Articles
ധര്‍മസ്ഥലയിലെ ക്രൂര അധര്‍മങ്ങള്‍
പതിറ്റാണ്ടുകളായി നാട്ടുകാര്‍ തമ്മില്‍ കൈമാറിയ നിശബ്ദതക്കും അടക്കിപ്പിടിച്ച വാക്കുകള്‍ക്കും തെളിമയും തെളിച്ചവും കൂടി വരികയാണ്. ദക്ഷിണ കന്നഡയിലെ പ്രസിദ്ധമായ ശ്രീ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ധര്‍മസ്ഥല ഹൈന്ദവ വിശ്വാസികളുടെ പുണ്യ സ്ഥലമാണ്. വിവിധ ദിക്കുകളില്‍ നിന്ന് പാപമോചനം തേടി ഭക്തര്‍ കൂട്ടംകൂട്ടമായി ചെന്നിരുന്ന ധര്‍മസ്ഥല അധര്‍മത്തിന്റെയും നിഗൂഢതയുടെയും സ്ഥലപ്പേരായി മാറുകയാണ്.

കരകവിഞ്ഞൊഴുകുന്ന നേത്രാവതിയിലും ദക്ഷിണ കന്നഡയിലെ പശ്ചിമഘട്ട കാടുകളിലും മലഞ്ചെരുവുകളിലും ഇടക്കിടെ കാണപ്പെട്ടിരുന്ന മൃതദേഹങ്ങള്‍ക്കും ശാരീരിക അവയവങ്ങള്‍ക്കും പിന്നില്‍ വന്‍ നിഗൂഢത ഉണ്ടെന്ന് വ്യക്തമാകുകയാണ്. പതിറ്റാണ്ടുകളായി നാട്ടുകാര്‍ തമ്മില്‍ കൈമാറിയ നിശബ്ദതക്കും അടക്കിപ്പിടിച്ച വാക്കുകള്‍ക്കും തെളിമയും തെളിച്ചവും കൂടി വരികയാണ്. ദക്ഷിണ കന്നഡയിലെ പ്രസിദ്ധമായ ശ്രീ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ധര്‍മസ്ഥല ഹൈന്ദവ വിശ്വാസികളുടെ പുണ്യ സ്ഥലമാണ്. വിവിധ ദിക്കുകളില്‍ നിന്ന് പാപമോചനം തേടി ഭക്തര്‍ കൂട്ടംകൂട്ടമായി ചെന്നിരുന്ന ധര്‍മസ്ഥല അധര്‍മത്തിന്റെയും നിഗൂഢതയുടെയും സ്ഥലപ്പേരായി മാറുകയാണ്. ഈ ദുഷ്പേരുണ്ടാക്കിയവരില്‍ ക്ഷേത്ര അധികൃതരില്‍ ചിലര്‍ക്കും പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ക്ഷേത്രദര്‍ശനത്തിനും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനും എത്തിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായ സംഭവങ്ങളെക്കുറിച്ച് ജനങ്ങള്‍ നേരത്തേ കേട്ടിരുന്നു. എന്നാല്‍ അത്തരം പരാതികള്‍ പോലീസ് ഗൗരവമായി കണ്ടിരുന്നില്ല. പോലീസിന്റെ ഈ നിസംഗതക്കു പിന്നില്‍ ചിലരുടെ ഇടപെടലുകളാണെന്ന ആരോപണമുണ്ടായിരുന്നു.
