niyamasabha
നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
സര്‍ക്കാറിന്റെ ധിക്കാരത്തിന് ഒരിക്കലും വഴങ്ങില്ലെന്നു പ്രതിപക്ഷനേതാവ്

തിരുവനന്തപുരം | നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മാര്‍ച്ച് 30 വരെ നടക്കേണ്ടിയിരുന്ന സഭാ നടപടികളാണ് പ്രതിപക്ഷ പ്രതിഷേധം കാരണം വെട്ടിച്ചുരുക്കിയത്.
പ്രതിപക്ഷവുമായി ഒരു അനുരജ്ഞനത്തിനുമില്ല എന്ന സര്‍ക്കാറിന്റെ ധിക്കാരത്തിന് ഒരിക്കലും വഴങ്ങില്ലെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സഭ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്കു പിരിഞ്ഞ ശേഷം സഭക്കു പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന് അടിയന്തിരപ്രമേയം കൊണ്ടുവരുമാനുള്ള ജനാധിപത്യാവകാശത്തെ കവര്‍ന്നെടുക്കാനും പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുമുള്ള സര്‍ക്കാറിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് അഞ്ച് എം എല്‍ എമാരുടെ സത്യാഗ്രഹം പ്രഖ്യാപിച്ചത്. സഭയില്‍ ഉണ്ടായ ചില അനിഷ്ഠ സംഭവങ്ങളുടെ പേരില്‍
ഏഴു പ്രതിപക്ഷ എം എല്‍ എ മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇത്തരം നടപടിയിലൂടെ വ്യക്തമായത്.
എം എല്‍ എമാര്‍ക്കു കിട്ടാത്ത നീതി സംസ്ഥാനത്തു സാധാരണക്കാര്‍ക്കു ലഭിക്കില്ല. കെ എസ് ആര്‍ ടി സി പ്രതിസന്ധി, മാലിന്യ പ്രശ്‌നങ്ങള്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാടില്ല എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണ്.
മുഖ്യമന്ത്രിയുടെ ധിക്കാരത്തോട് കോംപ്രമൈസ് ചെയ്യാതെ സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ യു ഡി എഫ് പോരാട്ടം ഒറ്റക്കെട്ടായി നിന്നു.
ഇന്നു സഭയില്‍ അഞ്ച് എം എല്‍ എമാര്‍ സത്യാഗ്രഹം ആരംഭിച്ചപ്പോള്‍, സമരം നടത്തിയ പ്രതിപക്ഷത്തെ അവഹേളിക്കാനാണു ഭരണ പക്ഷം ശ്രമിച്ചത്.
നടുത്തളത്തില്‍ സത്യാഗ്രഹം നടക്കുന്നത് ആദ്യമായാണെന്ന സ്പീക്കറുടേയും മന്ത്രിമാരുടേയും പരാമര്‍ശം അറിവില്ലായ്മയാണ്.
1974ലും 75 ലും നടുത്തളത്തില്‍ സത്യാഗ്രഹം നടത്തിയ ഇ എം എസും 2011 ല്‍ സത്യാഗ്രഹം നടത്തിയ വി എസ് അച്യുതാനന്ദനും രേഖയിലുണ്ട്.
കേരളത്തില്‍ ആദ്യമായി പ്രതിപക്ഷ നേതാവ് സഭയെ അവഹേളിച്ചു എന്ന അഭിപ്രായ പ്രകടനം സ്പീക്കര്‍ പിന്‍വലിക്കണം. സര്‍ക്കാറിന്റെ ഈ അവഹേളനം അംഗീകരിച്ചു മുന്നോട്ടു പോകാന്‍ പ്രതിപക്ഷം തയ്യാറല്ല.
എല്ലാ ഞാന്‍ തീരുമാനിക്കും എന്ന മുഖ്യമന്ത്രിയുടെ ധിക്കാരത്തിനു മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷ അടക്കം മാധ്യങ്ങള്‍ ഉന്നയിച്ച വിഷയങ്ങളാണു തങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചതെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭമാണ് ഇവിടെ വിജയിച്ചതെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ഉമാ തോമസ്, അന്‍വര്‍ സാദത്ത്, കെ കെ എം അഷ്‌റഫ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീന്‍ എന്നിവരാണ് നടുത്തളത്തില്‍ സത്യഗ്രഹമിരുന്നത്.
നടപടി സഭയുടെ അന്തസിന് ചേര്‍ന്നതല്ലെന്നും മേലില്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു സ്പീക്കറുടെ റൂളിങ്. ഇത് വകവെക്കാതെയായിരുന്നു പ്രതിപക്ഷ സമരം.