Connect with us

Kerala

നടപടികള്‍ പ്രഹസനം; ഒരു നൂറ്റാണ്ടിനിടെ 15 ബോട്ടപകടങ്ങളില്‍ പൊലിഞ്ഞത് 311 ജീവനുകള്‍

അപകടങ്ങള്‍ ഒഴിവാക്കാനുള്ള സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാറും സംവിധാനങ്ങളും പൂര്‍ണമായി പരാജയപ്പെടുന്നുവെന്നാണ് ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ കാണിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പ്രഹസനമായ നടപടികളും തുടര്‍ന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയുമാണ് കേരളത്തില്‍ ബോട്ട് ദുരന്തങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം. ഇന്നലെ താനൂരില്‍ 16 പിഞ്ചുകുഞ്ഞുങ്ങളും ആറ് സ്ത്രീകളുമുള്‍പ്പെടെ 22 പേരുടെ ജീവനാണ് ബോട്ട് അപകടം കവര്‍ന്നത്. 2015 ആഗസ്റ്റ് 26ന് കൊച്ചി വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയ യാത്രാബോട്ടില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ചുകയറിയുണ്ടായതാണ് ഇതിനു തൊട്ടുമുമ്പായി നടന്ന വലിയ ബോട്ടപകടം. 11 പേരാണ് ഈ ദുരന്തത്തില്‍ കൊച്ചി കായലില്‍ മുങ്ങി മരിച്ചത്.

എല്ലാ അപകടങ്ങള്‍ക്ക് പിന്നാലെയും അധികൃതര്‍ നടത്തുന്ന പ്രഹസനമായ ഇടപെടലുകള്‍ക്കും നടപടികള്‍ക്കുമപ്പുറം അപകടങ്ങള്‍ ഒഴിവാക്കാനുള്ള സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാറും സംവിധാനങ്ങളും പൂര്‍ണമായി പരാജയപ്പെടുന്നുവെന്നാണ് ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ കാണിക്കുന്നത്.

ബോട്ടുകളിലെ സുരക്ഷ ശക്തമാക്കണമെന്ന ജുഡീഷ്യല്‍ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ക്ക് ഒരു വ്യാഴവട്ടക്കാലത്തിലധികം പഴക്കമുണ്ടെങ്കിലും ഇതില്‍ മിക്ക ശിപാര്‍ശകളും നടപ്പിലായിരുന്നില്ല. അപകടങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയും ചെയ്യുന്നു. താനൂര്‍ ബോട്ട് അപകടത്തിന് പിന്നാലെയും പതിവുപോലെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മുമ്പ് 45 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് ദുരന്തത്തിന് കാരണം ടൂറിസം വകുപ്പിലെയും കെ ടി ഡി സിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നായിരുന്നു ജസ്റ്റിസ് ഇ മൈതീന്‍കുഞ്ഞ് കമ്മീഷന്റെ കണ്ടെത്തല്‍. 2009 സെപ്തംബര്‍ 30നായിരുന്നു നാടിനെ നടുക്കിയ തേക്കടി ദുരന്തം. റിപ്പോര്‍ട്ടില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. അമിതമായി ആളെ കയറ്റി പെട്ടെന്നു വെട്ടിത്തിരിച്ചപ്പോഴാണ് 180 ഡിഗ്രിയില്‍ ബോട്ട് മറിഞ്ഞതെന്നായിരുന്നു ജസ്റ്റിസ് ഇ മൈതീന്‍കുഞ്ഞ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഭാവിയില്‍ ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരിക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു. അന്നത്തെ ടൂറിസം ഡയറക്ടര്‍ എം ശിവശങ്കര്‍, കെ ടി ഡി സി മാനേജിങ് ഡയറക്ടര്‍ കെ ജി മോഹന്‍ലാല്‍ എന്നിവരടക്കം കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ബോട്ട് യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ബോട്ട് ലൈസന്‍സ് കാര്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി നിലവിലുള്ള രീതി പൊളിച്ചെഴുതണമെന്നും ബോട്ടുകളില്‍ ജീവന്‍രക്ഷാ ഉപാധികള്‍ കരുതണമെന്നും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ക്ക് അനുമതി റദ്ദാക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.

