From the print
ഗവര്‍ണര്‍ക്ക് എതിരെയുള്ള ഹരജി പിന്‍വലിക്കാന്‍ അനുമതി
ഹരജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂഡല്‍ഹി | നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹരജികള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഹരജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹരജി പിന്‍വലിക്കാന്‍ കേരളം ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ചു. എന്നാല്‍, തമിഴ്നാട് സര്‍ക്കാറിന്റെ കേസില്‍ ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നടപടിയെടുക്കേണ്ട സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി വിശദീകരണം തേടി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം കേരളത്തിന്റെ ഹരജിയും ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിര്‍ദേശിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
സര്‍വകലാശാലകളെയും സഹകരണ സംഘങ്ങളെയും സംബന്ധിച്ച നിയമ ഭേദഗതി ബില്ലുകള്‍ തീരുമാനമെടുക്കാതെ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് 2023ലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാനുള്ള സമയം മൂന്ന് മാസമായി നിശ്ചയിച്ചു കൊണ്ടുള്ള തമിഴ്നാട് കേസിലെ വിധിക്ക് പിന്നാലെ ഇത് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.