Connect with us

National

മൃതദേഹവുമായി മമതയുടെ വസതിക്ക് സമീപം പ്രതിഷേധം: ബിജെപി അധ്യക്ഷന്‍ സുകാന്തക്കെതിരെ പോലീസ് കേസ്

കലാപത്തിന് ശ്രമിച്ചതിനും അനുവാദമില്ലാതെ തടിച്ചു കൂടിയതിനും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയതിനുമാണ് കേസ്.

Published

|

Last Updated

കൊല്‍ക്കത്ത| സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനെതിരെ പശ്ചിമ ബംഗാള്‍ പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുന്‍പാണ് സുകാന്തയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. സുകാന്തയെ കൂടാതെ ബിജെപിയുടെ മൂന്ന് എംപിമാരേയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ബിജെപി എം പിമാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിക്ക് സമീപമായിരുന്നു ബിജെപിയുടെ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ ബിജെപി സ്ഥാനാര്‍ഥി മനാസ് സാഹ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പ്രമുഖ നേതാക്കള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പില്‍ മമതക്കെതിരെ ഭവാനിപ്പൂരില്‍ മത്സരിക്കുന്ന പ്രിയങ്ക തിബ്രേവാളിനെതിരെയും കേസെടുത്തിട്ടുണ്ട്.

കലാപത്തിന് ശ്രമിച്ചതിനും അനുവാദമില്ലാതെ തടിച്ചു കൂടിയതിനും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയതിനുമാണ് കേസ്. കൊല്‍ക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹവുമായി ബിജെപി പാര്‍ട്ടി ഓഫീസില്‍ നിന്നും ശ്മശാനത്തിലേക്ക് നീങ്ങുകയായിരുന്ന വിലാപയാത്ര അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിലേക്ക് പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.