Connect with us

National

മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ; തമിഴ്‌നാട് സര്‍ക്കാര്‍

അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ തീരുമാനം.

Published

|

Last Updated

ചെന്നൈ| മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ തീരുമാനം. പ്രിയപ്പെട്ടത് നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനായി അവയവ ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാര്‍ത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ്  എംകെ സ്റ്റാലിന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്നതില്‍ തമിഴ്‌നാട് രാജ്യത്തെ മുന്‍നിര സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയദാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്‌നാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞമാസം ഇത് സംബന്ധിച്ച പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ ഏറ്റുവാങ്ങുകയും ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള ഉയര്‍ന്ന അവബോധമാണ് വിജയത്തിന് പിന്നിലെന്നാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞത്.