National
പിപിഇ കിറ്റ് അഴിമതി: ഹിമാചല്‍ മുന്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ.അജയ് ഗുപ്ത അറസ്റ്റില്‍
കൊവിഡിന്റെ തുടക്കത്തില്‍ ഇദ്ദേഹത്തിനെതിരെ പിപിഇ കിറ്റ് വാങ്ങുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

ഷിംല| പിപിഇ കിറ്റ് അഴിമതിക്കേസില്‍ ഹിമാചല്‍ പ്രദേശ് മുന്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. അജയ് ഗുപ്ത അറസ്റ്റില്‍. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അജയ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. കൊവിഡിന്റെ തുടക്കത്തില്‍ ഇദ്ദേഹത്തിനെതിരെ പിപിഇ കിറ്റ് വാങ്ങുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
2020 മെയ് 20 ന് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി 5 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതിനെ തുടര്‍ന്ന് അജയ് ഗുപ്തയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ ആര്‍ട്ടീരിയല്‍ ബ്ലഡ് ഗ്യാസ് മെഷീനുകള്‍ക്കായി അദ്ദേഹം 4.25 ലക്ഷം രൂപ ആവശ്യപ്പെടുന്ന മറ്റൊരു ഓഡിയോ ക്ലിപ്പും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ ഗുപ്തയെ ഫെബ്രുവരി 4 വരെ പൊലീസ് റിമാന്‍ഡ് ചെയ്തു.