Connect with us

editorial

പോക്‌സോ ഗുരുതര കുറ്റം; ദുരുപയോഗവും ഗുരുതരമാണ്

ബാലപീഡനം ഗുരുതര കുറ്റകൃത്യമാണെന്നതില്‍ രണ്ട് പക്ഷമില്ല. ഇതുപോലെ തന്നെ ഗുരുതരമാണ് പോക്‌സോ നിയമത്തിന്റെ ദുരുപയോഗവും നിരപരാധികള്‍ അപമാനിക്കപ്പെടുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്യുന്നതും. പലരുടെയും ജീവിതം തകര്‍ക്കാന്‍ പോലും ഇടയാകുന്നുണ്ട് വ്യാജ പോക്‌സോ പരാതികള്‍.

Published

|

Last Updated

പോക്‌സോ കേസന്വേഷണത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തെ 20 പോലീസ് ജില്ലയിലും ഡിവൈ എസ് പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്ത നിയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2019ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് നടപടി. പ്രത്യേക സംഘത്തിന്റെ രൂപവത്കരണത്തിന്റെ ഭാഗമായി ഏപ്രിലില്‍ പുതിയ 304 തസ്തിക സൃഷ്ടിച്ചിരുന്നു പോലീസില്‍. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനായി 2012ലെ ശിശുദിനത്തില്‍ ദേശീയതലത്തില്‍ നിലവില്‍ വന്നതാണ് പോക്‌സോ നിയമം (പ്രൊട്ടക്്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്്ഷ്വ ല്‍ ഒഫന്‍സസ്). മോശമായ രീതിയിലുള്ള പെരുമാറ്റം, അശ്ലീല വീഡിയോ നിര്‍മാണം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയില്‍ വരും. കര്‍ശനമാണ് ഇതിലെ വ്യവസ്ഥകള്‍. മറ്റു നിയമങ്ങളിലെ പോലെ കുറ്റം തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയെന്ന ആനുകൂല്യം പോക്‌സോ കേസ് പ്രതികള്‍ക്ക് ലഭിക്കുന്നില്ല.

നിയമം നിലവില്‍ വന്നിട്ട് 13 വര്‍ഷങ്ങളായെങ്കിലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ ഒട്ടും കുറവില്ലെന്നു മാത്രമല്ല, വര്‍ധിച്ചു വരികയുമാണ്. കേസില്‍ അകപ്പെട്ട് കോടതി വരാന്തകളില്‍ വര്‍ഷങ്ങളോളം കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നവര്‍ ധാരാളം. എങ്കിലും 2022ല്‍ പുറത്തുവന്ന കണക്ക് പ്രകാരം റിപോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ അഞ്ച് ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. 95.6 ശതമാനത്തിലും പ്രതികള്‍ രക്ഷപ്പെടുന്നു. കേസന്വേഷണത്തില്‍ അനുഭവപ്പെടുന്ന കാലതാമസവും ഇതിനെ തുടര്‍ന്ന് പ്രതികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം ലഭിക്കുന്നതുമാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഇവിടെയാണ് പുതിയ അന്വേഷണ സംഘത്തിന്റെ പ്രസക്തി.

അതേസമയം, അന്വേഷണത്തിന്റെ വേഗം വര്‍ധിപ്പിക്കുമ്പോള്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടാതിരിക്കാന്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. പോക്‌സോ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭിന്നതയെ ചൊല്ലി, സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍, അധ്യാപകനോടുള്ള വിദ്വേഷത്തിന്റെ പേരില്‍ തുടങ്ങി പല കാരണങ്ങളാലും ദുരുപയോഗപ്പെടുത്തുന്നുണ്ട് പോക്‌സോ നിയമം. മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ നാല് വയസ്സായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് പിതാവ് പോലീസില്‍ പരാതിപ്പെട്ടു. ഭാര്യാ സഹോദരന്‍ അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും പിതാവ് കുട്ടിയെ പ്രലോഭിപ്പിച്ച് ഭാര്യാസഹോദരനെതിരെ വ്യാജമൊഴി പറയിപ്പിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. ഭാര്യാ സഹോദരനോടുള്ള മറ്റെന്തോ വിരോധത്തിന്റെ പേരിലായിരുന്നു വ്യാജപരാതി. 2022ലാണ് സംഭവം.