18 പേര്‍ മരിച്ച 2007 ഫെബ്രുവരി 20ലെ തട്ടേക്കാട് ബോട്ട് ദുരന്തത്തിന് കാരണം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥയാണെന്ന് ജസ്റ്റിസ് എം എം പരീത് പിള്ള കമ്മീഷനും കണ്ടെത്തിയിരുന്നു. എളവൂര്‍ സെന്റ് ആന്റണീസ് യു പി സ്‌കൂളിലെ 15 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് ദുരന്തത്തില്‍ മരിച്ചത്. അമിതഭാരമാണ് അപകടത്തിനു പ്രധാന കാരണമായത്. 75 പേരെ കയറ്റേണ്ട ബോട്ടില്‍ 97 പേരെ കയറ്റി. കൂടുതല്‍ പേരും മുകളിലത്തെ ഡെക്കിലായിരുന്നു. ആര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കിയില്ല. മുകളില്‍ ആളുകള്‍ കൂടുതലായി ബാലന്‍സ് തെറ്റിയപ്പോള്‍ ബോട്ട് വെട്ടിത്തിരിച്ചു. അങ്ങനെയാണു ദുരന്തം ഉണ്ടായത്. എന്നാല്‍ ഇത്തരം കണ്ടെത്തലുകള്‍ തന്നെ ഇപ്പോഴും ദുരന്ത കാരണങ്ങളായി തുടരുന്നുവെന്നതാണ് നടപടികള്‍ പ്രഹസനമാണെന്ന് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പത്തിലേറെ പേര്‍ മരിച്ച 15 ബോട്ട് അപകടങ്ങളാണ് ഉണ്ടായത്. 15 അപകടങ്ങളിലുമായി 311 പേരാണ് മരിച്ചത്. 1924 ലെ മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലനയാറ്റിലെ റെഡീമര്‍ ബോട്ട് അപകടത്തില്‍ 24 പേര്‍ മരിച്ചു. 1952 ഏപ്രില്‍ 20ന് ചേര്‍ത്തലയില്‍ നിന്ന് വൈക്കത്തേക്ക് പോയ കനകം ബോട്ട് വേമ്പനാട്ട് കായലില്‍ മുങ്ങി 19 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1958 ജൂലൈ 21 ന് മലമ്പുഴ റിസര്‍വോയറില്‍ കടത്തുവള്ളം മുങ്ങി 35 പേര്‍ മരിച്ചതായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ ഏറ്റവും വലിയ ബോട്ടുദുരന്തം. 1971 സെപ്തംബര്‍ 27ന് തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കരമനയാറ്റില്‍ കടത്തുവള്ളം മുങ്ങി 11 പേരും 1974 ഫെബ്രുവരി അഞ്ചിന് ഇടുക്കി പൊന്മുടി ഡാമിന്റെ റിസര്‍വോയറില്‍ കടത്തുവള്ളം മുങ്ങി 12 പേരും 1976 ഏപ്രില്‍ അഞ്ചിന് വേമ്പനാട്ടുകായലില്‍ കടത്തുവള്ളം മുങ്ങി 12 പേരും 1980 മാര്‍ച്ച് 19ന് കുമ്പളങ്ങി കായലില്‍ കണ്ണമാലി തീര്‍ഥാടകരുമായി പോയ ബോട്ടുമുങ്ങി 30 പേരും 1982 ജനുവരി 16ന് കൊല്ലം ശാസ്താംകോട്ട കായലില്‍ കടത്തുവള്ളം മുങ്ങി 23 പേരും 1983 സെപ്തംബര്‍ 25ന് വല്ലാര്‍പാടം തീര്‍ഥാടകരുമായി പോയ ബോട്ട് കൊച്ചി മുരിക്കുപാറ ജെട്ടിക്ക് സമീപം മുങ്ങി 18 പേരും 2002 ജൂലൈ 27ന് ആലപ്പുഴ മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് പോയ സര്‍വീസ് ബോട്ട് വേമ്പനാട്ടുകായലില്‍ മുങ്ങി 29 പേരും 2007 ഫെബ്രുവി 20ന് തട്ടേക്കാട് ഭൂതത്താന്‍കെട്ട് ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ 15 യു പി സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം 18 പേരും 2009 സെപ്തംബര്‍ 30ന് തേക്കടിയില്‍ ബോട്ട് മുങ്ങി 45 പേരും 2009 നവംബര്‍ നാലിന് മലപ്പുറം അരീക്കോട് മൂര്‍ക്കനാട് തോണി മറിഞ്ഞ്് എട്ടു വിദ്യാര്‍ഥികളും 2015 ആഗസ്റ്റ് 26ന് കൊച്ചി വൈപ്പിനില്‍ നടന്ന അപകടത്തില്‍ 11 പേരുമാണ് മൃതിയടഞ്ഞത്. അവസാനമായി താനൂര്‍ ഒട്ടുംപുറത്തെ അപകടത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 22 ജീവനുകളും പൊലിഞ്ഞു. കേരളത്തില്‍ ഇതുവരെ നടന്ന ബോട്ട് ദുരന്തങ്ങളില്‍ ഏറ്റവും വലുത് തേക്കടി തടാകത്തിന്‍ നടന്നതായിരുന്നു.

 

Latest