National
ജപ്പാൻ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു
ഇന്ത്യ-ജപ്പാൻ 15-ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ടോക്കിയോയിലെത്തുന്നത്.

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്കും ചൈനയിലേക്കും യാത്ര തിരിച്ചു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും പ്രാദേശികവും ആഗോളവുമായ സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ സഹകരണം വളർത്താനും തന്റെ ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രസ്താവിച്ചു.
ഇന്ത്യ-ജപ്പാൻ 15-ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ടോക്കിയോയിലെത്തുന്നത്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ മികച്ച പുരോഗതി കൈവരിച്ച ഇന്ത്യ-ജപ്പാൻ സ്പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പാർട്ണർഷിപ്പിന്റെ അടുത്ത ഘട്ടത്തിന് രൂപം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മോദി പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി ചേർന്ന് സഹകരണം വിപുലീകരിക്കാനും സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും AI, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സന്ദർശനം ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന നാഗരികവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജപ്പാനിലെ സന്ദർശനത്തിന് ശേഷം ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലെ ടിയാൻജിനിലേക്ക് യാത്ര തിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ SCO യിലെ സജീവവും ക്രിയാത്മകവുമായ ഒരു അംഗമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനും പ്രാദേശിക സഹകരണം വർദ്ധിപ്പിക്കുന്നതിനും SCO അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.