ഈ വര്‍ഷമാദ്യം കിളിമാനൂര്‍ ആര്‍ ആര്‍ വി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരെ പോക്‌സോ പരാതി ഉയരുകയും അന്വേഷണ വിധേയമായി അദ്ദേഹത്തെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. അപവാദ പ്രചാരണത്തെ തുടര്‍ന്ന് പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പഠനം നിര്‍ത്തേണ്ടിയും വന്നു. അധ്യാപകര്‍ക്കിടയിലെ കുടിപ്പകയില്‍ അതേ സ്‌കൂളിലെ ഒരു അധ്യാപിക മെനഞ്ഞെടുത്ത വ്യാജ ആരോപണമായിരുന്നു ഇതെന്ന് പിന്നീട് ബോധ്യമായി. കോട്ടയം കടുത്തുരുത്തിയിലെ പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ഒരു അധ്യാപകനെതിരെ 2017ല്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനി നല്‍കിയ ലൈംഗിക പീഡന പരാതി വ്യാജമായിരുന്നുവെന്ന് അടുത്തിടെ വിദ്യാര്‍ഥി തന്നെ തുറന്നു പറഞ്ഞു. ചിലരുടെ പ്രേരണക്ക് വഴങ്ങിയാണ് വ്യാജ പരാതി നല്‍കിയതെന്ന് വ്യക്തമാക്കിയ വിദ്യാര്‍ഥിനി, ദേവാലയത്തിലെ പ്രാര്‍ഥനക്കിടെ അധ്യാപകനോടും കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു. സംസ്ഥാനത്ത് 88 അധ്യാപകര്‍ക്കെതിരെ പോക്‌സോ കേസ് നിലവിലുള്ളതായി കഴിഞ്ഞ മേയില്‍ വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നല്ലൊരു പങ്കും വ്യാജമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുട്ടിയുടെ സംരക്ഷണാവകാശം വിട്ടുകിട്ടാന്‍ പിതാവ് കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന പരാതികള്‍ കൂടി വരുന്നതായി 2019ല്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു സംഭവം 2020ല്‍ പത്തനംതിട്ടയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഭര്‍ത്താവ് മകളെ പീഡിപ്പിച്ചെന്ന് ഭാര്യ പരാതി നല്‍കി. പരാതി വ്യാജമാണെന്നു തെളിഞ്ഞതോടെ ഭാര്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. വയനാട് ആദിവാസി മേഖലകളില്‍ യുവാക്കള്‍ക്കെതിരെ ഉയരുന്ന പല കേസുകളും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗോത്രജീവിത രീതികള്‍ പിന്തുടരുന്ന ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സാധാരണമാണ് ബാലവിവാഹം. ഇപ്രകാരം വിവാഹം കഴിച്ചതിന്റെ പേരില്‍ നിരവധി ആദിവാസി യുവാക്കളാണ് ജയിലിലായത്. ഇതൊരു സാമൂഹിക പ്രശ്‌നമായി അവശേഷിക്കുകയാണ് ആദിവാസി മേഖലകളില്‍. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ധാരാളമായി ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട്്.

ബാലപീഡനം ഗുരുതര കുറ്റകൃത്യമാണെന്നതില്‍ രണ്ട് പക്ഷമില്ല. കുറ്റവാളികള്‍ നിയമ നടപടികള്‍ക്ക് വിധേയമാക്കപ്പെടുകയും വേണം. ഇതുപോലെ തന്നെ ഗുരുതരമാണ് പോക്‌സോ നിയമത്തിന്റെ ദുരുപയോഗവും നിരപരാധികള്‍ അപമാനിക്കപ്പെടുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്യുന്നതും. പലരുടെയും ജീവിതം തകര്‍ക്കാന്‍ പോലും ഇടയാകുന്നുണ്ട് വ്യാജ പോക്‌സോ പരാതികള്‍. കടുത്തുരുത്തിയിലെ പാരാമെഡിക്കല്‍ സ്ഥാപനത്തിലെ അധ്യാപകനെതിരെ ഉയര്‍ന്ന പരാതിയുടെ പിന്നാലെ പ്രസ്തുത സ്ഥാപനം പൂട്ടേണ്ടി വന്നു.

വര്‍ഷങ്ങളോളം കേസിന്റെ പിന്നാലെ പോകേണ്ടി വന്നതിനാല്‍ അദ്ദേഹവും കുടുംബവും പാപ്പരായി. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു പോയെന്നാണ് അധ്യാപകന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ബാലപീഡനവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തി സംഭവം സത്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കണം ആരോപണ വിധേയനെതിരെ നടപടി സ്വീകരിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അതീവ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ് ഇക്കാര്യത്തില്‍.

---- facebook comment plugin here -----

Latest