Connect with us

local body election 2025

മൂന്നിയൂരില്‍ പ്രസിഡന്റ് പട്ടികജാതി; സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ലീഗിൽ പെടാപ്പാട്

ഭൂരിപക്ഷം ലഭിച്ചാലും പട്ടികജാതി സീറ്റിലും വിജയിച്ചാല്‍ മാത്രമേ ലീഗിന് പ്രസിഡന്റ്പദവി ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ലീഗ് പെടാപാടിലാണ്. സംവരണ സീറ്റിന് പുറമേ മറ്റൊരു ജനറല്‍ സീറ്റിലും പട്ടികജാതിക്കാരനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ് ലീഗ്.

Published

|

Last Updated

തിരൂരങ്ങാടി | മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പട്ടികജാതി സംവരണമായത് ഇവിടെ ഭരണത്തില്‍ കേറാറുള്ള മുസ്‌ലിം ലീഗിന് കടുത്ത തലവേദനയാകുന്നു. ഭൂരിപക്ഷം ലഭിച്ചാലും പട്ടികജാതി സീറ്റിലും വിജയിച്ചാല്‍ മാത്രമേ ലീഗിന് പ്രസിഡന്റ്പദവി ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ലീഗ് പെടാപാടിലാണ്. സംവരണ സീറ്റിന് പുറമേ മറ്റൊരു ജനറല്‍ സീറ്റിലും പട്ടികജാതിക്കാരനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ് ലീഗ്.

പട്ടികജാതി സംവരണ വാര്‍ഡായ 20ലും ജനറല്‍ സീറ്റായ നാലാം വാര്‍ഡിലുമാണ് ലീഗ് പട്ടിക ജാതിക്കാരെ മത്സരരംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ മൂന്നാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥിക്കായി പിടിവലിയിലാണ്.
ഈ വാര്‍ഡില്‍ മത്സരിക്കുന്ന യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ലീഗിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും ലീഗ് നേതൃത്വം പറയുന്നു. വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി വരെ ഇയാള്‍ക്ക് ലീഗ് ഓഫര്‍ ചെയ്തതായും പറയുന്നു. അപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതിക്കാരായ മൂന്ന് പേരെയാണ് ലീഗ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ മൂന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിക്കായി അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ വേറെയുമുണ്ട്. കോണ്‍ഗ്രസ്സിന്റേതാണെന്നും സി എം പിയുടേതാണെന്നും അവകാശവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ലീഗിന്റെ വല വീശല്‍.

കഴിഞ്ഞ തവണ ഒരു അംഗമുണ്ടായിരുന്ന സി എം പിക്ക് ഇപ്രാവശ്യം സീറ്റ് നല്‍കിയിട്ടില്ല. യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ്സിന് നല്‍കിയതാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത് സി എം പിയുടെ സ്ഥാനാര്‍ഥിയായിരുന്നു.

ഇവര്‍ രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെയാണ് ഈ സീറ്റ് കോണ്‍ഗ്രസ്സിന് ലഭിച്ചതത്രെ. എന്നാല്‍ സി എം പി നേതാക്കള്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി വിഷയം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം വാര്‍ഡ് സി എം പിക്ക് നല്‍കിയതാണെന്ന് അദ്ദേഹം പറഞ്ഞതെന്നാണ് സി എം പി ഏരിയാ സെക്രട്ടറി സി പ്രദീപ്കുമാര്‍ വ്യക്തമാക്കിയത്.

മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന പട്ടികജാതിക്കാരനായ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിക്കുകയും പട്ടികജാതി സംവരണത്തില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥി പരാജയ പ്പെടുകയും ചെയ്താല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഭീഷണി മറികടക്കാനാണ് നാലാം വാര്‍ഡിലും ജനറല്‍ സീറ്റില്‍ പട്ടിക ജാതിക്കാരനെ മുസ്‌ലിം ലീഗ് മത്സരിപ്പിക്കുന്നത്.

അതേസമയം മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ ആരുടെ കൂടെ പോകുമെന്നതാണ് നാട്ടുകാര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതുവരേയും കാര്യമായി രാഷ്ട്രീയ-സാമൂഹിക രംഗത്തൊന്നും കാണാത്തവരും ലീഗിന്റെ താത്പര്യത്തിന് വഴങ്ങി കൊടുക്കുന്നവരെയുമാണ് ലീഗ് പട്ടികജാതി വിഭാഗത്തില്‍നിന്ന് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നതെന്നും സംസാരമുണ്ട്.

---- facebook comment plugin here -----

Latest