മൂന്ന് പതിറ്റാണ്ടുകളായി കുറ്റബോധത്താല്‍, ഉണ്ണാതെ ഉറങ്ങാതെ, ഭയം മൂലം നഗരങ്ങള്‍ മാറി മാറി താമസിച്ച 48 കാരനായ ദളിത് മധ്യവയസ്‌കന്‍ എല്ലാം തുറന്നു പറയാന്‍ തയ്യാറായതോടെ ഭക്തിയുടെയും അധികാര രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും തണലില്‍ ഒളിച്ചുവെച്ച ആ രഹസ്യം ഒന്നൊന്നായി പുറത്തുവരികയാണ്. സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞ അദ്ദേഹം ധര്‍മസ്ഥലയില്‍ നിന്ന് 2014ല്‍ ഒളിച്ചോടുകയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ ഒളിവ് വാസം അവസാനിപ്പിച്ച് പുറത്തുവന്ന അദ്ദേഹം കുറ്റബോധത്തില്‍ നിന്നുള്ള മുക്തി ഉദ്ദേശിച്ചാണ് പോലീസിനെയും കോടതിയെയും സമീപിച്ചത്. ഇന്ത്യന്‍ സിവില്‍ സെക്യൂരിറ്റി കോഡിന്റെ (ബി എന്‍ എസ് എസ്) സെക്്ഷന്‍ 183 പ്രകാരം ബല്‍ത്തങ്ങാടി മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തനിക്കും കുടുംബത്തിനും പൂര്‍ണ സംരക്ഷണം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് അദ്ദേഹം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
1995ല്‍ ധര്‍മസ്ഥല ക്ഷേത്രത്തിലെ ശുചിത്വ തൊഴിലാളിയായി ചേര്‍ന്നതു മുതല്‍ സാക്ഷ്യം വഹിച്ച അരുതായ്മകളെ കുറിച്ച് എല്ലാം അദ്ദേഹം മജിസ്ട്രേറ്റിന് മുമ്പില്‍ തുറന്നു പറഞ്ഞു. ചില കുഴിമാടങ്ങള്‍ തുറന്ന് തലയോട്ടിയും അസ്ഥികളും അധികൃതര്‍ക്ക് കാട്ടിക്കൊടുത്തു. 1995നും 2014നും ഇടയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും നാനൂറിലേറെ മൃതദേഹങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അടക്കം ചെയ്തതായി അദ്ദേഹം പോലീസിനോട് തുറന്നു പറഞ്ഞു. ഇതോടെയാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ലോകമറിഞ്ഞത്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ 1995 മുതലുള്ള ക്രൂരതയെ കുറിച്ചായിരുന്നു. എന്നാല്‍ അതിനു മുമ്പേ ധര്‍മസ്ഥലയില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 40 കൊല്ലം മുമ്പ് കൊല്ലപ്പെട്ട യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ സഹോദരി ഇപ്പോള്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് പ്രതിവര്‍ഷം 100 സ്ത്രീകളെങ്കിലും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്യുന്നുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പ് ബെല്ലാരിയില്‍ നിന്നുള്ള എം പി. വി എസ് ഉഗ്രപ്പ വെളിപ്പെടുത്തിയിരുന്നു.
ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കാനും കേസെടുക്കാനും കര്‍ണാടക സര്‍ക്കാറും പോലീസും തുടക്കത്തില്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരും വനിതാ സംഘടനകളും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങി സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘ(എസ് ഐ ടി)ത്തെ നിയമിച്ചിരിക്കുകയാണ്. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി ജി പി പ്രണബ് മൊഹന്തിയാണ് അന്വേഷണ തലവന്‍. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിച്ചിരുന്ന റിക്രൂട്ട്മെന്റ് ഡി ഐ ജി. എം എന്‍ അനുചേത, ബെംഗളൂരു സിറ്റി ആന്‍ഡ് റിസര്‍വ് ആസ്ഥാനത്തെ ഡി സി പി സൗമ്യ ലത, ബെംഗളൂരു എസ് പി ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍.
ജോലിയുടെ തുടക്കത്തില്‍ നദിക്കരയോട് ചേര്‍ന്ന് മൃതദേഹങ്ങള്‍ ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി പരാതിയില്‍ പറയുന്നു. അവയില്‍ അധികവും സ്ത്രീകളുടേതായിരുന്നു. ചില മൃതദേഹങ്ങള്‍ പൂര്‍ണ നഗ്നമായിരുന്നു. മറ്റു ചിലത് അടിവസ്ത്രങ്ങളില്ലാത്തവയും. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണാമായിരുന്നു. ഇക്കാര്യം സൂപര്‍വൈസര്‍മാരെ അറിയിച്ചപ്പോള്‍ സംഭവം പുറത്തറിയിച്ചാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഭയംകാരണം പിന്നീട് അവരെ അനുസരിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നാണ് അദ്ദേഹം പറയുന്നത്.
പോലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ പരാതിയിലെ ചില വരികള്‍ ഇങ്ങനെ വായിക്കാം, ‘2010ല്‍ നടന്ന ഒരു സംഭവം ഇപ്പോഴും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. കലൈരിയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്ക് ക്ഷേത്രത്തിലെ ഗാര്‍ഡുകള്‍ എന്നെ കൊണ്ടുപോയി. അവിടെ ഒരു കൗമാരക്കാരിയുടെ മൃതദേഹം കണ്ടു. അവള്‍ക്ക് 12നും 15നും ഇടയില്‍ പ്രായം കാണും. അവളുടെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ പാടുകള്‍ ഉണ്ടായിരുന്നു. കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകളും കാണാമായിരുന്നു. കുഴിയെടുത്ത് അവളെയും അവളുടെ സ്‌കൂള്‍ ബാഗും കുഴിച്ചിടാന്‍ എന്നോട് ആവശ്യപ്പെട്ടു. ആ രംഗം ഇപ്പോഴും എന്റെ കണ്ണുകളില്‍ മായാതെ നില്‍ക്കുകയാണ്.’
പുരുഷന്മാരെ കൊലപ്പെടുത്തിയ രീതി അങ്ങേയറ്റം ക്രൂരമായിരുന്നെന്ന് എഫ് ഐ ആറില്‍ പറയുന്നു. ‘അവരെ ഒരു മുറിയില്‍ കസേരകളില്‍ കെട്ടിയിട്ട് വായില്‍ തൂവാലകള്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു രീതി. കൊല്ലപ്പെട്ട പുരുഷന്മാര്‍ അധികവും ഇവരുടെ അക്രമങ്ങള്‍ക്ക് ദൃക്സാക്ഷികളായവരായിരുന്നു. ചില മൃതദേഹങ്ങളില്‍ ഡീസല്‍ ഒഴിക്കാന്‍ എന്നോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് തെളിവുകളൊന്നും അവശേഷിക്കാതിരിക്കാന്‍ അവ കത്തിക്കാന്‍ ഉത്തരവുകള്‍ വരും. നൂറിലേറെ മൃതദേഹങ്ങള്‍ ഈ രീതിയില്‍ സംസ്‌കരിച്ചിട്ടുണ്ട്.’
രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകളുണ്ടായിട്ടും കര്‍ണാടകയിലെ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും അറിഞ്ഞഭാവത്തിലല്ല. സംഭവം റിപോര്‍ട്ട് ചെയ്ത ചില ഓണ്‍ലൈന്‍ മീഡിയകളെ കോടതി കയറ്റി പൂട്ടിച്ചിരിക്കുകയാണ്. ക്ഷേത്രനഗരിയില്‍ നടന്ന പൈശാചിക സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ധര്‍മസ്ഥല ക്ഷേത്ര രക്ഷാധികാരി ഡി വീരേന്ദ്ര ഹെഗ്ഡെയുടെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാര്‍ അപകീര്‍ത്തി ആരോപിച്ചു നല്‍കിയ പരാതിയെ തുടര്‍ന്ന് ബെംഗളൂരു ഹൈക്കോടതി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ ലിങ്കുകള്‍ യൂട്യൂബില്‍ നിന്ന് പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ തൂപ്പുകാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് എഴുതിത്തള്ളിയ, ഈ മേഖലയില്‍ നടന്ന ചില കൊലപാതക കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി ഉള്‍പ്പെടെയുള്ള ബന്ധുക്കളില്‍ ചിലര്‍ വീണ്ടും പോലീസിനെ സമീപിച്ചിരിക്കുകയാണ്.
1986ല്‍ ധര്‍മസ്ഥലയിലെ ബൊല്യരു ഗ്രാമത്തിലെ കോളജ് വിദ്യാര്‍ഥിനിയായ പത്മലതയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഒരു ആവശ്യം. ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്മലതയുടെ മൃതദേഹം 56 ദിവസങ്ങള്‍ക്ക് ശേഷം നേത്രാവതി നദിയില്‍ നിന്ന് കൈയും കാലും ബന്ധിക്കപ്പെട്ട് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കൊലപാതകം പീഡനത്തെ തുടര്‍ന്നാണെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങള്‍ നടത്തിയ പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. പത്മലതയുടെ സഹോദരി ചന്ദ്രാവതി ധര്‍മസ്ഥല കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് തന്റെ സഹോദരിയുടെ കൊലപാതകവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
പിതാവിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് സ്വദേശി അനീഷ് ജോയിയും പരാതി നല്‍കിയിട്ടുണ്ട്. 2018ലാണ് അനീഷിന്റെ പിതാവ് കെ ജെ ജോയി ധര്‍മസ്ഥലയില്‍ വെച്ച് ഒരു വാഹനാപകടത്തില്‍ മരണപ്പെടുന്നത്. പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം മനപ്പൂര്‍വമാണെന്നാണ് അനീഷിന്റെ ആരോപണം. ജോയിയുടെ ഉടമസ്ഥതയില്‍ ധര്‍മസ്ഥലയിലുള്ള ഭൂമി കൈക്കലാക്കാന്‍ ധര്‍മസ്ഥല ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഡെക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹായി സുഭാഷ് ചന്ദ്ര ജെയിന്‍ എന്നയാള്‍ തന്റെ പിതാവിനെ പലതവണ ഭീഷണിപ്പെടുത്തിയതായി അനീഷ് പരാതിയില്‍ പറയുന്നു.
മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ഥിനി അനന്യ കൊല്ലപ്പെടുന്നത് 2003ലാണ്. കോളജില്‍ നിന്ന് ധര്‍മസ്ഥലയില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന അനന്യയെ കാണാതാകുകയായിരുന്നു. അനന്യയും കൊല്ലപ്പെട്ടിരിക്കാം എന്നാണ് മാതാവ് സുജാതാ ഭട്ട് കരുതുന്നത്. അനന്യയുടെ മാതാവ് സുജാതാ ഭട്ട് സി ബി ഐയുടെ കൊല്‍ക്കത്ത ഓഫീസിലെ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. തന്റെ പോലീസ് ബന്ധങ്ങള്‍ മകളെ കണ്ടെത്താന്‍ സുജാതാ ഭട്ടിന് സഹായകമായില്ല. മകളുടെ ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിരുന്നുവെങ്കില്‍ മരണാനന്തര ചടങ്ങുകള്‍ നടത്താം എന്നാണ് അവര്‍ പോലീസിന് മുമ്പില്‍ ഉന്നയിക്കുന്ന ആവശ്യം. ധര്‍മസ്ഥല ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള എസ് ഡി എം കോളജിലെ വിദ്യാര്‍ഥിയായ സൗജന്യയുടെ മരണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
2012 ഒക്ടോബറിലാണ് സൗജന്യ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെടുന്നത്. ധര്‍മസ്ഥല ട്രസ്റ്റ് ജീവനക്കാരനായ സന്തോഷ് റാവുവിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് വലിയ വിവാദം സൃഷ്ടിച്ച കേസായിരുന്നു അത്. ബെല്ലാരി എം പി. വി എസ് ഉഗ്രപ്പയുടെ നേതൃത്വത്തില്‍ ആക്്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ സന്തോഷ് റാവുവിനെ കോടതി വിട്ടയക്കുകയായിരുന്നു. സൗജന്യയുടെ കൊലയാളികളെ കണ്ടെത്തുന്നതിനോടൊപ്പം കൊലയാളികള്‍ക്ക് സഹായകമായ നിലപാട് സ്വീകരിച്ച അന്നത്തെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും കേസെടുത്താല്‍ ദക്ഷിണ കന്നഡയിലെ ദുരൂഹ കൊലപാതകങ്ങളുടെ ചുരുളഴിയാന്‍ സാധ്യതയുണ്ട്. ഉഗ്രപ്പ എം പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആക്്ഷന്‍ കമ്മിറ്റി ദക്ഷിണ കന്നഡയിലെ സ്ത്രീകളുടെ ദുരൂഹ കൊലപാതകങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ അന്ന് പുറത്തിറക്കിയിരുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് 100 സ്ത്രീകളുടെ അസ്വാഭാവിക മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു എന്നായിരുന്നു കണക്ക്. ഇതുസംബന്ധിച്ച് കമ്മിറ്റി 2017 ജനുവരി 23ന് അന്നത്തെ അഡീഷനല്‍ പോലീസ് സൂപ്രണ്ട് മുമ്പാകെ മൊഴി നല്‍കുകയുണ്ടായി. അതുവരെ ജില്ലയില്‍ 402 സ്ത്രീകളെ കാണാതായ കേസുകളും 106 ബലാത്സംഗ കേസുകളും പോലീസില്‍ രേഖപ്പെടുത്തിയിരുന്നു. പക്ഷേ തുടര്‍ നടപടികള്‍ ഉണ്ടായില്ല.