Connect with us

Kerala

പ്രതിപക്ഷ നേതാവിന് തുറമുഖ മന്ത്രിയുടെ മറുപടി; ആര് എതിർത്താലും ഈ സ്വപ്നം പൂവണിയുക തന്നെ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിർമാണം വൈകുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

അദാനി ഗ്രൂപ്പുമായി യു ഡി എഫ് കരാറില്‍ ഒപ്പിട്ടതിന് ശേഷം പ്രാഥമിക നടപടികള്‍ മാത്രമാണ് യു ഡി എഫ് ഭരണസമയത്ത് നടന്നിട്ടുള്ളത്. എന്നാൽ ഈ പ്രയാസഘട്ടങ്ങളെയെല്ലാം അതിജയിച്ച് 60% നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതിനകം വിഴിഞ്ഞത്ത് നടന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ അത്ഭുതം തോന്നിയില്ലെന്നും ഇത്തരം നിലപാടുകൾ കാരണമാണല്ലോ കഴിഞ്ഞ അഞ്ച് വർഷം ഇരുന്ന സീറ്റിൽ തന്നെ യു ഡി എഫിന് ഇരിക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു. ആരോപണമുന്നയിക്കുന്നവർ വിഴിഞ്ഞം പോർട്ടിന്റെ നിലവിലെ നിർമ്മാണ പ്രവർത്തികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ശ്രമിക്കുക. ആര് എതിർത്താലും ഈ സ്വപ്നം സമയബന്ധിതമായി പൂവണിയുക തന്നെ ചെയ്യും.- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഓഖി, രണ്ട് പ്രളയം, കോവിഡ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും വന്നതൊന്നും ബഹുമാന്യനായ പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു, അത്ഭുതം തോന്നിയില്ല. ഇത്തരം നിലപാടുകൾ കാരണമാണല്ലോ കഴിഞ്ഞ 5 വര്‍ഷം ഇരുന്ന അതേ സീറ്റില്‍ തന്നെ ഈ പ്രാവശ്യവും യു.ഡി.എഫിന് ഇരിക്കേണ്ടി വന്നത്. അദാനി ഗ്രൂപ്പുമായി യു. ഡി. എഫ് കരാറില്‍ ഒപ്പിട്ടതിന് ശേഷം പ്രാഥമിക നടപടികള്‍ മാത്രമാണ് യു. ഡി എഫ് ഭരണസമയത്ത് നടന്നിട്ടുള്ളത്. എന്നാൽ ഈ പ്രയാസഘട്ടങ്ങളെയെല്ലാം അതിജയിച്ച് 60% നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതിനകം വിഴിഞ്ഞത്ത് നടന്നിട്ടുണ്ട്.

പാറ ലഭ്യമാകുന്നതിന് വന്ന കാലതാമസമാണ് ബ്രേക്ക്‌ വാട്ടർ നിർമ്മാണം വൈകാൻ കാരണം. പാറയുടെ ലഭ്യത ഉറപ്പു വരുത്തുവാൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തി വരികയുമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച തമിഴ്നാട് മന്ത്രി ഇ.വി വേലുവുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ പുറത്തു നിന്ന് കല്ലു കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങൾ പരിശോധിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡിയായി ഗോപാലകൃഷ്ണൻ ഐ.എ.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ ആഴ്ചയിൽ തന്നെ പോർട്ട് ആസ്ഥാനത്ത് വിസിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. വർക്ക് കൗണ്ട്ഡൗൺ കലണ്ടർ ഉൾപ്പെടെ പ്ലാൻ ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ചയും പ്രവർത്തന അവലോകനത്തിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ഏറ്റവും വേഗത്തിൽ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോപണമുന്നയിക്കുന്നവർ വിഴിഞ്ഞം പോർട്ടിന്റെ നിലവിലെ നിർമ്മാണ പ്രവർത്തികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ശ്രമിക്കുക. ആര് എതിർത്താലും ഈ സ്വപ്നം സമയബന്ധിതമായി പൂവണിയുക തന്നെ ചെയ്യും.

Latest