നിന്നാണ് വിഭവങ്ങൾ ശേഖരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കമെത്തിയ പ്രതിനിധികൾക്ക് നാട്ടുരുചി പകരാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകർ.
---- facebook comment plugin here -----