Kerala
രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ്: ഒരാള്‍ക്കുകൂടി വധശിക്ഷ
പത്താം പ്രതിയും പോപ്പുലര്‍ ഫ്രണ്ട്--എസ് ഡി പി ഐ പ്രവര്‍ത്തകനുമായ ആലപ്പുഴ പാലസ് വാര്‍ഡില്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസി (52)നെയാണ് ശിക്ഷിച്ചത്.

ആലപ്പുഴ | രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ക്കുകൂടി വധശിക്ഷ. പത്താം പ്രതിയും പോപ്പുലര്‍ ഫ്രണ്ട്–എസ് ഡി പി ഐ പ്രവര്‍ത്തകനുമായ ആലപ്പുഴ പാലസ് വാര്‍ഡില്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസി (52)നെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി 1 ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്.
ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഇതോടെ കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതുമാറി. 15 പ്രതികളും കുറ്റക്കാരാണെന്ന് 2024 ജനുവരി 20ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാംഘട്ടം വിചാരണ പൂര്‍ത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തില്‍ നവാസ് അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നതിനാല്‍ ഇയാളുടെ വിധി അന്ന് പറഞ്ഞിരുന്നില്ല. ഇന്ന് വീഡിയോ കോള്‍ വഴിയാണ് ഇയാളെ കോടതി മുമ്പാകെ ഹാജരാക്കിയത്.
2021 ഡിസംബര്‍ 18ന് രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ ആര്‍ എസ്എസുകാര്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ ഡി വൈ എസ്പിയായിരുന്ന എന്‍ ആര്‍ ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കല്‍ ഹാജരായി.