Connect with us

ayodhya

അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു

പ്രധാനനമന്ത്രിക്കൊപ്പം ആര്‍ എസ് എസ് മേധാവിയും സംബന്ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തു നിര്‍മിച്ച രാമക്ഷേത്രത്തില്‍  പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിനൊപ്പം പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിച്ചു. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.

പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി.  വി വി ഐ പികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിനു വഴിയൊരുക്കിയ രഥയാത്രയുടേയും കര്‍സേവയുടേയും കാലത്തു പാര്‍ട്ടിക്കു നേതൃത്വം നല്‍കിയ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി അയോധ്യയിലെത്തിയില്ല.

ക്ഷണിക്കപ്പെട്ട അതിഥികളെ നേരത്തെ തന്നെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിച്ചു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനനായിട്ടാണു പ്രധാനമന്ത്രി പങ്കെടുത്തത്.

സിനിമ, കായിക താരങ്ങളടക്കമുള്ള അതിഥികള്‍സംബന്ധിച്ചു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നെഹ്വാള്‍, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനില്‍ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest