Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം: പി എം എ സലാമിനെതിരെ പോലീസില്‍ പരാതി

വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് വഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെ പോലീസില്‍ പരാതി നല്‍കി സി പി എം പ്രവര്‍ത്തകന്‍. വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് വഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പി എം ശ്രീയില്‍ ഒപ്പുവച്ചതെന്നായിരുന്നു സലാമിന്റെ ആക്ഷേപം. മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.

അതിനിടെ സലാമിന്റെ പ്രസംഗം തള്ളി മുസ്‌ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം, എന്നാല്‍ വ്യക്ത്യാധിക്ഷേപം പാടില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ലീഗിന്റെ പൊതു അഭിപ്രായമെന്നും സലാമിന് പറ്റിയ പിഴവ് പാര്‍ട്ടി തിരുത്തിച്ചിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സലാം മാപ്പ് പറയണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു. പി എം എ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് വിമര്‍ശിച്ചു.

 

 

Latest