Articles
സമ്പാദിക്കുക, നിക്ഷേപിക്കുക

ഓരോരുത്തരും സാമ്പത്തികമായി സ്വാശ്രയമാകാനുള്ള നിർദേശങ്ങളാണ് നബി തങ്ങൾ സമ്മാനിച്ചത്. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവ തുടച്ചുനീക്കാനുള്ള പദ്ധതികൾ പരിചയപ്പെടുത്തുകയും ചെയ്തു. തൊഴിലില്ലാതെ നടക്കുന്നവർക്ക് തൊഴിൽ നൽകി. തൊഴിലെടുക്കാൻ മടി കാണിച്ചവർക്ക് ശക്തമായ താക്കീതും ഉപദേശവും നൽകി. ഓരോ തൊഴിലിന്റെയും മഹത്വം വിളംബരപ്പെടുത്തി. ലോകം ഭരിച്ച സുലൈമാൻ നബിയുടെ (അ) പിതാവ് ദാവൂദ് നബി (അ) വരെ ജോലിചെയ്തായിരുന്നു ജീവിച്ചിരുന്നതെന്നും സ്വന്തം പണം കൊണ്ട് ഭക്ഷണം കഴിക്കണമെന്നും ഉണർത്തി. ആരെയും ആശ്രയിക്കരുത്. പരമാവധി തൊഴിലെടുക്കുക; എന്നിട്ട് മാന്യമായി ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുക. തൊഴിലിനെ ആരാധനയായി പരിചയപ്പെടുത്തി അവിടുന്ന്.
സമ്പാദിക്കുക വളരെ പുണ്യമുള്ള കാര്യമായാണ് മുഹമ്മദ് നബി പഠിപ്പിച്ചത് എന്നർഥം. തനിക്ക് വേണ്ടി മാത്രമല്ല സമ്പാദിക്കേണ്ടത്, അടുത്ത തലമുറക്ക് കൂടി സമ്പാദിക്കണം. സമ്പാദിച്ചത് ഇൻവെസ്റ്റ് ചെയ്ത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന നിർദേശവും നബി (സ) മുന്നോട്ട് വെച്ചു. ലോകത്തിലെ ഏറ്റവും പുണ്യമുള്ള ജോലിയായി കച്ചവടത്തെയും കൃഷിയെയും പരിചയപ്പെടുത്താനുള്ള ഒരു കാരണവും ഇതായിരുന്നു. അറബികൾ കച്ചവടക്കാരായി മാറിയതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെ-കൈയിലുള്ള പണം ഇൻവെസ്റ്റ് ചെയ്യുക.
സഅദ് (റ) ഒരിക്കൽ നബി (സ്വ) യോട് ചോദിച്ചു: “എനിക്ക് ഒരു പെൺകുട്ടി മാത്രമാണുള്ളത്. എന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ഞാൻ സ്വദഖ നൽകട്ടെ? നബി (സ്വ) സമ്മതിച്ചില്ല. എങ്കിൽ പകുതി നൽകട്ടെ എന്ന് ചോദിച്ചു. അതും വേണ്ട എന്നായിരുന്നു മറുപടി. അവിടുന്ന് പറഞ്ഞു: മൂന്നിൽ ഒന്നുതന്നെ ധാരാളമാണ്. നിങ്ങൾ നിങ്ങളുടെ അനന്തിരവരെ ഐശ്വര്യമുള്ളവരായി വിട്ടേച്ചുപോകുന്നതാണ് അവരെ ജനങ്ങളിലേക്ക് ആശ്രയമുള്ളവരാക്കി മാറ്റുന്നതിനേക്കാൾ നല്ലത്. നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് നൽകുന്ന ഓരോ ചിലവും സ്വദഖയാണ്. ഭാര്യയുടെ വായിൽ നൽകുന്നതു പോലും’
ഒരിക്കൽ പ്രവാചകരുടെയടുത്ത് ചില മുഹാജിറുകൾ വന്നു പറഞ്ഞു. അൻസ്വാറുകൾ ഞങ്ങളെക്കാൾ ഉശാറായി. അവരും ഞങ്ങളും നിസ്‌കരിക്കുന്നു, നോമ്പ് നോൽക്കുന്നു. പക്ഷെ അവർ മാത്രം സ്വദഖ നൽകുകയും അടിമ മോചനം നൽകുകയും ചെയ്യുന്നു. ഞങ്ങൾക്ക് പണമില്ലാത്തതുകൊണ്ട് അത് സാധ്യമാകുന്നില്ല. ഉടനെ നബി (സ) എല്ലാ ഫർള് നിസ്‌കാര ശേഷവും മുപ്പത്തിമൂന്നു പ്രാവശ്യം സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്ന് ചൊല്ലാൻ നിർദേശം നൽകി. ഇതറിഞ്ഞ അൻസ്വാറുകളും ഈ ദിക്‌റുകൾ ചൊല്ലാൻ തുടങ്ങി. പരാതിയുമായി വീണ്ടും മുഹാജിറുകൾ പ്രവാചകരുടെയടുത്ത് വന്നപ്പോൾ അവിടുന്ന് പറഞ്ഞു: അത്-സമ്പത്ത്- അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവൻ ഉദ്ദേശിച്ചവർക്ക് അവനത് നൽകും”
ലോകത്ത് ജീവിക്കാൻ ഏറ്റവും കൂടുതൽ ആവശ്യമായുള്ളത് സാമ്പത്തിക ക്ഷമതയാണ്. പിന്നെ ആരോഗ്യ ക്ഷമതയും സാമൂഹിക ക്ഷമതയും. ആയിരക്കണക്കിന് വചനങ്ങളിലൂടെ ഇത് സമൂഹത്തിനു കൈമാറിയ നേതാവാണ് മുഹമ്മദ് നബി (സ).