From the print
ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടല്‍; ഗുരുതര വീഴ്ച, അടിമുടി ദുരൂഹത
പൂര്‍ണ ആരോഗ്യവാനും അഭ്യാസിയുമായ ആളുകള്‍ക്ക് പോലും കൂറ്റന്‍ മതില്‍ കയറിമറിയുക അസാധ്യമാണെന്നിരിക്കെ, ഇടത് കൈപ്പത്തി നഷ്ടപ്പെട്ട ഗോവിന്ദച്ചാമിക്ക് ഇതെങ്ങെന സാധിച്ചുവെന്നത് അവിശ്വസനീയമാണ്.

കണ്ണൂര്‍ | സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടാനിടയായത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. ജയിലിനകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പൂര്‍ണ ആരോഗ്യവാനും അഭ്യാസിയുമായ ആളുകള്‍ക്ക് പോലും കൂറ്റന്‍ മതില്‍ കയറിമറിയുക അസാധ്യമാണെന്നിരിക്കെ, ഇടത് കൈപ്പത്തി നഷ്ടപ്പെട്ട ഗോവിന്ദച്ചാമിക്ക് ഇതെങ്ങെന സാധിച്ചുവെന്നത് അവിശ്വസനീയമാണ്.
വൈദ്യുതവേലി പ്രവര്‍ത്തിക്കാത്തത് ഗോവിന്ദച്ചാമി എങ്ങിനെ മനസ്സിലാക്കിയെന്നതും കണ്ടെത്തേണ്ടതുണ്ട്. ജയിലിനകത്ത് നിന്ന് സഹായം ലഭിച്ചതായാണ് പ്രാഥമിക നിഗമനം. ജയിലില്‍ നിരീക്ഷണ ക്യാമറകളും ഇത് നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരുമുണ്ടെങ്കിലും ജയില്‍ച്ചാട്ടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നത് വലിയ വീഴ്ചയാണ്. സെല്ലിന്റെ ഇരുന്പ് കന്പികള്‍ മുറിച്ചുമാറ്റാനുള്ള ഉപകരണം എങ്ങനെ ലഭിച്ചു, മുറിക്കല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് സാധ്യമല്ലെന്നിരിക്കെ ദിവസങ്ങളായുള്ള ഈ ശ്രമം ആരും കാണാതിരുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.
എല്ലാ ദിവസവും തടവുകാരെ നിരീക്ഷിക്കുന്നത് പോലെ സെല്ലും പരിസരവും സൂക്ഷ്മമായി പരിശോധിക്കണമെന്നാണ് ജയില്‍ നിയമം അനുശാസിക്കുന്നത്. എന്നാല്‍, ഗോവിന്ദച്ചാമിയുടെ സെല്ലില്‍ പരിശോധന ഉണ്ടായിരുന്നില്ലെന്നതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാത്രമല്ല, തടവിലിരിക്കെ തന്നെ ഇയാളെ പരിപാലിക്കുന്നതില്‍ ജയിലധികൃതര്‍ക്ക് അടിമുടിവീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊടും ക്രിമിനലിന് താടി നീട്ടിവളര്‍ത്താനടക്കം ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യമാണ് ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നത്. മാസത്തില്‍ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയില്‍ ഷേവ് ചെയ്യണം എന്നാണ് ചട്ടം. ജയിലില്‍ ശക്തമായ സുരക്ഷയാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അത്യാവശ്യം വേണ്ട സുരക്ഷപോലുമില്ലെന്നതാണ് വസ്്തുത. ജയില്‍ വളപ്പിലെ കൂറ്റന്‍ മതിലിന് മുകളില്‍ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഗോവിന്ദച്ചാമി രക്ഷപ്പെടാന്‍ തിരഞ്ഞെടുത്ത മതിലിന്റെ ഭാഗത്ത് കൂടി ഇതിന് മുന്പും തടവുകാര്‍ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിരീക്ഷണം ശക്തമാക്കാന്‍ നടപടി വേണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല.
15 വര്‍ഷം മുന്പ് ജയിലില്‍ കൂടുതല്‍ വാച്ച് ടവറുകള്‍ സ്ഥാപിച്ച് പാരാമിലിട്ടറി സൈനികരെ സുരക്ഷക്കായി നിയോഗിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം ഗോവിന്ദച്ചാമി പുറത്തേക്ക് കടന്ന മതിലിന്റെ ഭാഗത്തുള്‍പ്പടെ വാച്ച് ടവറുകളുടെ പ്രവൃത്തിയും ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല.
ഓരോഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കുമ്പോഴും ലഭിക്കേണ്ട പണം കുടിശ്ശികയായതിനെ തുടര്‍ന്ന് ഒടുവില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ പ്രവൃത്തിയും നിലച്ചു. ജയില്‍ തടവുകാരുടെ നിരീക്ഷണത്തിനായി സി സി ടി വി ക്യാമറകളുണ്ടെങ്കിലും ഇത് വേണ്ട രീതിയില്‍ നിരീക്ഷിക്കാന്‍ പോലും ജീവനക്കാര്‍ താത്പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.
സെന്‍ട്രല്‍ ജയിലില്‍ 1,060 തടവുകാരാണ് നിലവിലുള്ളത്. എന്നാല്‍, തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലെന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 150 അസ്സി. പ്രിസണ്‍ ഓഫീസര്‍മാര്‍ വേണ്ടിടത്ത് 130 പേര്‍ മാത്രമാണുള്ളത്. നിലവിലെ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്താണ് പലപ്പോഴും ജയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.