Kerala
പോത്തൻ കോട് സുധീഷ് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം
2021 ഡിസംബര്‍ 11നാണ് മംഗലപുരം സ്വദേശി സുധീഷിനെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

തിരുവനന്തപുരം | തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് കൊലപാതകക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്, സച്ചിന്‍ എന്നീ പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.നെടുമങ്ങാട് എസ്എസി എസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്.പ്രതികളില്‍ നിന്നുള്ള പിഴ തുക കൊല്ലപ്പെട്ട സുധീഷിന്റെ അമ്മക്ക് നല്‍കണമെന്ന് വിധി.വിധി സമൂഹത്തില്‍ നല്ല സന്ദേശം നല്‍കുന്നതെന്ന് പ്രോസിക്യൂട്ടര്‍ ടി ഗീനാകുമാരി പറഞ്ഞു.
പ്രതികള്‍ ഗുണ്ടകളായതിനാല്‍ ആക്രമണം ഭയന്ന് ദൃസാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാല്‍ പ്രതികള്‍ സുധീഷിന്റെ വെട്ടിയെടുത്ത കാല്‍പ്പത്തിയുമായി പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്.
2021 ഡിസംബര്‍ 11നാണ് മംഗലപുരം സ്വദേശി സുധീഷിനെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലയ്ക്കു കാരണം.അക്രമി സംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനവും നടത്തിയിരുന്നു.